പഞ്ചാബില്‍ നിയമസഭാ കക്ഷി യോഗം വിളിച്ച് കോണ്‍ഗ്രസ്; അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും

 
Amarinder Singh

അപമാനം സഹിച്ച് തുടരാനാകില്ലെന്ന് അമരീന്ദര്‍ അറിയിച്ചതായി വിവരം

പഞ്ചാബില്‍ ഭരണ നേതൃമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും. അമരീന്ദര്‍ സിംഗിനോട് രാജി സമര്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായും അപമാനം സഹിച്ച് തുടരാന്‍ തയ്യാറല്ലെന്ന് അദ്ദേഹം മറുപടി നല്‍കിയെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് അടിയന്തര നിയമസഭാ കക്ഷി യോഗവും കോണ്‍ഗ്രസ് വിളിച്ചിട്ടുണ്ട്. 

അമരീന്ദര്‍ സിംഗും നവ്‌ജ്യോത് സിദ്ദുവും തമ്മില്‍ അധികാരത്തിനായുള്ള വടംവലി തുടരുന്നതിനിടെയാണ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുള്ള ഇടപെടല്‍. പഞ്ചാബ് പിസിസി അധ്യക്ഷനായി സിദ്ദു നിയമിതനായശേഷം, അമരീന്ദറിനെതിരെ കോണ്‍ഗ്രസില്‍നിന്നും ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം രൂക്ഷമായിരുന്നു. ഹൈക്കമാന്‍ഡ് ഇടപെടലില്‍ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി പരിഹരിച്ചിരുന്നു. എന്നാല്‍, അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് നാല് മന്ത്രിമാര്‍ ഉള്‍പ്പെടെ നാല്‍പ്പതോളം എംഎല്‍എമാര്‍ കഴിഞ്ഞദിവസം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. 117 അംഗ പഞ്ചാബ് നിയമസഭയിലെ 80 കോണ്‍ഗ്രസ് അംഗങ്ങളില്‍ പകുതിയിലേറെ എംഎല്‍എമാര്‍ സിദ്ദുവിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം, പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നാണ് അമരീന്ദറിനോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മൂന്നാം തവണയാണ് പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുന്നത്. ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അമരീന്ദര്‍ സോണിയയെ അറിയിച്ചതായാണ് വിവരം. അമരീന്ദര്‍ പാര്‍ട്ടി വിട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. 

ഇന്ന് വൈകിട്ട് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ നേതൃമാറ്റം ഉള്‍പ്പെടെ കാര്യങ്ങള്‍ ചര്‍ച്ചയാകും. ഭൂരിപക്ഷം എംഎല്‍എമാരുടെ ആവശ്യപ്രകാരമാണ് നിയമസഭാ കക്ഷി യോഗം വിളിച്ചതെന്നാണ് പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് ട്വീറ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് പോര് തുടരുന്നത് അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.