പന്‍ഡോറ പേപ്പേഴ്സ് വെളിപ്പെടുത്തല്‍: ഇന്ത്യക്കാരുടെ രഹസ്യ ഇടപാടുകളില്‍ അന്വേഷണം

 
Sachin Anil jacky

വിവിധ ഏജന്‍സികള്‍ സംയുക്തമായിട്ടാണ് അന്വേഷണം നടത്തുക

അതിസമ്പന്നരുടെ മറച്ചുവെയ്ക്കപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പുറത്തുവിട്ട പന്‍ഡോറ പേപ്പേഴ്സ് വെളിപ്പെടുത്തലില്‍ അന്വേഷണവുമായി കേന്ദ്ര സര്‍ക്കാര്‍. മുന്നൂറിലധികം ഇന്ത്യക്കാര്‍ക്ക് അനധികൃത സമ്പാദ്യമുള്ളതായാണ് പന്‍ഡോറ പേപ്പേഴ്‌സ് വെളിപ്പെടുത്തുന്നത്. ഇവരെക്കുറിച്ചാണ് രാജ്യത്തെ വിവിധ ഏജന്‍സികള്‍ സംയുക്തമായി അന്വേഷണം നടത്തുക. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എന്‍ഫോഴ്സ്‌മെന്റെ ഡയറക്ടറേറ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം (എഫ്ഐയു) എന്നീ ഏജന്‍സികളിലെ ഉദ്യോഗസ്ഥരുണ്ടാകും. റിപ്പോര്‍ട്ട് സമഗ്രമായി പരിശോധിക്കുമെന്നും ഫലപ്രദമായ അന്വേഷണം ഉറപ്പുവരുത്തുമെന്നുമാണ് സിബിഡിടി അറിയിച്ചിരിക്കുന്നത്. 

കടലാസ് കമ്പനികളിലും അല്ലാതെയുമായി, വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള 380 ഇന്ത്യക്കാരുടെ പേരുകളാണ് പന്‍ഡോറ പേപ്പേഴ്‌സിലൂടെ ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വ്യവസായി അനില്‍ അംബാനി, അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ക്യാപ്റ്റന്‍ സതീഷ് ശര്‍മ, നടന്‍ ജാക്കി ഷ്‌റോഫ്, ബയോകോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍ ഷാ, 2ജി സ്പെക്ട്രം അഴിമതിയില്‍ പരാമര്‍ശിക്കപ്പെട്ട കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയ, വിവാദ വ്യവസായി നീരവ് മോദിയുടെ സഹോദരി പുര്‍വി മോദി, ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്ന പരേതനായ അധോലോകത്തലവന്‍ ഇക്ബാല്‍ മിര്‍ച്ചി തുടങ്ങിയവരാണ് പട്ടികയിലുള്ളത്. 

കരീബിയന്‍ മേഖലയിലെ ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സില്‍ സച്ചിന്‍, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആന് മേഹ്ത എന്നിവരുടെ പേരില്‍ സമ്പാദ്യമുണ്ടെന്നാണ് പന്‍ഡോറ പേപ്പേഴ്‌സ് വെളിപ്പെടുത്തല്‍. യുകെ കോടതിയില്‍ പാപ്പരത്തം പ്രഖ്യാപിച്ച അനില്‍ അംബാനിക്കും അദ്ദേഹത്തിന്റെ പ്രതിനിധികള്‍ക്കും ജേഴ്സി, സൈപ്രസ് എന്നിവിടങ്ങളിലുള്ള 18 ഓഫ്ഷോര്‍ കമ്പനികളില്‍ കോടികളുടെ ആസ്തിയുണ്ട്. 130 കോടി ഡോളറിന്റെ ഇടപാടാണ് ഇത്തരത്തില്‍ നടന്നത്. സാമ്പത്തിക ക്രമക്കേടുകള്‍ക്കുശേഷം ഇന്ത്യ വിട്ട നീരവ് മോദിയുടെ സഹോദരി ഇന്ത്യയില്‍നിന്ന് രക്ഷപ്പെടുന്നതിന് ഒരു മാസം മുമ്പ് ഒരു ട്രസ്റ്റ് സ്ഥാപിച്ചിരുന്നു. ബയോകോണിന്റെ പ്രൊമോട്ടറായ കിരണ്‍ മജൂംന്ദാര്‍ ഷായുടെ ഭര്‍ത്താവ്, ഇന്‍സൈഡര്‍ ട്രേഡിംഗിനായി സെബി നിരോധിച്ച ഒരു വ്യക്തി വഴി ഉപയോഗിച്ച് ഒരു ട്രസ്റ്റ് സ്ഥാപിച്ചതായും അന്വേഷണം വെളിപ്പെടുത്തുന്നു. മറ്റു പ്രമുഖ ഇന്ത്യക്കാരും പ്രവാസി ഇന്ത്യക്കാരും സമാന നടപടികള്‍ സ്വീകരിച്ചിരുന്നതായും പന്‍ഡോറ വിവരച്ചോര്‍ച്ച വെളിപ്പെടുത്തുന്നു. അതേസമയം, പലരും പന്‍ഡോറ വെളിപ്പെടുത്തലുകള്‍ നിഷേധിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനമോ ക്രമക്കേടോ നടത്തിയിട്ടില്ലെന്നാണ് വിശദീകരണം. സച്ചിന്റെ സമ്പത്ത് നിയമാനുസൃതമാണെന്നും ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്‍പില്‍ അത് രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്.

