'വിമര്‍ശനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നു; വാക്‌സിനേഷന്‍ ദൗത്യത്തില്‍ ഇന്ത്യയുടെ സാങ്കേതികവിദ്യ നട്ടെല്ലായി മാറി'

 
modi

വാക്‌സിനേഷന്‍ ദൗത്യത്തില്‍ ഇന്ത്യയുടെ സാങ്കേതികവിദ്യ നട്ടെല്ലായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങള്‍ക്ക്
വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ അതിശയിപ്പിക്കുന്ന വിജയമാണ് കൈവരിച്ചതെന്നും ഓപ്പണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.

തനിക്കെതിരെയുള്ള വിമര്‍ശനത്തിന് വലിയ പ്രാധാന്യം നല്‍കുന്നു, നമ്മുടെ രാജ്യം ഒരു വാക്‌സിന്‍ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ? സങ്കല്‍പ്പിക്കുക. ലോകത്ത് ഒരു വലിയ ജനവിഭാഗത്തിന് കോവിഡ് വാക്സിനുകള്‍ ലഭ്യമല്ലെന്ന് നമുക്കറിയാം. ഇന്ത്യ  സ്വയം പര്യാപ്തമായതുകൊണ്ടാണ് വാക്സിനേഷന്‍ ദൗത്യം വിജയിച്ചത്. രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരുടെ ജനസംഖ്യയുടെ അറുപത്തിയൊന്‍പത് ശതമാനത്തിനും കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്നും  25 ശതമാനം രണ്ട് ഡോസുകളും എടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ഈ ആഴ്ച ആദ്യം വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ അവസാനത്തോടെ വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായ  എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിടുകയാണ്  സര്‍ക്കാര്‍.

വിഷയങ്ങള്‍ പഠിക്കാന്‍ സമയമില്ലാത്തതിനാല്‍ മിക്ക ആളുകളും ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും വിമര്‍ശനം ഗവേഷണത്തില്‍ വേരൂന്നിയതാകണമെന്നും മോദി പറഞ്ഞു. ''ശരിയായ പഠനം നടത്തിയിട്ടുവേണം വിമര്‍ശം ഉന്നയിക്കാന്‍. സത്യസന്ധമായി ഞാന്‍ പറയട്ടെ, വിമര്‍ശകരെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു. എന്നാല്‍ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ വിമര്‍ശകരുടെ എണ്ണം വളരെ കുറവാണ്. മിക്കപ്പോഴും ആളുകള്‍ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നത്. ഓരോ ധാരണകളുടെ അടിസ്ഥാനത്തില്‍ നാടകം കളിക്കുന്നവരാണ് അധികവും.  വിമര്‍ശം ഉന്നയിക്കുന്ന വിഷയത്തില്‍ ധാരാണം ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, അതിവേഗം മുന്നോട്ടു നീങ്ങുന്ന ഇന്നത്തെ ലോകത്തില്‍ പലര്‍ക്കും അതിനൊന്നും സമയം കിട്ടാറില്ല. അതുകൊണ്ടുതന്നെ പലപ്പോഴും എനിക്ക് വിമര്‍ശകരെ നഷ്ടപ്പൈറുണ്ട്.'' പ്രധാനമന്ത്രി പറഞ്ഞു

''വാക്സിനേഷന്‍ ദൗത്യത്തിന്റെ വിജയം  മനസിലാക്കുന്നതിന് അതുസംബന്ധിച്ച ആസൂത്രണം, ലോജിസ്റ്റിക്‌സ്, വാക്‌സിഷേന്റെ പുരോഗതി 
എന്നിവയെക്കുറിച്ചെല്ലാം അറിയേണ്ടതുണ്ട്. രാജ്യത്തുടനീളം ധാരാളം ആളുകള്‍ അണിനിരന്ന ഒരു വലിയ ശ്രമമാണിത്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ ദൗത്യം വന്‍ വിജയമാക്കിയവരുടെ പരിശ്രമങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഇനിയും സമയം വേണ്ടിവരും'' മോദി  പറഞ്ഞു.

ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍ എന്ന മുദ്രാവാക്യത്തില്‍നിന്ന് വീണ്ടും മുന്നോട്ടു പോകേണ്ട സമയമായി. ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍ (ഗവേഷണം) എന്നതാവണം പുതിയ മുദ്രാവാക്യം.  തന്റെ സര്‍ക്കാര്‍ ഗവേഷണത്തിന് മുന്‍ഗണന നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2020 മെയ് മാസത്തിലാണ് വാക്സിനേഷന്‍ ദൗത്യം സംബന്ധിച്ച ആലോചനകള്‍ ആദ്യമായി രാജ്യത്ത് തുടങ്ങിയത്. ആ സമയത്ത് ലോകത്ത് ഒരിടത്തും കോവിഡ് വാക്സിന്‍ അന്തിമ അനുമതി ലഭിക്കുന്ന ഘട്ടത്തിന് അടുത്തെത്തിയിട്ടില്ല. ജനങ്ങള്‍ക്ക് മുഴുവന്‍ വാക്സിന്‍ കുത്തിവെക്കാന്‍ ദശാബ്ദങ്ങളെടുക്കുന്ന പഴയ ശൈലി സ്വീകരിക്കാനാവില്ലെന്ന് ആദ്യം തന്നെ തീരുമാനമെടുത്തു, വേഗത്തിലും കാര്യക്ഷമമായും വിവേചനരഹിതമായും സമയബന്ധിതമായും പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു, ''പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ വൈറസിനായുള്ള രണ്ട് വാക്‌സിനുകള്‍: ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനെക്ക വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് ഇന്ത്യയില്‍ പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മ്മിക്കുന്നത്, കൂടാതെ  ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ രാജ്യത്തെ ഡ്രംഗ് കട്രോളറില്‍ നിന്ന് അടിയന്തര അനുമതി നേടി അദ്ദേഹം പറഞ്ഞു. 

