കൗമാരക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍; പരീക്ഷണാനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

 
JJ Vaccine
ഒറ്റഡോസ് വാക്‌സിന്‍ 85 ശതമാനത്തോളം ഫലപ്രദം

ഇന്ത്യയില്‍ കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. 12-17 പ്രായക്കാരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുന്നതിനാണ് കമ്പനി അനുമതി തേടിയിരിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും യുഎസ് ഫാര്‍മ കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. 

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റേത് ഒറ്റഡോസ് വാക്‌സിനാണ്. കോവിഡിനെതിരെ 85 ശതമാനത്തോളം ഫലപ്രദമാണ്. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുള്ള ഏക ഒറ്റഡോസ് വാക്‌സിന്‍ കൂടിയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റേത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ ലിമിറ്റഡുമായാണ് വാക്‌സിന്‍ വിതരണത്തിന് കമ്പനി ധാരണയായിട്ടുള്ളത്. 

നിലവില്‍ അഞ്ച് കോവിഡ് വാക്സിനുകള്‍ക്കാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിട്ടുള്ളത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക് വി, മോഡേണ എന്നിവയാണ് ഇന്ത്യ അംഗീകരിച്ച വാക്സിനുകള്‍.