സവര്‍ക്കറുടെ മാപ്പപേക്ഷയും ഗാന്ധിയും: രാജ്‌നാഥ് സിംഗ് പറയുന്ന 'പുതിയ ചരിത്രം'

 
Gandhi Savarkar

സവര്‍ക്കറുടെ മോചനത്തിനായി ഗാന്ധി അഭ്യര്‍ത്ഥിച്ചിരുന്നെന്നും മന്ത്രി

വി.ഡി സവര്‍ക്കറോളം പോന്ന രാജ്യസ്‌നേഹി ഇന്ത്യയില്‍ ഇല്ലെന്ന തരത്തിലുള്ള സംഘപരിവാര്‍ വിശദീകരണങ്ങള്‍ കാലങ്ങളായി ആവര്‍ത്തിക്കപ്പെടുന്നതാണ്. ബ്രിട്ടീഷ് തടവറയില്‍നിന്ന് സവര്‍ക്കര്‍ മാപ്പ് പറഞ്ഞ് പുറത്തിറങ്ങാന്‍ ശ്രമിച്ചത് അവര്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനായിരുന്നു എന്നാണ് സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ പാടിനടക്കുന്നത്. സവര്‍ക്കറെ വീര സവര്‍ക്കറായി അവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും അവര്‍ പാഴാക്കാറുമില്ല. അതിലെ ബുദ്ധിശൂന്യതയും യുക്തിയില്ലായ്മയുമൊക്കെ വ്യാപകമായി പരിഹസിക്കപ്പെടുമ്പോഴും, ചരിത്രത്തെ അപനിര്‍മിക്കുകയെന്ന കുശലതയില്‍ അവര്‍ സന്തോഷം കണ്ടെത്തിയിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് സവര്‍ക്കറെക്കുറിച്ചുള്ള പുതിയ വാദം അവതരിപ്പിച്ചിരിക്കുന്നത്. സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. 

യഥാര്‍ത്ഥത്തില്‍, തനിക്ക് മോചനം തേടിയായിരുന്നില്ല സവര്‍ക്കര്‍ മാപ്പ് അപേക്ഷ നല്‍കിയതെന്നാണ് രാജ്‌നാഥ് സിംഗിന്റെ വാദം. തടവുകാര്‍ക്ക് മാപ്പ് അപേക്ഷിക്കാനുള്ള അവകാശമുണ്ടായിരുന്നു. മഹാത്മാ ഗാന്ധിയാണ് സവര്‍ക്കറോട് മാപ്പ് അപേക്ഷ നല്‍കാന്‍ പറഞ്ഞത്. സവര്‍ക്കറുടെ മോചനത്തിനായി ഗാന്ധി അഭ്യര്‍ത്ഥിച്ചിരുന്നു. രാജ്യത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍പോലെ സവര്‍ക്കറെ മോചിപ്പിക്കാനും പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. സവര്‍ക്കര്‍ ഫാസിസ്റ്റോ, നാസിയോ അല്ലായിരുന്നു. യാഥാര്‍ത്ഥ്യബോധമുള്ള തികഞ്ഞ ദേശീയവാദിയായിരുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ മഹാനായ നായകനായിരുന്ന സവര്‍ക്കര്‍ വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. സവര്‍ക്കറെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവില്ലെന്നും കൂടി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉദയ് മഹുര്‍ക്കര്‍ രചിച്ച 'വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടീഷന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. 