സമ്പത്ത് രഹസ്യമായി സൂക്ഷിക്കുന്നതിനായി ലോകനേതാക്കളും സെലിബ്രിറ്റികളും ഉള്‍പ്പെടെ സമ്പന്നര്‍ സ്വീകരിച്ചിരിക്കുന്ന നൂതന മാര്‍ഗങ്ങളെക്കുറിച്ചാണ് പന്‍ഡോറ പേപ്പേഴ്സ് വെളിപ്പെടുത്തുന്നത്. 117 രാജ്യങ്ങളിലെ 150 മാധ്യമസ്ഥാപനങ്ങളില്‍ നിന്നുള്ള 600ഓളം മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ഐസിഐജെ) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഘട്ടം ഘട്ടമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് ഐസിഐജെ അറിയിച്ചിരിക്കുന്നത്. 

ഇന്ത്യ ഉള്‍പ്പെടെ 91 രാജ്യങ്ങളിലെ ലോകനേതാക്കള്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, സെലിബ്രിറ്റികള്‍ എന്നിവരുടെ രഹസ്യ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. കര്‍ശന നിയമങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നികുതി വെട്ടിപ്പ് നടത്തുന്നതിനായി സ്വീകരിച്ചിരിക്കുന്ന ഓഫ്ഷോര്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകളും 29,000 ഓഫ്ഷോര്‍ കമ്പനികളുടെയും ട്രസ്റ്റുകളുടെയും ഉടമസ്ഥാവകാശത്തിന്റെ വിശദാംശങ്ങളും ഉള്‍പ്പെടെ 2.94 ടെറാബൈറ്റ് രേഖകളാണ് പന്‍ഡോറ പേപ്പേഴ്സ് ചോര്‍ത്തിയിരിക്കുന്നത്. 

അതിസമ്പന്നരുടെ സാമ്പത്തിക ക്രമക്കേടുകളും രഹസ്യ ഇടപാടുകളും സംബന്ധിച്ചുള്ള രേഖകള്‍ പനാമ പേപ്പേഴ്സ് ഉള്‍പ്പെടെ ഏഴ് തവണ ചോര്‍ത്തപ്പെട്ടിരുന്നു. തുടര്‍ന്ന് ആഗോള തലത്തില്‍ സാമ്പത്തിക റെഗുലേറ്റര്‍മാര്‍ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളെയെല്ലാം മറികടക്കാനാവുന്ന വിധത്തില്‍ സമര്‍ഥവും നൂതനവുമായി വഴികള്‍ രഹസ്യ സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നതായി പന്‍ഡോറ പേപ്പേഴ്സ് വിവരച്ചോര്‍ച്ച വെളിപ്പെടുത്തുന്നു. രാജ്യത്തെ നിയമങ്ങളിലെ പാളിച്ചകള്‍, രാജ്യങ്ങളുടെ നിയമ പരിധിക്കു പുറത്തുള്ള പ്രദേശങ്ങളിലെ സാമ്പത്തിക ഇടപാടുകള്‍, സാമ്പത്തിക നിയമങ്ങള്‍ കര്‍ശനമല്ലാത്ത ടാക്സ് ഹാവെന്‍ രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ എന്നിങ്ങനെയുള്ള മാര്‍ഗങ്ങള്‍ മുതലെടുത്താണ് ഇത്തരം സാമ്പത്തിക തിരിമറികള്‍ നടന്നത്.

അസര്‍ബെയ്ജാന്‍ പ്രസിഡന്റ് ഇലാം അലിയേവ്, അദ്ദേഹത്തിന്റെ കുടുംബം, വിശ്വസ്തര്‍ എന്നിവരുടെ പേരില്‍ ബ്രിട്ടനില്‍ കോടികളുടെ ഭൂമി ഇടപാട് നടത്തിയിട്ടുണ്ട്. കെനിയന്‍ പ്രസിഡന്റ് ഉഹുരു കെന്യാത്ത, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍, ചെക്ക് പ്രധാനമന്ത്രി ആന്ദ്രെജ് ബാബിസ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, കൊളംബിയന്‍ ഗായിക ഷാക്കിറ, സൂപ്പര്‍ മോഡല്‍ ക്ലൗഡിയ ഷിഫെര്‍ തുടങ്ങിയവരുടെ രഹസ്യ സാമ്പത്തിക ഇടപാടുകളും രേഖകളും പന്‍ഡോറ പേപ്പേഴ്സ് വെളിപ്പെടുത്തിയിട്ടുണ്ട്.