2021ല്‍ 1.6 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചു; ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്

 
india

2021 ല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. കണക്കുകള്‍ പ്രകാരം, 2020ല്‍ 85,256 പേര്‍ പൗരത്വം ഉപേക്ഷിച്ചപ്പോള്‍ 2021ല്‍ ഇത് 1,63,370 ലെത്തി. 2019ല്‍ 1,44,017 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. ലോക്സഭയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എംപി ഹാജി ഫസ്ലുര്‍ റഹ്‌മാന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി (എംഒഎസ്) നിത്യാനന്ദ് റായിയാണ് വിവരം പങ്കുവെച്ചത്.

2019 മുതല്‍ ഇന്നുവരെ പൗരത്വം ഉപേക്ഷിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം, ഈ നീക്കത്തിന്റെ കാരണങ്ങള്‍, അവര്‍ക്ക് പൗരത്വം ലഭിച്ച രാജ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഹാജി ഫസ്ലുര്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ ഇന്ത്യക്കാരും സ്ഥിരതാമസമാക്കാന്‍ തെരഞ്ഞെടുത്ത രാജ്യം അമേരിക്കയായിരുന്നു.  രാജ്യത്ത് പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം 2020 ല്‍ 30,828 ല്‍ നിന്ന് 2021 ല്‍ 78,284 ആയി വര്‍ദ്ധിച്ചു. പൗരത്വം ഉപേക്ഷിച്ച് ഇന്ത്യക്കാര്‍ ചേക്കേറിയ രണ്ടാമത്തെ രാജ്യം ഓസ്ട്രേലിയയാണ്.
കഴിഞ്ഞ വര്‍ഷം 23,533 ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. 2020-ല്‍ ഈ കണക്ക് 13,518 ആയിരുന്നു. എല്ലാ വര്‍ഷവും വിദ്യാഭ്യാസത്തിനും ജോലിക്കുമായി ഇന്ത്യക്കാര്‍ പോയിരുന്ന രാജ്യമായിരുന്ന കാനഡ 2021-ല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, മൊത്തം 21,597 ഇന്ത്യക്കാര്‍ മാത്രമാണ് രാജ്യത്തെ പൗരത്വം ഉപേക്ഷിച്ചു കാനഡയിലെത്തിയത്. 

2021-ല്‍ ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചെത്തിയ 10 രാജ്യങ്ങള്‍:

1. യുഎസ് (2021ല്‍ 78,284-് 2020-ല്‍ 30,828)

2. ഓസ്ട്രേലിയ (2020ല്‍ 13,518-് 2021-ല്‍ 23,533)

3. കാനഡ (2020ല്‍ 17,093-് 2021-ല്‍ 21,597)

4. യുകെ (2020ല്‍ 6,489-് 2021-ല്‍ 14,637)

5. ഇറ്റലി (2020ല്‍ 2,312-് 2021-ല്‍ 5,986)

6. ന്യൂസിലാന്‍ഡ് (2020ല്‍ 2,116-് 2021-ല്‍ 2,643)

7. സിംഗപ്പൂര്‍ (2020ല്‍ 2,289-് 2021-ല്‍ 2,516)

8. ജര്‍മ്മനി (2020ല്‍ 2,152-് 2021-ല്‍ 2,381)

9. നെതര്‍ലാന്‍ഡ്സ് (2020ല്‍ 1,213-് 2021-ല്‍ 2,187)

10. സ്വീഡന്‍ (2020ല്‍ 1,046-് 2021-ല്‍ 1,841)

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍, 2021 സെപ്റ്റംബര്‍ 30 വരെ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 8.5 ലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി റായ് പറഞ്ഞു.