എ.എം.ടി ജാക്‌സണ്‍ വധം
ബ്രിട്ടീഷ് ഭരണത്തില്‍ ഇന്ത്യാക്കാര്‍ക്കുള്ള പങ്കാളിത്തം പരിമിതപ്പെടുത്തുന്ന മിന്റോ മോര്‍ളി പരിഷ്‌കാരം ഉള്‍പ്പെടെ നടപടിക്കെതിരെ സവര്‍ക്കറുടെ സഹോദരന്‍ ഗണേഷ് സവര്‍ക്കര്‍ സമരം നടത്തിയിരുന്നു. ഗണേഷിനെതിരായ വിചാരണ നടത്തിയത് നാസിക് ജില്ലാ മജിസ്‌ട്രേറ്റായിരുന്ന എ.എം.ടി ജാക്‌സണായിരുന്നു. സവര്‍ക്കര്‍ സഹോദരങ്ങള്‍ രൂപീകരിച്ച അഭിനവ് ഭാരത് സൊസൈറ്റിയുടെ വിപ്ലവ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാക്‌സണ് അറിവുണ്ടായിരുന്നു. അതിനാല്‍ സ്ഥലംമാറി പോകുംമുമ്പ് ജാക്‌സണെ വധിക്കാന്‍ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷ്ണജി കര്‍വെ, വിനായക് ദേശ്പാണ്ഡെ, അനന്ത് ലക്ഷ്മണ്‍ കാനെരെ എന്നിവര്‍ തീരുമാനിച്ചു. 1909 ഡിസംബര്‍ 21ന് നാസിക്കിലെ വിജയാനന്ദ് തീയേറ്ററിലായിരുന്നു ജാക്‌സന്റെ വിടവാങ്ങല്‍ ചടങ്ങ്. ജാക്‌സണ്‍ ചടങ്ങിലേക്ക് എത്തവെ, അനന്ത് ലക്ഷ്മണ്‍ അദ്ദേഹത്തിനുനേരെ ചാടിവീണ് വെടിയുതിര്‍ത്തു. ജാക്‌സണ് തത്സമയം കൊല്ലപ്പെട്ടു. 17 കാരനായിരുന്ന അനന്ത് ലക്ഷ്മണെ ബോംബെ കോടതിയില്‍ വിചാരണ ചെയ്യുകയും 1910 ഏപ്രില്‍ 19ന് തൂക്കിലേറ്റുകയും ചെയ്തിരുന്നു. അനന്ത് ലക്ഷ്മണിന്റെ ശ്രമം പരാജയപ്പെട്ടാല്‍, ജാക്‌സണെ വധിക്കാനായി ആയുധവുമായി കാത്തുനിന്നിരുന്ന കൃഷ്ണജി കര്‍വെ, വിനായക് ദേശ്പാണ്ഡെയും തൂക്കിലേറ്റി. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറ്റം ചെയ്യാതെ ദഹിപ്പിക്കുകയും ചെയ്തു. 

സവര്‍ക്കര്‍ ജയിലിലാകുന്നു
ജാക്‌സണെ വധിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതും ആയുധങ്ങള്‍ നല്‍കിയതും സവര്‍ക്കര്‍ ആണെന്ന സംശയം ബലപ്പെട്ടു. ബ്രിട്ടീഷുകാര്‍ തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് മനസിലാക്കിയ സവര്‍ക്കര്‍ പാരീസിലേക്ക് കടന്നു. എന്നാല്‍, 1910ല്‍ അവിടെവെച്ച് സവര്‍ക്കറെ പൊലീസ് അറസ്റ്റ് ചെയ്തു. അവിടെ നിന്നും കപ്പലില്‍ തിരികെ കൊണ്ടുവരുന്നതിനിടെ, മാര്‍സെയില്‍ തീരത്തുവെച്ച് സവര്‍ക്കര്‍ കടലില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചു. നേരത്തെയുള്ള പദ്ധതി പ്രകാരമായിരുന്നു ശ്രമം. എന്നാല്‍, സുഹൃത്ത് എത്താന്‍ വൈകിയതോടെ ശ്രമം പാളി. സവര്‍ക്കറെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഫ്രാന്‍സിന്റെ അധികാരപരിധിയില്‍വെച്ച് ബ്രിട്ടീഷ് പൊലീസ് സവര്‍ക്കറെ അറസ്റ്റ് ചെയ്തത് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കും കാരണമായിരിന്നു. കേസ് അന്താരാഷ്ട്ര കോടതിയില്‍ എത്തിയതോടെ, സവര്‍ക്കറെ ഇന്ത്യന്‍ മിലിറ്ററി പോലീസിനു കൈമാറാന്‍ വിധിയുണ്ടായി. 

