'ഇത് മോദിയുടെയോ ബിജെപിയുടെയോ സ്വത്തല്ല'; കേന്ദ്രസര്‍ക്കാര്‍ തീരുമാനം  ജനവിരുദ്ധമെന്ന് മമതാ ബാനര്‍ജി

 
mamata

കേന്ദ്ര സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുക്കാനുള്ള 'ദേശീയ ധനസമാഹരണ പദ്ധതി'യെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. രാജ്യത്തിന്റെ ആസ്തികള്‍ രാജ്യത്തിന്റേത് മാത്രമാണെന്നും ബിജെപിയുടെയോ നരേന്ദ്രമോദിയുടെയോ അല്ലെന്നായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം. രാജ്യത്തിന്റെ സ്വത്തുവകകള്‍ വില്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ ഗൂഢതന്ത്രമാണിതെന്നും മമത ആരോപിച്ചു. 

'' ഇത് നരേന്ദ്ര മോദിയുടെ സ്വത്തല്ല, ഇത് നമ്മുടെ രാജ്യത്തിന്റെ സ്വത്താണ്. മോദിക്ക് രാജ്യത്തിന്റെ സ്വത്ത് വില്‍ക്കാന്‍ കഴിയില്ല ... ഇത് ബിജെപിയുടെ പാര്‍ട്ടി കാര്യമല്ല, ഇത് ഒരു ദേശീയ കാര്യമാണ്. ഞെട്ടിപ്പിക്കുന്നതും നിര്‍ഭാഗ്യകരവുമായ ഈ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. ഈ സ്വത്തുക്കള്‍ രാജ്യത്തിന്റേതാണ്. ഇത് മോദിയുടെയോ ബിജെപിയുടെയോ സ്വത്തല്ല. കേന്ദ്രസര്‍ക്കാരിന് അവരുടെ ഇഷ്ടത്തിനനുസരിച്ച് രാജ്യത്തിന്റെ ആസ്തികള്‍ വില്‍ക്കാന്‍ കഴിയില്ല, ''മമത മാധ്യമങ്ങളോട് പറഞ്ഞു. 

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ജനവിരുദ്ധമെന്ന് വിളിച്ച മമത രാജ്യം മുഴുവന്‍ ഈ തീരുമാനത്തിനെതിരെ ഒരുമിച്ച് നില്‍ക്കുമെന്നും പറഞ്ഞു. ആറുലക്ഷം കോടി രൂപയുടെ ദേശീയ ധനസമാഹരണ പദ്ധതിയാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാക്കളില്‍ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള റെയില്‍വ, വ്യോമയാനം, തുറമുഖം, വാര്‍ത്താവിതരണം, ഖനികള്‍ തുടങ്ങിയ മേഖലകളില്‍ സ്വകാര്യ മേഖലക്ക് നിശ്ചിത കാലത്തേക്ക് കൈമാറുകയാണെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ സര്‍ക്കാര്‍ ആസ്തികള്‍ പൂര്‍ണമായും വിറ്റഴിക്കുകയല്ലെന്നും ഉടസ്ഥാവകാശം കേന്ദ്രത്തിന് തന്നെയാണെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.