കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരാന്‍ ആലോചനയില്ല; വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ കേന്ദ്ര കൃഷിമന്ത്രി

 
tomar

കര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്ത രൂപത്തില്‍ വീണ്ടും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കിയിരിക്കുകയാണ്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ കേന്ദ്രം നിരാശരായിട്ടില്ലെന്നും വീണ്ടും മുന്നോട്ട് പോകുമെന്നും തോമര്‍ കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെ റദ്ദാക്കിയ നിയമങ്ങള്‍ കേന്ദ്രം വീണ്ടും നടപ്പിലാക്കുമെന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട തീരുമാനം ഉചിതമായ സമയത്തെടുക്കുമെന്നാണ് കൃഷിമന്ത്രി പറഞ്ഞത്. മഹാരാഷ്ട്രയില്‍ വെച്ച് നടന്ന ഒരു പൊതുപരിപാടിയിലാണ് നരേന്ദ്ര സിംഗ് തോമറുടെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ വിഷമമില്ലെന്നും മന്ത്രി പറഞ്ഞതായും റിപോര്‍ട്ടുകള്‍ വന്നു. സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ വിപ്ലവകരമായ തീരുമാനമാണ് കാര്‍ഷിക നിയമങ്ങള്‍. കര്‍ഷക നന്മയെ കരുതി കൊണ്ടുവന്ന നിയമങ്ങള്‍ പക്ഷേ  ചിലര്‍ക്ക്  ഇഷ്ടമായില്ല. സര്‍ക്കാരിന് നിരാശയില്ല. തല്‍ക്കാലം ഒരടി പിന്നോട്ട് വച്ചെന്നും കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലായതിനാല്‍ അവര്‍ക്കായി മുന്‍പോട്ട് വരുമെന്നുമായിരുന്നു കൃഷിമന്ത്രിയുടെ വിവാദ പ്രസ്താവന.  

മന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ മറുപടിയുമായി അഖിലേന്ത്യ കിസാന്‍ സഭ രംഗത്തുവന്നിരുന്നു. കാര്‍ഷിക നിയമവുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വന്നാല്‍ കര്‍ഷക സമരം ശക്തമാക്കുമെന്നായിരുന്നു അഖിലേന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്) പറഞ്ഞത്. തങ്ങളോ കര്‍ഷകരോ സമരം അവസാനിപ്പിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്നും കേന്ദ്രത്തിന്റെ കുതന്ത്രം വിലപ്പോവില്ലെന്നും എ.ഐ.കെ.എസ് നേതാവ് പി.കൃഷ്ണപ്രസാദ് പറഞ്ഞിരുന്നു. ഒരടി പിറകോട്ട് വെച്ച് രണ്ടടി മുന്നോട്ട് വെക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ രണ്ടടി മുന്നോട്ട് വെച്ചാല്‍ കര്‍ഷകര്‍ നാലടി മുന്നോട്ട് വെക്കുമെന്നും കര്‍ഷക നേതാവ് പറഞ്ഞിരുന്നു. അതേ സമയം  നിയമങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞ പ്രധാനമന്ത്രിയെ കൃഷിമന്ത്രി അപമാനിച്ചുവെന്നായിരുന്നു രാഹുല്‍ഗാന്ധി പറഞ്ഞത്. നിയമങ്ങള്‍  കൊണ്ടുവന്നാല്‍ കര്‍ഷകസമരം വീണ്ടും തുടങ്ങുമെന്നും രാഹുല്‍ഗാന്ധി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിവാദ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ചില കാരണങ്ങളാല്‍ ഞങ്ങള്‍ അവ തിരിച്ചെടുത്തു. കര്‍ഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും കൃഷി മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച നാഗ്പൂരില്‍ നടന്ന അഗ്രോ വിഷന്‍ എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കേണ്ടി വന്നിട്ടും സര്‍ക്കാരിന് നിരാശയില്ലെന്ന് തോമര്‍ പറഞ്ഞിരുന്നു. എന്നാല്‍ നിയമങ്ങള്‍ വീണ്ടും കൊണ്ടുവരുമെന്ന തരത്തില്‍ പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.

2020 സെപ്റ്റംബറിലാണ് രാജ്യത്തെ കര്‍ഷകരെ ഞെട്ടിച്ച് മൂന്ന് വിവാദ കര്‍ഷകനിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഇതിനെതിരെ 
ഒരു വര്‍ഷത്തിലേറെയായുള്ള കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പ് വരാനിരിക്കെ കര്‍ഷിക നിയമത്തില്‍ കടും പിടുത്തം പിടിക്കുന്നത്
തിരിച്ചടിയായേക്കുമെന്ന ഭയമാണ് കേന്ദ്രസര്‍ക്കാരിനെ നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചത്. 

നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് നരേന്ദ്ര സിംഗ് തോമര്‍ ട്വീറ്റില്‍ പറഞ്ഞു. കര്‍ഷകരോടുള്ള ബഹുമാനമുള്ളതുകൊണ്ടാണ് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചത്, 'പരാജയങ്ങള്‍ മറയ്ക്കാന്‍' കോണ്‍ഗ്രസ് ആശയക്കുഴപ്പം വിതയ്ക്കുകയാണെന്നും 'കര്‍ഷകര്‍ ഇത് ശ്രദ്ധിക്കണമെന്നും' അദ്ദേഹം പറഞ്ഞു.