ബോംബെയില്‍ എത്തിച്ച സവര്‍ക്കറെ പൂനെയിലെ യേര്‍വാഡാ ജയിലിലേക്കാണ് ആദ്യം മാറ്റിയത്. സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ മുമ്പാകെ വിചാരണ ആരംഭിച്ചു. ജാക്‌സണെ വധിക്കാന്‍ സഹായം ചെയ്തു, ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗൂഢാലോചന നടത്തി എന്നിങ്ങനെ കുറ്റങ്ങളാണ് ചുമത്തിയത്. വിചാരണക്കുശേഷം 50 കൊല്ലത്തെ തടവിന് വിധിച്ചു. 1911 ജൂലൈ നാലിന് സവര്‍ക്കറെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലുള്ള തടവറയിലേക്ക് അയച്ചു. 1921 വരെ 10 വര്‍ഷം സവര്‍ക്കര്‍ ഇവിടെ കഴിഞ്ഞു. ജയിലിലായി മാസങ്ങള്‍ക്കുള്ളില്‍, 1911 ആഗസ്റ്റ് 30ന് സവര്‍ക്കര്‍ ആദ്യ മാപ്പപേക്ഷ നല്‍കി. ആറു മാസത്തെ ഏകാന്ത തടവ് ഇളവ് ചെയ്യണമെന്നായിരുന്നു ആവശ്യം. തടവുകാര്‍ എല്ലാവരും ജയിലിലും പ്രതിഷേധം തുടര്‍ന്നപ്പോഴായിരുന്നു സവര്‍ക്കറുടെ ഇത്തരമൊരു ആവശ്യം. 1913 നവംബര്‍ 14ന് സവര്‍ക്കര്‍ രണ്ടാമത്തെ ദയാഹര്‍ജി സമര്‍പ്പിച്ചു. 1914ല്‍, ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത്, ബ്രിട്ടീഷ് സര്‍ക്കാരിന് സഹായം വാഗ്ദാനം ചെയ്തായിരുന്നു സവര്‍ക്കറുടെ മൂന്നാമത്തെ മാപ്പപേക്ഷ. 1917ലും, 1920ലും അപേക്ഷകള്‍ ആവര്‍ത്തിച്ചു. താന്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനത്തെയും ചെയ്തികളെയും തള്ളിപ്പറഞ്ഞുകൊണ്ടാണ് സവര്‍ക്കര്‍ ശിക്ഷയില്‍ ഇളവ് തേടിയത്. ഒടുവില്‍, 1921 മെയ് രണ്ടിന് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച എല്ലാ ഉപാധികളും അംഗീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെയാണ്, സവര്‍ക്കറെ ജയിലില്‍ നിന്നും വിട്ടയച്ചത്. ഭരണഘടന അനുശാസിക്കുന്ന പാതയിലൂടെ സഞ്ചരിക്കാനും ബ്രിട്ടീഷുകാരുമായി സ്‌നേഹത്തിന്റെയും ആദരവിന്റെയും പരസ്പര സഹായത്തിന്റേതുമായ ധാരണയിലെത്തിച്ചേരാന്‍ വിനയവിനീതനായി പരമാവധി ശ്രമിക്കാനുള്ള തന്റെ ഉത്കൃഷ്ടമായ ആഗ്രഹം ആത്മാര്‍ത്ഥമായി പ്രകടിപ്പിച്ചുകൊണ്ടാണ് സവര്‍ക്കര്‍ പുറത്തിറങ്ങിയത്.

ഗാന്ധിയും സവര്‍ക്കറും
1888ല്‍ നിയമപഠനത്തിനായി ലണ്ടനിലേക്ക് പോയ ഗാന്ധിജി മൂന്നു വര്‍ഷത്തിനുശേഷം 1891ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം 1893ല്‍ ദക്ഷിണാഫ്രിക്കയിലേക്കു പോയ ഗാന്ധിജി 21 വര്‍ഷങ്ങള്‍ക്കുശേഷം 1915ലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ പോരാടുന്ന നാളില്‍ തന്നെ, സവര്‍ക്കര്‍ സഹോദരങ്ങള്‍ ഇന്ത്യയില്‍ വിപ്ലവ പ്രസ്ഥാനങ്ങളിലൂടെ നേതാക്കളായിരുന്നു. രാഷ്ട്രീയ കാഴ്ചപ്പാടിലും ചിന്തകളിലും വിരുദ്ധ ധ്രുവങ്ങളില്‍ നിന്നിരുന്നവരായിരുന്നു ഗാന്ധിയും സവര്‍ക്കറും. ഇരുവരുടെയും ഇടപെടലുകളിലും എഴുത്തുകളിലും അത് നിറഞ്ഞുനിന്നിരുന്നു. 1906ല്‍ ഗാന്ധിയും സവര്‍ക്കറും ലണ്ടനില്‍വെച്ച് കണ്ടുമുട്ടിയിരുന്നു. ആദ്യ കാഴ്ചയില്‍, ചെമ്മീന്‍ ഉള്‍പ്പെടെ കടല്‍വിഭവങ്ങള്‍ പാകം ചെയ്ത് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ച സവര്‍ക്കറിനോട് സസ്യാഹാരിയായിരുന്ന ഗാന്ധിജി എതിര്‍പ്പറിയിച്ചു. ഒപ്പം ഭക്ഷണം പോലും കഴിക്കാന്‍ പറ്റുന്നില്ലെങ്കില്‍, ഞങ്ങള്‍ക്കൊപ്പം എങ്ങനെ പ്രവര്‍ത്തിക്കും? ഇത് വേവിച്ച മത്സ്യം മാത്രമാണ്. ഇവിടെ ആളുകള്‍ ബ്രിട്ടീഷുകാരെ പച്ചയ്ക്കു ഭക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു സവര്‍ക്കറുടെ മറുപടി. പൊരുത്തക്കേടുകള്‍ മുഴച്ചുനിന്നതായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. 1909ലും ഇരുവരും ലണ്ടനില്‍വെച്ച് കണ്ടു. പ്രവാസി ഇന്ത്യക്കാരുടെ ക്ഷണപ്രകാരമാണ് ദസറ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ ഗാന്ധി ലണ്ടനിലെത്തിയത്. സവര്‍ക്കര്‍ അന്നവിടെ വിദ്യാര്‍ഥിയായിരുന്നു. ആ വേദിയില്‍ ഗാന്ധി രാമന്റെ ത്യാഗത്തെയും സഹനത്തെയുംകുറിച്ചാണ് സംസാരിച്ചത്. എന്നാല്‍, തിന്മയെ കൊല്ലുന്ന വിനാശകാരിയായയ ദുര്‍ഗയെക്കുറിച്ചായിരുന്നു സവര്‍ക്കര്‍ സംസാരിച്ചത്. തൊട്ടടുത്ത വര്‍ഷമാണ് സവര്‍ക്കര്‍ ജയിലിലാകുന്നത്. ഗാന്ധിജി ഇന്ത്യയിലെത്തി പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞശേഷമാണ് സവര്‍ക്കര്‍ പുറത്തുവരുന്നത്. 

