കോവിഡ് ബാധിതര്‍ കുറയുന്നു; 25,467 പുതിയ രോഗികള്‍, സജീവ രോഗികള്‍ ഒരു ശതമാനത്തില്‍ താഴെ

 
covid

രോഗമുക്തി നിരക്ക് 97.68 ശതമാനമായി ഉയര്‍ന്നു

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 25,467 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 354 പേര്‍ രോഗബാധിതരായി മരിച്ചു. 39,486 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 3,24,74,773 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,17,20,112 പേര്‍ രോഗമുക്തരായി. 4,35,110 പേര്‍ രോഗബാധിതരായി മരിച്ചു. നിലവില്‍ 3,19,551 പേരാണ് ചികിത്സയിലുള്ളത്. 156 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സജീവ രോഗികളുടെ എണ്ണത്തില്‍ 14,373 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്.  
 
കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.68 ശതമാനമാണ് രോഗമുക്തി നിരക്ക്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആകെ രോഗബാധിതരുടെ 0.98 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.55 ശതമാനമായി കുറഞ്ഞു. 29 ദിവസമായി മൂന്നില്‍ താഴെയാണ് പ്രതിദിന ടിപിആര്‍. പ്രതിവാര ടിപിആര്‍ 60 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 1.90 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 50.93 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്സിനേഷന്റെ ഭാഗമായി 58.89 കോടി ഡോസ് വാക്സിനാണ് നല്‍കിയത്.

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 13,383 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 38,27,688. ഇവരില്‍ 36,53,008 പേര്‍ രോഗമുക്തരായി. ആകെ മരണം 19,584 ആയി. 1,55,096 പേരാണ് ഇനി ചികിത്സയിലുള്ളത്.