'ഒരു വാര്‍ഡില്‍ പോലും ഇത്തവണ തോറ്റില്ല'; ഭവാനിപുരില്‍ റെക്കോഡ് ഭൂരിപക്ഷവുമായി മമത

 
mamta
മമതയ്ക്ക് 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്

കഴിഞ്ഞതവണ, ഏതാനും വാര്‍ഡുകളില്‍ ഞാന്‍ പിന്നിലായിരുന്നു. ഇത്തവണ ഒരു വാര്‍ഡില്‍ പോലും ഞാന്‍ തോറ്റില്ല -ഭവാനിപുര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞ വാക്കുകള്‍. രണ്ട് വിരലുകള്‍ ഉയര്‍ത്തിയുള്ള സാധാരണ വിജയമുദ്രയ്ക്കു പകരം മൂന്ന് വിരലുകളുയര്‍ത്തിയാണ് മമത വിജയം പ്രകടിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍ നിരന്തരം വിമര്‍ശിച്ച 'മാ, മതി, മനുഷ്' എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന്റെയോ ഭവാനിപുരിലെ മൂന്നാം ജയത്തിന്റെയോ പ്രതീകമായിരുന്നു ആ മൂന്നുവിരല്‍ വിജയമുദ്ര.

2011ലും 2016ലും തന്നെ വിജയിപ്പിച്ച ഭവാനിപുര്‍ വിട്ട്, ബിജെപിയുടെ വെല്ലുവിളികള്‍ക്ക് മറുപടി ഏറ്റെടുത്താണ് മമത ഇക്കുറി നന്ദിഗ്രാമില്‍ മത്സരിച്ചത്. എന്നാല്‍, തൃണമൂല്‍ പാളയത്തില്‍നിന്ന് ബിജെപിയിലെത്തിയ സുവേന്ദു അധികാരിക്കുമുന്നില്‍ മമത വീണു. 1,956 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. പരാജയം സമ്മതിക്കാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മമതയ്ക്കായി ഭവാനിപുര്‍ എംഎല്‍എയും കൃഷിമന്ത്രിയുമായ ശോഭന്‍ദേബ് ചതോപാധ്യ രാജിവച്ചു. തന്റെ വീട് കൂടി ഉള്‍പ്പെടുന്ന ഭവാനിപുരില്‍നിന്ന് റെക്കോഡ് ഭൂരിപക്ഷത്തോടെ, മമത ജയിച്ചുവന്നിരിക്കുന്നു. 

ഭവാനിപുരില്‍ മൂന്നാംവട്ടം ജനവിധി തേടിയ മമതയ്ക്ക് 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ബിജെപിയുടെ പ്രിയങ്ക തിബ്രവാളിന് 26,320 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഭൂരിപക്ഷത്തില്‍ സ്വന്തം റെക്കോര്‍ഡാണ് മമത മറികടന്നത്. ഒക്ടോബര്‍ 30ന് നടന്ന വോട്ടെടുപ്പില്‍ 57 ശതമാനമായിരുന്നു പോളിംഗ്. 2011ല്‍ 52,213 വോട്ടിന്റെയും 2016ല്‍ 25,301 വോട്ടിന്റെയും ഭൂരിപക്ഷമായിരുന്നു മമതയ്ക്കുണ്ടായിരുന്നത്. ഇത്തവണ മണ്ഡലത്തില്‍നിന്ന് ശോഭന്‍ദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനായിരുന്നു.  

2011ല്‍ സിപിഎമ്മിന്റെ ദീര്‍ഘകാല ഭരണത്തെ കടപുഴക്കിയ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മമത ഭവാനിപുരില്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ ലഭിച്ച വോട്ട് ശതമാനം 77.46 ആണ്. 2016 തെരഞ്ഞെടുപ്പില്‍ 47.67 ശതമാനം വോട്ടോടെ മമത മണ്ഡലം നിലനിര്‍ത്തി. ഇത്തവണ ശോഭന്‍ദേബ് 57.1 ശതമാനം വോട്ടാണ് നേടിയത്.