ലഖിംപുര്‍ ഖേരി അക്രമം: മരണം ഒമ്പതായി, കര്‍ഷകരുടെ ആവശ്യം എന്താണ് ? 

 
d

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ ഞായറാഴ്ച നടന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ എട്ട് പേര്‍ മരിച്ചതിനെ തുടര്‍ന്ന് കര്‍ഷക സംഘടനകള്‍ സംസ്ഥാന ആഭ്യന്തര മന്ത്രി അജയ് കുമാര്‍ മിശ്ര ടെനിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിലാണ്. സംഭവത്തില്‍ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പതായി. ലഖിംപുരിലേക്കുള്ള യാത്ര തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധിച്ച എസ്പി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  മൂന്ന് കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരെ കാര്‍ ഇടിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ അക്രമത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയായിരുന്നു. വാഹനത്തില്‍ ഇടിച്ച് നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടതായും വാഹനങ്ങളിലൊന്നില്‍ സഞ്ചരിച്ചിരുന്ന മറ്റ് നാല് പേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായും അവര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രദേശം സന്ദര്‍ശിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ ഉപമുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് റോഡ് ഉപരോധിച്ചു. ബിജെപി പ്രവര്‍ത്തകരുടേതെന്ന് പറയുന്ന  രണ്ട് എസ്യുവികള്‍ തട്ടിയതിന് ശേഷം അവര്‍ പ്രകോപിതരായി, നിരവധി കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവങ്ങള്‍ക്ക് കാരണം കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് ടെനിയുടെ വാഹനവ്യൂഹമാണെന്ന് അവകാശപ്പെട്ട് കര്‍ഷകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് തിങ്കളാഴ്ച ടെനിക്കും മകന്‍ ആശിഷ് മിശ്രയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ കൊലക്കുറ്റത്തിനുള്‍പ്പെടെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) സെക്ഷന്‍ 302 കൊലപാതകത്തിനും 120-ബി ക്രിമിനല്‍ ഗൂഡാലോചനയ്ക്കും 147- കലാപത്തിനും ടികുനിയ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചതായി ലഖിംപൂര്‍ ഖേരി പൊലീസ് സൂപ്രണ്ട് വിജയ് ധുള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. 

കര്‍ഷക സംഘടനകളുടെ ആവശ്യം ഇവയാണ് - ആഭ്യന്തരമന്ത്രി അജയ് മിശ്രയുടെ രാജി,  കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുടെയും കൂട്ടാളികളുടെയും അറസ്റ്റ്,  സംഭവത്തില്‍ കൊല്ലപ്പെട്ട നാല് കര്‍ഷകരുടെ ഓരോ കുടുംബത്തിനും ഒരുകോടി രൂപ നഷ്ടപരിഹാരം, 
മരിച്ച കര്‍ഷകരുടെ കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി.

അതേസമയം സംഘര്‍ഷം നിലനില്‍ക്കുന്ന ലഖിംപുര്‍ ഖേരിയിലേക്കുള്ള യാത്ര പൊലീസ് തടഞ്ഞതിനെതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹസര്‍ഗഞ്ച് പോലീസാണ് അഖിലേഖിനെ കസ്റ്റഡിയില്‍ എടുത്തത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ലഖിംപുര്‍ ഖേഡിയിലേക്കുള്ള അഖിലേഷിന്റെ യാത്ര തടഞ്ഞ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് എസ്പി  ആരോപിച്ചു. ഇതിനിടെ അഖിലേഷ് യാദവിന്റെ വസതിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് പ്രതിഷേധക്കാര്‍ തീയിട്ടു.

ഇതിനിടെ, ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ കര്‍ഷക സംഘടനകള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. ഇന്ന് 11 മണിക്ക് ഡല്‍ഹിയിലുള്ള യുപി ഭവനിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ യുപി പൊലീസ് പ്രിയങ്കയെ വീട്ടു തടങ്കലിലാക്കിയിരുന്നു. ഇത് വകവെക്കാതെ അവര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുകയും സംഘര്‍ഷബാധിത പ്രദേശത്തേക്ക് തിരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് യു.പി പൊലീസ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത്.