'നിയമാനുസൃത കൊളള, സംഘടിതമായ കവര്‍ച്ച'; ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് 

 
priyanka

കേന്ദ്ര സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുക്കാനുള്ള 'ദേശീയ ധനസമാഹരണ പദ്ധതി' ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പതിറ്റാണ്ടുകള്‍ കൊണ്ട് സൃഷ്ടിച്ചെടുത്ത പൊതുസ്വത്ത് തെരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ക്ക് കൈമാറുന്നുവെന്ന് ആരോപിച്ചാണ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പദ്ധതിയെ 'നിയമാനുസൃതമായ കൊള്ളയെന്നും സംഘടിത കൊള്ളയും' എന്നുമാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. 

ജനങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടിയ കോടികളുടെ സ്വത്ത് സര്‍ക്കാര്‍ തങ്ങളുടെ ശതകോടീശ്വരരായ സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണ്
കോണ്‍ഗ്രസ് ആരോപിച്ചു. 'ആദ്യമായി നോട്ട് നിരോധന ദുരന്തം സംഭവിച്ചു,  ഇപ്പോള്‍ 'സംഘടിത കൊള്ളയും നിയമനുസൃതമാക്കിയ കൊള്ളയും' എന്നാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പദ്ധതിയെ വിശേഷിപ്പിച്ചത്.

രാജ്യം സ്വാശ്രയത്വം നേടുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും ശയകോടീശ്വരന്മാരേയാണ് അവര്‍ ആശ്രയിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആരോപിച്ചു. കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഈ സര്‍ക്കാര്‍ അവരുടെ ശതകോടീശ്വര സുഹൃത്തുക്കള്‍ക്ക് നല്‍കുന്നു. ശതകോടീശ്വരരായ സുഹൃത്തുക്കള്‍ക്കായാണ് എല്ലാ ജോലികളും അവര്‍ക്ക് വേണ്ടിയാണ്, എല്ലാ സമ്പത്തും അവര്‍ക്ക് തന്നെ പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. 

തെരഞ്ഞെടുത്ത ഏതാനും പേര്‍ക്ക് ദശാബ്ദങ്ങളായി സൃഷ്ടിച്ച അമൂല്യമായ പൊതു ആസ്തികള്‍ നല്‍കുന്നു.  ഇത് നിയമവിധേയമാക്കിയ കൊള്ളയും സംഘടിത കൊള്ളയുമാണ്, ''മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാജ്യത്തെ ബിജെപി സര്‍ക്കാര്‍ സ്വത്തുക്കള്‍ കാത്തുസംരക്ഷിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും വിമര്‍ശിച്ചു. റോഡുകള്‍, റെയില്‍, ഖനികള്‍, ടെലികോം, വൈദ്യുതി, ഗ്യാസ്, എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, സ്പോര്‍ട്സ് സ്റ്റേഡിയം.. എല്ലാം മോദി ജി വില്‍ക്കും. രാജ്യത്തെ സ്വത്തുക്കള്‍ അവര്‍ സംരക്ഷിക്കില്ല. രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. 

'ദേശീയ ധനസമാഹരണ പദ്ധതി'യിലൂടെ 2022-2025 കാലത്ത് വിറ്റഴിക്കുന്ന ആസ്തികളുടെ വിവരമാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പുറത്തുവിട്ടത്. 12 മന്ത്രാലയങ്ങള്‍ക്കുകീഴിലുള്ള ഇരുപതിലധികം ആസ്തികളാണ് വില്‍ക്കുക. 26,700 കി.മീ റോഡ്, 400 റെയില്‍വേ സ്റ്റേഷനുകള്‍, 90 ട്രെയിനുകള്‍, 25 വിമാനത്താവളങ്ങള്‍, രണ്ട് ദേശീയ സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ വിറ്റഴിക്കുന്ന ആസ്തികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ഓരോ വര്‍ഷവും വിലയിരുത്തും. മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തി നിതി ആയോഗാണ് മാര്‍ഗരേഖ തയ്യാറാക്കിയത്. നിലവില്‍ കേന്ദ്രസ്ഥാപനങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികള്‍ വിറ്റഴിക്കുന്നതാണ് പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.