പാവങ്ങള്‍ക്ക് ഇന്ന് അര്‍ഹമായ സേവനങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കാനോ കൈക്കൂലി നല്‍കേണ്ട ആവശ്യമോ ഇല്ല. പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ സ്വന്തം ഗ്രാമത്തില്‍നിന്ന് എടുത്താലും അടുത്ത ഡോസ് അദ്ദേഹം ജോലി ചെയ്യുന്ന നഗരത്തില്‍ നിന്ന് സ്വീകരിക്കാം. ശരിയായ സമയത്തും തടസ്സങ്ങളില്ലാതെയും ശരിയായ രീതിയില്‍ വാക്സിന്‍ ലഭിക്കുന്നുവെന്ന് സാങ്കേതികവിദ്യ ഉറപ്പ് നല്‍കുന്നു, പ്രധാനമന്ത്രി പറഞ്ഞു.

'ലോകത്തെ വെച്ച് ഇന്ത്യയെ അവസ്ഥയെ താരതമ്യം ചെയ്യുമ്പോള്‍, പല വികസിത രാജ്യങ്ങളേക്കാളും ഞങ്ങള്‍ മികച്ച പ്രകടനം നാം കാഴ്ചവെച്ചു. എന്നാല്‍ രാജ്യത്തിന് സത്പേര് മോശമാക്കുക എന്നതാണ് ചില സ്ഥാപിത താത്പര്യക്കാരുടെ ലക്ഷ്യം. കോവിഡ് മഹാമാരി എല്ലാ രാജ്യങ്ങളെയും ഒരേ രീതിയിലാണ് ബാധിച്ചത്. എന്നാല്‍ പല വികസ്വര രാജ്യങ്ങളെക്കാളും മെച്ചപ്പെട്ട രീതിയില്‍ നമുക്ക് കോവിഡിനെ നേരിടാന്‍ കഴിഞ്ഞു. വിമര്‍ശനങ്ങളെയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞു അദ്ദേഹം പറഞ്ഞു.

ആരോഗ്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, 2014 ല്‍ ആറ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉണ്ടായിരുന്ന സ്ഥാനത്ത് രാജ്യം ഇന്ന് 22 അത്തരം സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിലാണ്. 2014 ല്‍ 380 മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നുള്ളത്. 560 എണ്ണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ അടിസഥാന സൗകര്യങ്ങള്‍ 
വര്‍ദ്ധിപ്പിക്കുന്നതിനായി ബൃഹത്തായ പദ്ധതി ആരംഭിക്കുന്നതിനും സര്‍ക്കാര്‍ ശ്രമിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.

ഞങ്ങള്‍ ആരോഗ്യ പരിപാലനത്തില്‍ സജീവമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മെച്ചപ്പെട്ട രീതിയില്‍ ശുചിത്വം മുതല്‍ ജലവിതരണം വരെ, യോഗ മുതല്‍ ആയുര്‍വേദം വരെ, വിദൂര പ്രദേശങ്ങളിലെ രോഗനിര്‍ണയ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്നത് മുതല്‍, ഞങ്ങള്‍ എല്ലാം ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.

പിപിഇ കിറ്റുകളുടെ  ഇറക്കുമതിയില്‍ നിന്ന്, നമ്മള്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒരാളായി മാറിയിരിക്കുന്നു. അതുപോലെ, വെന്റിലേറ്ററുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, ഗാര്‍ഹിക നിര്‍മ്മാണത്തിലൂടെയും നമ്മള്‍ അത് നടപ്പാക്കി.  വൈറസിനെക്കുറിച്ചുള്ള അറിവ് പരിമിതമായിട്ടും ഇന്ത്യ ഇതെല്ലാം നേടി. ലോക്ക്ഡൗണിന്റെ സാമ്പത്തിക ആഘാതം, നിലവിലുള്ള സംസ്ഥാന ശേഷി പരിമിതികള്‍. പരിവര്‍ത്തനപരമായ മാറ്റം വരുത്താനുള്ള നമ്മുടെ കഴിവിന് ഇതിലും മികച്ച തെളിവുണ്ടോ? ' പ്രധാനമന്ത്രി മോദി ചോദിച്ചു.
ബാല്‍ക്കണിയില്‍ ഇറങ്ങി പാത്രം കൊട്ടുക, ദീപം തെളയിക്കുക തുടങ്ങിയവയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍  ആരോഗ്യ പരിപാലനത്തില്‍ മുന്‍നിര പോരാളികളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടികാട്ടി.