ധന്‍ബാദ് ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; പ്രതികള്‍ ഉപയോഗിച്ചത് മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍

 
Jharkhand Judge

പ്രതികള്‍ ഉപയോഗിച്ച ഓട്ടോറിക്ഷ മോഷ്ടിച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു

ധന്‍ബാദിലെ ജഡ്ജി ഉത്തം ആനന്ദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ ഉപയോഗിച്ചിരുന്നത് മോഷ്ടിച്ച മൊബൈല്‍ ഫോണുകളാണെന്നാണ് പുതിയ വിവരം. വാഹനാപകടം ഉണ്ടാകുന്നതിനുമുമ്പ് പ്രതികള്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിരുന്നു. ഈ ഫോണുകളിലൂടെ പ്രതികള്‍ നിരവധിപ്പേരെ ബന്ധപ്പെട്ടിരുന്നുവെന്നും സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ മോഷ്ടിക്കപ്പെട്ടതു സംബന്ധിച്ച റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് നല്‍കാതിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെയും സസ്പെന്‍ഡ് ചെയ്തു. അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ ഡ്രൈവറും സഹായിയുമാണ് നേരത്തെ അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിച്ച ഓട്ടോറിക്ഷ മോഷ്ടിച്ചതാണെന്നും ഝാര്‍ഖണ്ഡ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.  

ജൂലൈ 28നായിരുന്നു ഉത്തം ആനന്ദ് കൊല്ലപ്പെടുന്നത്. പുലര്‍ച്ചെ അഞ്ചോടെ പ്രഭാത സവാരിക്കിടെ ഉത്തം ആനന്ദിനെ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കരുതിക്കൂട്ടി വാഹനം ഇടിപ്പിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. തിരക്കില്ലാത്ത റോഡില്‍വെച്ചാണ് ജഡ്ജി ഉത്തം ആനന്ദിനെ വാഹനം ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നു കിടന്ന ജഡ്ജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാധാരണ റോഡ് അപകടമായി കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ വഴിത്തിരിവായി. പുറകില്‍നിന്നെത്തിയ ഓട്ടോറിക്ഷ ജഡ്ജിയെ ഇടിച്ചുതെറിപ്പിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നുവെന്ന് വ്യക്തമായി. പൊലീസ് അന്വേഷണത്തിനൊടുവില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ലഖാന്‍ വര്‍മ, സഹായി രാഹുല്‍ വര്‍മ എന്നിവരെ അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ മോഷ്ടിച്ചതാണെന്നും കണ്ടെത്തി. അപകടത്തിനു മണിക്കൂറുകള്‍ക്കു മുമ്പു മാത്രമായിരുന്നു ഓട്ടോറിക്ഷ മോഷ്ടിക്കപ്പെട്ടത്. ഇതോടെ, സംശയം ശക്തമായി.

തുടര്‍ന്നാണ്, സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നത്. മാഫിയ സംഘങ്ങളുടെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉത്തം ആനന്ദ് കൈകാര്യം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍, സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ (എസ്സിബിഎ) ഉള്‍പ്പെടെ ആവശ്യപ്പെട്ടു. ഈമാസം നാലിന് സുപ്രീംകോടതി കേസ് അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു. സിബിഐ അന്വേഷണത്തിലാണ് സംഭവത്തിലെ ദുരൂഹത കൂടുതല്‍ മറനീക്കി പുറത്തുവരുന്നത്.