കോവിഡ് വാക്‌സിന്‍ ഇടവേള: ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

 
Kerala high Court

കോവിഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേളയുടെ കാര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള 84 ദിവസമായി നിശ്ചയിച്ചിരിക്കുന്നത് ശാസ്ത്രീയ പഠനങ്ങളുടേയും വിദഗ്ധാഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. കോവിഷീല്‍ഡ് വാക്‌സിനുള്ള 84 ദിവസത്തെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 

പണം മുടക്കി വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഇടവേളയുടെ കാര്യത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശം നല്‍കിക്കൂടേ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ലഭ്യതക്കുറവാണോ ശാസ്ത്രീയമായ ഏതെങ്കിലും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണോ വാക്‌സിന്‍ ഇടവേളകള്‍ നിശ്ചയിച്ചതെന്ന കാര്യം വ്യക്തമാക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേന്ദ്ര രേഖാമൂലം മറുപടി നല്‍കിയത്.

രാജ്യത്തിനകത്ത് കോവിഡ് വാക്‌സിന്‍ ഇടവേളകളില്‍ മാറ്റം വരുത്താന്‍ കഴിയില്ല. വിദേശത്ത് പോകുന്ന വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, കായിക താരങ്ങള്‍, തുടങ്ങിയവര്‍ക്കു മാത്രമാണ് ഇളവ് നല്‍കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഈ വിഭാഗത്തിന് ഇളവ് നല്‍കുന്നത്. രാജ്യത്തിനകത്തുള്ള തൊഴില്‍ മേഖലകളില്‍ അടക്കമുള്ളവര്‍ക്ക് ഇളവ് നല്‍കാന്‍ കഴിയില്ല.