മൈസൂരു കൂട്ടബലാത്സംഗം: അഞ്ച് പ്രതികള്‍ അറസ്റ്റില്‍

 
mysuru

മൈസൂരു കൂട്ടബലാത്സംഗ കേസില്‍ തിരുപ്പതി സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍.  പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്ത ആളാണെന്നാണ് സംശയം. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കേസില്‍ മലയാളി വിദ്യാർത്ഥികൾ അടക്കം 35 പേരെ ചോദ്യം ചെയ്തിരുന്നു.

കര്‍ണാടക ഡി.ജി. പ്രവീണ്‍ സൂദ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അഞ്ച് പ്രതികളും അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചത്. പ്രതികളെല്ലാം നിര്‍മാണ തൊഴിലാളികളാണ്. തമിഴ്നാട്ടില്‍നിന്ന് മൈസൂരുവില്‍ ജോലിക്കെത്തിയ ഇവര്‍ സംഭവത്തിനുശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും കര്‍ണാടക ഡി.ജി. പറഞ്ഞു. അതേസമയം, പ്രതികളുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

വ്യാഴാഴ്ച മൈസൂരു ചാമുണ്ഡി മലയടിവാരത്തെ പാറക്കെട്ടില്‍ ഇരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതികള്‍ ബലാത്സംഗം ചെയ്തത്. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെട്ടത് സുഹൃത്ത് എതിര്‍ത്തതോടെ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂരമായ പീഡനമാണ് പെണ്‍കുട്ടി നേരിട്ടതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ തലയില്‍ കല്ല് കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങളും പകര്‍ത്തി. ശേഷം പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് വിസമ്മതിച്ചോടെ വീണ്ടും പീഡിപ്പിച്ച് വന്യമൃഗങ്ങള്‍ ഇറങ്ങുന്ന പ്രദേശത്ത് ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പൊലീസിന്റെ സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും തിരിച്ചിട്ടുണ്ടെന്ന് സോണല്‍ ഐജി മാധ്യമങ്ങളോട് പറഞ്ഞു.