മൈസൂരു ബലാത്സംഗക്കേസ്; പ്രതികളെ ഹൈദരാബാദ് മാതൃകയില്‍ നേരിടണമെന്ന് കുമാരസ്വാമി

 
kumaraswami

മൈസൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രതികളെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബലാത്സംഗക്കേസിലെ പ്രതികളെ ഹൈദരാബാദ് പോലീസ് കൈകാര്യം ചെയ്ത രീതിക്ക് സമാനമായി വെടിവെച്ചുകൊല്ലണമെന്ന് മുന്‍മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി.

ലൈംഗികപീഡനക്കേസിലെ കുറ്റവാളികള്‍ ജയിലിലാകുമെങ്കിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങും. ഇത്തരം കുറ്റകൃത്യം തടയാന്‍ ഈ രീതി കാര്യക്ഷമമല്ല. ഹൈദരാബാദ് പോലീസ് ചെയ്തതുപോലത്തെ നടപടിയാണ് സര്‍ക്കാര്‍ എടുക്കേണ്ടതെന്ന് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ മദ്യപാനം നടക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരണം. മൈസൂരുവിലുണ്ടായ സംഭവം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. വിജനമായ സ്ഥലങ്ങളില്‍ നിരീക്ഷണം വേണം. ഗ്രാമപ്രദേശങ്ങളില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കുമാരസ്വാമി പറഞ്ഞു.

അതിനിടെ ബലാത്സംഗക്കേസ് പ്രതികളെ വെടിവെച്ചുകൊല്ലണമെന്ന കുമാരസ്വാമിയുടെ പരാമര്‍ശത്തിനെതിരേ വിമര്‍ശനമുയരുകയാണ്. പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുന്നത് ക്രിമിനല്‍ കുറ്റമല്ലേ എന്ന് സുപ്രീം കോടതി അഭിഭാഷകനായ കെ.വി ധനഞ്ജയ് ട്വീറ്റ് ചെയ്തു. മൈസൂരു പീഡന സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന ബിജെപി എംപി ജി.എം.സിദ്ധേശ്വരയുടെ പ്രതികരണവും വിവാദമായി. താന്‍ കണ്ടിട്ടുമില്ല, മൈസൂരുവിനെ പ്രതിനിധീകരിക്കുന്ന ആളുമല്ലെന്നായിരുന്നു എംപിയുടെ പ്രതികരണം.