'എന്തുകൊണ്ട് ആഗോള സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മമതയ്ക്ക് യോഗ്യതയില്ല?' വിമര്‍ശനവുമായി സുവേന്ദു അധികാരി 

 
mamata

ഇറ്റലിയിലെ റോമില്‍ നടക്കുന്ന ആഗോള സമാധാന യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രം അനുവദിച്ചില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണത്തിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മമത പരാജയപ്പെട്ടുവെന്നുവെന്നും സുവേന്ദു അധികാരി പറയുന്നു. 

ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം ഖേജുരി, പുര്‍ബ മെദിനിപുര്‍ ജില്ലയിലെ നന്ദിഗ്രാം തുടങ്ങി സംസ്ഥാനത്തിന്റെ പല ഇടങ്ങളില്‍ അക്രമങ്ങള്‍
അഴിച്ചുവിട്ടവരെ അറസ്റ്റ് ചെയ്യാന്‍ തന്റെ മുന്‍ നേതാവ് മമത നടപടിയെടുത്തില്ലെന്നും അധികാരി കുറ്റപ്പെടുത്തി. മമതാ ബാനര്‍ജി മത്സരിക്കുന്ന ഭവാനിപുര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി പ്രിയങ്ക തിബ്രെവാളിനായുള്ള പ്രചാരണ യോഗത്തിലാണ് സുവേന്ദു അധികാരി മമതതയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. 'നിങ്ങള്‍ക്ക് ഒരു സമാധാന യോഗത്തിലും പങ്കെടുക്കാന്‍ അര്‍ഹതയില്ല. ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കുകയും അക്രമപ്രവര്‍ത്തനങ്ങളെ സഹായിക്കുകയും  ചെയ്തവരെ നിങ്ങള്‍ പിന്തുണച്ചു', 'ഞങ്ങള്‍ ആവര്‍ത്തിച്ച് അപേക്ഷിച്ചിട്ടും നിങ്ങളുടെ ഭരണകൂടം മൗനം പാലിച്ചു. സമാധാന യോഗത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെ ചിന്തിക്കാനാകും? അധികാരി പറഞ്ഞു. റോമിലെ സമാധാന യോഗത്തില്‍ താന്‍ പങ്കെടുക്കുന്നതില്‍ അസൂയ പൂണ്ട ബിജെപി തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നായിരുന്നു മമതയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് മമതയ്ക്ക് മറുപടിയായി സുവേന്ദു അധികാരി രംഗത്തു വന്നത്. 

റോമിലെ കാത്തലിക് പ്രസ്ഥാനമായ സാന്റ് എജിഡിയൊവിന്റെ പ്രസിഡന്റ് മാക്രോ ഇംപാഗ്ലിയാസോ ആണ് സമാധാന സമ്മേളനത്തിന് മമതയെ ക്ഷണിച്ചു കത്തയച്ചത്.  അടുത്തമാസം ആറ്, ഏഴ് തിയതികളിലാണു സമ്മേളനം. ആഞ്ചല മെര്‍ക്കല്‍, പോപ്പ് ഫ്രാന്‍സിസ് തുടങ്ങിയവരാണ് സമ്മേളനത്തിലെ മറ്റു പ്രഭാഷകര്‍. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഏക ഹിന്ദു സ്ത്രീ താനാണെന്നും മമത അവകാശപ്പെട്ടിരുന്നു. 

അതേസമയം മമതയെ ഏകധിപതിയെന്ന് വിശേഷിപ്പിച്ച അധികാരി 2017 ലെ വിജയ ദശമി ദിനത്തില്‍ ദുര്‍ഗാ വിഗ്രഹ നിമജ്ജനം ചെയ്യരുത്
ഉത്തരവിട്ടതും ചൂണ്ടികാട്ടി. വിഷയത്തില്‍ കോടതിക്ക് ഇടപെടേണ്ടി വന്നു. ഇത് ഒരു ഹിന്ദുവിന്റെ യഥാര്‍ത്ഥ പങ്കാണോ? പുര്‍ബ മെദിനിപൂരിലെ കോണ്ടായില്‍ ദുര്‍ഗാപൂജ നിര്‍ത്താന്‍ 'മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം' ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'22 വര്‍ഷമായി ഞാന്‍ ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ നിങ്ങളുടെ ഭരണകൂടം അത് തടയാന്‍ ശ്രമിച്ചു. കോടതിയുടെ ഇടപെടലിലൂടെയാണ് പൂജ നടക്കുന്നത്. നിങ്ങള്‍ ഒരു യഥാര്‍ത്ഥ ഹിന്ദുവായിരുന്നെങ്കില്‍, നിങ്ങള്‍ക്ക് അത്തരമൊരു നടപടി സ്വീകരിക്കാന്‍ കഴിയില്ല. 'സെപ്തംബര്‍ 30-ലെ ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം ഉറപ്പാണെങ്കില്‍' മമത ഭവാനിപൂരില്‍ 'ഇത്രയും സമയവും ചെലവഴിക്കുന്നത്' എന്തുകൊണ്ടാണെന്നും അധികാരി ചോദിച്ചു. ഏപ്രില്‍-മേയ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ അധികാരിയോട് പരാജയപ്പെട്ട മമത മുഖ്യമന്ത്രി കസേര നിലനിര്‍ത്താനാണ്‌
ഭവാനിപുര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പൊതുയോഗങ്ങളില്‍ ചരിത്ര സംഭവങ്ങളെക്കുറിച്ച് പലപ്പോഴും തെറ്റായ പ്രസ്താവനകള്‍ നടത്തുന്നതിനാല്‍ മമത ബാനര്‍ജിക്ക് ചരിത്രത്തെക്കുറിച്ച് ചെറിയ അറിവാണുള്ളതെന്നും അധികാരി കുറ്റപ്പെടുത്തി.

ഭവാനിപുരില്‍ മമത 2011 ലും 2016 ലും രണ്ട് തവണ സീറ്റ് നേടിയിരുന്നു, പക്ഷേ നന്ദിഗ്രാമിലേക്ക് പരാജയം ഏറ്റുവാങ്ങി.  ഇടതു മുന്നണി സര്‍ക്കാരിന്റെ കൃഷിഭൂമി ഏറ്റെടുക്കല്‍ നയത്തിനെതിരായ സമരം. സംസ്ഥാനത്തെ ഒരു പ്രധാന രാഷ്ട്രീയ ശക്തിയായി മമതയെ മാറ്റി. അതേസമയം ഇക്കഴിഞ്ഞ
നന്ദിഗ്രാമില്‍ തന്നെ  തോല്‍പ്പിക്കാന്‍ ഗൂഡാലാചന നടന്നുവെന്നും മമത ആരോപിച്ചിരുന്നു. ബംഗാളില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മമത തൃണമൂലിനെ
മികച്ച വിജയത്തിലേക്ക് നയിച്ചെങ്കിലും നന്ദിഗ്രാമില്‍ വിജയം നേടുന്നതില്‍ മമത പരാജയപ്പെടുകയായിരുന്നു. മേയില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, സംസ്ഥാന കാബിനറ്റ് മന്ത്രിയും ഭവാനിപുരില്‍ നിന്നുള്ള തുണമൂല്‍ എംഎല്‍എയുമായ സോവന്ദേബ് ചാത്തോപാധ്യായ ആണ് മമതയ്ക്കായി സീറ്റ് ഒഴിഞ്ഞത്.