ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം ചരക ശപഥം; മെഡിക്കല്‍ കോളേജ് ഡീനിനെ പുറത്താക്കി തമിഴ്നാട് സര്‍ക്കാര്‍

ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മഹര്‍ഷി ചരക ശപഥം ചൊല്ലിക്കൊടുത്തതിനെ തുടര്‍ന്ന് മധുരൈ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. എ രത്നവേലിനെ നീക്കി തമിഴ്നാട് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളെക്കൊണ്ട് 'ചരകശപഥം' ചൊല്ലിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ 'ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം 'ചരക പ്രതിജ്ഞ' ചൊല്ലണമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷന് നിര്‍ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ശാസ്ത്രീയ ചികിത്സാവിദ്യയുടെ പിതാവായി അറിയപ്പെടുന്ന പ്രാചീന ഗ്രീക്ക് ഭിഷഗ്വരന് ഹിപ്പോക്രാറ്റസിന്റെ സ്ഥാനത്തേക്ക് ആയുര്‍വേദാചാര്യനായ മഹര്‍ഷി ചരകനെ കാണണമെന്നതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്.
മധുരൈ മെഡിക്കല്‍ കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക് ചരക പ്രതിജ്ഞ ചൊല്ലിക്കൊടുത്ത സംഭവത്തില്‍ തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗ രാജന് പ്രതിധേം അറിയിച്ചു, പുതിയ പ്രതിജ്ഞ കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു. 'ഡോക്ടര്‍മാര്‍ ഹിപ്പോക്രാറ്റിക് പ്രതിജ്ഞയെടുക്കുമെന്നാണ് ഞാന്‍ കരുതിയത്, ''അദ്ദേഹം പറഞ്ഞു.
എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞ പണ്ടുമുതലേ പിന്തുടരുന്നുണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് പകരം ഹിപ്പോക്രാറ്റിക് പ്രതിജ്ഞയെടുക്കുന്നത് അപലപനീയമാണെന്നും ഡീനിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായും പത്രകുറിപ്പില്‍ പറയുന്നു.
ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ മെഡിക്കല്‍, പൊതുജനക്ഷേമ വകുപ്പ് മന്ത്രി എം.സുബ്രഹ്മണ്യന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.നാരായണ ബാബുവിന് നിര്‍ദേശം നല്കി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ മെഡിക്കല്‍ കോളേജുകളുടെയും മേധാവികളോട് ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞ മുടങ്ങാതെ പിന്തുടരാന് സര്‍ക്കുലറിലൂടെ നിര്‍ദേശിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് പകരം മഹര്‍ഷി !ചരക് ശപഥ്' കൊണ്ടുവരണമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന് അടുത്തിടെ ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം മഹര്‍ഷി ചരക് ശപത്' ഐച്ഛികമായിരിക്കുമെന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു.
രോഗകാരണങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ എതിര്‍ത്തിരുന്ന പ്രാചീന ഗ്രീക്ക് ഭിഷഗ്വരനാണ് ഹിപ്പോക്രാറ്റസ്. അക്കാരണത്താലാണ് അദ്ദേഹത്തിന്റെ പേരിലുള്ള പ്രതിജ്ഞ മെഡിക്കല്‍ ബിരുദദാന ചടങ്ങില്‍ ഉള്‍പ്പെടുത്തിയത്. പഴയകാലത്ത് എഴുതപ്പെട്ടതിനുപകരം ലോക മെഡിക്കല്‍ അസോസിയേഷന്റെ 1948ലെ ജനീവ ജനറല്‍ അസംബ്ലിയില്‍ അംഗീകരിച്ച ആധുനിക പ്രതിജ്ഞയാണ് ഹിപ്പോക്രാറ്റിക് ഓത്ത് എന്ന പേരില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചൊല്ലുന്നത്. ആ പ്രതിജ്ഞയിലും അഞ്ച് വര്‍ഷം കൂടുമ്പോള്‍ കാലികമായ മാറ്റങ്ങള്‍ വരുത്താറുണ്ടെന്ന് മെഡിക്കല്‍രംഗത്തെ വിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുമ്പോഴാണ്, മെഡിക്കല്‍ കമ്മീഷന് 'ചരക സംഹിതയെ' കൂട്ടുപിടിച്ച് പരിഷ്കാരത്തിനായി നിര്‍ദേശിക്കുന്നത്. മഹര്‍ഷി ചരകന്‍ അറിയപ്പെടുന്നത് ആയുര്‍വേദത്തിന്റെ ആചാര്യന് എന്ന നിലയ്ക്കാണ്. അതുകൊണ്ടുതന്നെ അദ്ദേഹം അന്ന് മുന്നോട്ടുവെച്ച പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിനു യോജിക്കുന്നതല്ലെന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.