'ഇന്ത്യയെ താലിബാനാക്കാന്‍ അനുവദിക്കില്ല; ആവശ്യമെങ്കില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്ഥാപിക്കും'

 
mamata

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി താന്‍ തുടരണമെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് ഭവാനിപുരിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനര്‍ജി. ഭവാനിപൂര്‍ നിയമസഭാ സീറ്റില്‍ നിന്ന് വിജയിച്ചില്ലെങ്കില്‍ മറ്റൊരാള്‍ പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയാകുമെന്നും മമത വോട്ടര്‍മാരോടായി പറഞ്ഞു. മണ്ഡലത്തിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. 

''എനിക്ക് ഇവിടെ നിന്ന് ജയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റൊരാള്‍ മുഖ്യമന്ത്രിയാകും. എന്നെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കുന്നതിന് എനിക്ക് വോട്ട് ചെയ്യുക. ഓരോ വോട്ടും എനിക്ക് വിലപ്പെട്ടതാണ്. ദീദി എന്തായാലും വിജയിക്കുമെന്ന് ദയവായി കരുതരുത്. ഓരോ വോട്ടും പ്രധാനമാണ്. ഒരു വോട്ട് നല്‍കിയില്ലെങ്കില്‍ അത് എന്നെ ദോഷകരമായി ബാധിക്കും. നിങ്ങള്‍ വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ എന്നെ മുഖ്യമന്ത്രിയായി ലഭിക്കില്ല, ''മമത പറഞ്ഞു

രാജ്യത്തെ വിഭജിച്ച് താലിബാന്‍ രാഷ്ട്രമാക്കാന്‍ ബി.ജെ.പി യെ സമ്മതിക്കില്ലെന്ന് മമത പറഞ്ഞു. 'ബി.ജെ.പി വാചകമടിപ്പാര്‍ട്ടിയാണ്. ബംഗാളില്‍ സര്‍ക്കാര്‍ ദുര്‍ഗ്ഗാപൂജക്കും ലക്ഷ്മി പൂജക്കും അനുമതി നല്‍കുന്നില്ലെന്ന അവരുടെ വാദം പച്ചക്കള്ളമാണ്. നരേന്ദ്രമോദിയോടും അമിത്ഷായോടും ഞങ്ങള്‍ക്ക് പറയാനുള്ളത് ഇന്ത്യയെ താലിബാനാക്കരുത് എന്നാണ്.  

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മമത മുന്നറിയിപ്പ് നല്‍കി, അവരോട് മാന്യമായി പെരുമാറിയതുകൊണ്ട് രാജ്യത്ത് 'താലിബാന്‍ ഭരണം' സ്ഥാപിക്കാന്‍ അവരെ അനുവദിക്കുമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും മമത പറഞ്ഞു. ''എനിക്ക് നരേന്ദ്ര മോദിയെയും അമിത് ഷായെയും മൂത്ത സഹോദരന്മാരെന്ന് അഭിസംബോധന ചെയ്യാന്‍ കഴിയും. അത് എന്റെ മര്യാദയാണ്. പക്ഷേ, രാജ്യത്ത് താലിബാന്‍ ഭരണത്തിന് ഞാന്‍ അനുവദിക്കുമെന്ന് ഇതിനര്‍ത്ഥമില്ല. രാജ്യവും ബംഗാളും വിഭജിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ജനങ്ങള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല, ''മമത പറഞ്ഞു.

ബിജെപിയെ വെല്ലുവിളിച്ച്  ആവശ്യമെങ്കില്‍ ഗോവ, ത്രിപുര, അസം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ തങ്ങളുടെ പാര്‍ട്ടി സ്ഥാപിക്കാമെന്നും മമത സൂചിപ്പിച്ചു. നിങ്ങളുടെ ഓരോ വോട്ടും ഭാവിയില്‍ ഡല്‍ഹിയിലേക്ക് മുന്നേറാന്‍ ഞങ്ങളെ അനുവദിക്കും. നിങ്ങളുടെ വോട്ടുകള്‍ കലാപകാരികളെ തടയും, ''മമത പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ആവശ്യമെങ്കില്‍, ത്രിപുരയിലും. തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഞങ്ങള്‍ ബിജെപിയെ തോല്‍പ്പിക്കും. ഞങ്ങള്‍ മത്സരിക്കുകയും വിജയിക്കുകയും ബിജെപിയെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യും, ''മമത പറഞ്ഞു. രാജ്യത്തെ വിഭജിക്കാന്‍ ഞങ്ങള്‍ ആരെയും സമ്മതിക്കില്ല. ഇന്ത്യ എക്കാലവും ഐക്യത്തോടെ നിലകൊള്ളും' മമത പറഞ്ഞു. കഴിഞ്ഞ കാലയളവിലെ തൃണമൂല്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മമത നന്ദി ഗ്രാമില്‍ തന്നെ തോല്‍പ്പിക്കാന്‍ ബി.ജെ.പി നാണംകെട്ട പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.