ജയില്‍ മോചിതനായി രത്‌നഗിരിയില്‍ കഴിയുമ്പോള്‍ സവര്‍ക്കറെ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ജാക്‌സണ്‍ വധത്തിലും ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗൂഢാലോചന നടത്തിയതിനും ജയിലില്‍ കഴിയുന്ന സഹോദരങ്ങളെ മോചിപ്പിക്കണമെന്ന് സവര്‍ക്കര്‍ തുടര്‍ച്ചയായി ഗാന്ധിക്ക് കത്തെഴുതിയിരുന്നു. കേസില്‍ കൃഷ്ണജി കര്‍വെ, വിനായക് ദേശ്പാണ്ഡെ, അനന്ത് ലക്ഷ്മണ്‍ കാനെരെ എന്നിവര്‍ക്ക് വധശിക്ഷ നല്‍കിയ കാര്യവും, അതേ കേസില്‍ താന്‍ ജയില്‍ ശിക്ഷ അനുഭവിച്ച കാര്യവുമൊക്കെ വിശദമായി എഴുതിയ സവര്‍ക്കര്‍ സഹോദരങ്ങളെ മോചിപ്പിക്കാന്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദമായ നിവേദനം തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് സവര്‍ക്കറെ ഉപദേശിച്ച ഗാന്ധി, സവര്‍ക്കര്‍ സഹോദരങ്ങളുടെ മോചനത്തിനായി യംഗ് ഇന്ത്യയില്‍ എഴുതുകയും ചെയ്തിരുന്നു. 

ഇതെല്ലാം ഗാന്ധിയുടെ തിരഞ്ഞെടുത്ത കൃതികളില്‍ തന്നെ കാണാന്‍ കഴിയുന്ന കാര്യമാണ്. എന്നാല്‍, സവര്‍ക്കര്‍ ജയിലിലായിരുന്നപ്പോള്‍ ദക്ഷിണാഫ്രിക്കയിലായിരുന്ന ഗാന്ധി മാപ്പ് അപേക്ഷ എഴുതാന്‍ എങ്ങനെയാണ് ബുദ്ധി ഉപദേശിച്ചതെന്ന കാര്യമാണ് ഇനി അറിയേണ്ടത്. സവര്‍ക്കറുടെ മാപ്പ് അപേക്ഷയ്ക്കു പിന്നില്‍ ഗാന്ധിയുടെ നിര്‍ദേശമോ ബുദ്ധിയോ ഉണ്ടായിരുന്നെന്ന, രാജ്യത്തെ ഉത്തരവാദിത്തമുള്ള മന്ത്രിയുടെ വാക്കുകള്‍ അംഗീകരിക്കാം. പക്ഷേ, അതുസംബന്ധിച്ച രേഖകള്‍ എവിടെയാണ് ലഭിക്കുക. രാജ്‌നാഥ് സിംഗ് അത് വെളിപ്പെടുത്തിയാല്‍, രാജ്യത്തിന് 'പുതിയ ചരിത്രം' പഠിക്കാനുള്ള അവസരം കൂടിയാകുമത്.
 

അവലംബം


https://frontline.thehindu.com/the-nation/article30204154.ece

https://www.gandhiashramsevagram.org/gandhi-literature/mahatma-gandhi-collected-works-volume-20.pdf

https://www.outlookindia.com/newsscroll/when-mahatma-gandhi-met-veer-savarkar/1628299