നടന്നത് ആസൂത്രിത കൊലപാതകം: ലഖിംപുര്‍ ഖേരിയിലെ ദൃശ്യങ്ങള്‍ കാണിച്ച് കര്‍ഷകര്‍ ആരോപിക്കുന്നു

 
Lakhimpur Kheri

ആരോപണ വിധേയനായ കേന്ദ്രമന്ത്രിയെ എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്ന് പ്രിയങ്ക

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും ഉപമുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാല്‍, കരിങ്കൊടി പ്രതിഷേധം നടത്തുകയായിരുന്നു കര്‍ഷകരുടെ ലക്ഷ്യം. അതിനായി, അവര്‍ വന്നിറങ്ങുന്ന ഹെലിപാഡിന് അടുത്തുള്ള സ്ഥലത്ത് രാവിലെതന്നെ കര്‍ഷകര്‍ ഒത്തുചേര്‍ന്നു. എന്നാല്‍, എന്നാല്‍, മന്ത്രിമാര്‍ ഹെലികോപ്റ്റര്‍ ഒഴിവാക്കി റോഡുമാര്‍ഗം സ്ഥലത്തെത്തി. പൊലീസ് ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് ഉച്ച കഴിഞ്ഞ് മൂന്നോടെ കര്‍ഷകര്‍ പിരിഞ്ഞുപോകാന്‍ തീരുമാനിച്ചു. അതിനിടെയാണ് മൂന്ന് വലിയ എസ്‌യുവികള്‍ പിന്നിലൂടെ കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുവന്നത്. റോഡില്‍ ഇരുന്നവരെയും നടക്കുന്നവരെയും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വാഹനങ്ങള്‍ ഇരച്ചെത്തിയത്. വാഹനങ്ങള്‍ പലരെയും ഇടിച്ചുവീഴ്ത്തി. അതോടെ, കര്‍ഷകര്‍ പ്രതോപിതരായി. വാഹനങ്ങളിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. സായുധരായ പൊലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നു ഇതെല്ലാം -ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് കര്‍ഷകര്‍ മാധ്യമങ്ങളോട് പറഞ്ഞതിന്റെ ചുരുക്കമാണിത്. 

എന്നാല്‍, അതിനപ്പുറം ചില കാര്യങ്ങള്‍ കൂടി കര്‍ഷകര്‍ പങ്കുവെക്കുന്നു. അക്രമത്തില്‍ കൊല്ലപ്പെട്ട ഗുര്‍വീന്ദര്‍ സിംഗിന്റെ ബന്ധുവായ ഗുരുസാഹബ് സിംഗാണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു വെളിപ്പെടുത്തലും ആരോപണവും ഉന്നയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 25ന് പാലിയ പ്രദേശത്തുവെച്ച് കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്കുനേരെ സിഖ് കര്‍ഷകര്‍ കരിങ്കൊടി വീശിയിരുന്നു. ഇതിനെല്ലാം പാഠം പഠിപ്പിക്കുമെന്നായിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചത്. അത് ചെയ്യാനുള്ള ധൈര്യം അവര്‍ക്കുണ്ടായിരിക്കുന്നു. ഇന്നലെ സംഭവിച്ചത് ആസൂത്രിത കൊലപാതകമാണ്. ഗുരുസാഹബ് സിംഗ് ഉറപ്പിച്ചു പറയുന്നു. 

കര്‍ഷകരുടെ വാക്കുകള്‍ ശരിവെക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍. മുദ്രാവാക്യം വിളിച്ചുനീങ്ങുന്ന കര്‍ഷകാരുടെ ഇടയിലേക്ക് പിന്നില്‍നിന്നും വാഹനം ഓടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ ആധികാരികത പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കര്‍ഷകര്‍ തങ്ങളുടെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും കൂട്ടാളികളുമാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എന്നാല്‍, മന്ത്രിയും മകനും ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുപോലും ഇല്ലായിരുന്നുവെന്നാണ് ആശിഷിന്റെ വാദം. എന്നിരുന്നാലും ആശിഷിനെതിരെ കേസെടുത്തിട്ടുണ്ട്.

കര്‍ഷകരുടെ ആരോപണം കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിക്കുന്നുണ്ട്. സമരക്കാര്‍ക്കുനേരെ വാഹനം ഓടിച്ചുകയറ്റുന്ന വീഡിയോ ട്വീറ്റ് ചെയ്ത പ്രിയങ്ക ഗാന്ധി, ആരോപണ വിധേയനായ കേന്ദ്രമന്ത്രിയെ എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്നാണ് പ്രധാനമന്ത്രിയോട് ചോദിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് വാഹനം ഓടിച്ചുകയറ്റിയയാളെ അറസ്റ്റ് ചെയ്യാത്തത്? സംഭവത്തെക്കുറിച്ച് ഇതുവരെ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ സന്ദര്‍ശിക്കാന്‍ പോയ തന്നെ 28 മണിക്കൂറിലേറെയായി അനധികൃതമായി തടഞ്ഞുവച്ചിരിക്കുകയാണ്. എഫ്‌ഐആറോ ഉത്തരവോ ഒന്നുമില്ലാതെയാണ് നടപടിയെന്നും പ്രയങ്ക ട്വിറ്ററില്‍ പറഞ്ഞു. 

അതിനിടെ, സംഭവത്തില്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 45 ലക്ഷം രൂപയും വീട്ടിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും ഉറപ്പുനല്‍കി. കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. 

അക്രമത്തില്‍ നാല് കര്‍ഷകരും രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നക്ഷത്ര സിംഗ്, ദില്‍ജീത്ത് സിംഗ്, ലവ്പ്രീത് സിംഗ്, ഗുര്‍വിന്ദര്‍ സിംഗ് എന്നിവരാണ് മരിച്ച കര്‍ഷകര്‍. ആര്‍ക്കും വെടിയേറ്റിട്ടില്ല. 19കാരനായ ലവ് പ്രീത് സിംഗിന്റെ ശരീരത്തില്‍ വലിച്ചിഴയ്ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മുറിവുകളാണുള്ളത്. വാഹനത്തിലുണ്ടായിരുന്ന നാലുപേരും ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനുമാണ് മരിച്ച മറ്റുള്ളവര്‍.