EXCLUSIVE: ലോക്ഡൗണ്‍ കൊണ്ട് കൊറോണ പടരുന്നത് തടയാന്‍ കഴിയില്ല, താത്ക്കാലിക ആശ്വാസം മാത്രമെന്ന് സര്‍ക്കാരിനറിയാമായിരുന്നു; രേഖകള്‍ പുറത്ത്

 
EXCLUSIVE: ലോക്ഡൗണ്‍ കൊണ്ട് കൊറോണ പടരുന്നത് തടയാന്‍ കഴിയില്ല, താത്ക്കാലിക ആശ്വാസം മാത്രമെന്ന് സര്‍ക്കാരിനറിയാമായിരുന്നു; രേഖകള്‍ പുറത്ത്

2020 മാര്‍ച്ച് 24ന് ലോകത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ട് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, കോവിഡ്-19 മഹാമാരിയെ നിയന്ത്രിക്കുന്നതില്‍ നാമമാത്രവും താല്‍ക്കാലികവുമായ പ്രഭാവം വരുത്താന്‍ മാത്രമേ അടച്ചുപൂട്ടല്‍ കൊണ്ടു സാധിക്കൂവെന്നും, കോവിഡ്-19 വ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ കണ്ടെത്തിയ 20-25 ശതമാനം വരെ രോഗബാധ തടയാന്‍ മാത്രമേ അതുമൂലം സാധിക്കുകയുള്ളൂവെന്നും ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ഗവേഷക സംഘടന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹാമാരി നിയന്ത്രിക്കുന്നതിന് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള മറ്റ് നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്ത പക്ഷം ഇത് ഒരു 'താത്ക്കാലിക' ആശ്വാസം മാത്രമായിരിക്കുമെന്നും സര്‍ക്കാരിനെ അറിയിച്ചിരുന്നു

ഇത് വരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്ത ഈ വിവരങ്ങള്‍, 2020 ഏപ്രില്‍ 22-ലെ കണക്ക് പ്രകാരം 652 ജീവനുകള്‍ കവരുകയും19818 പേരെ രോഗബാധിതരാക്കുകയും ഓരോ മൂന്ന് ദിവസത്തിലും ഇരട്ടിയാവുകയും ചെയ്യുന്ന കൊറോണ രോഗത്തെ അഭിസംബോധന ചെയ്യുന്ന ദൗത്യം ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള, സര്‍ക്കാരിന്റെ ഡോക്ടര്‍മാരുടെയും പകര്‍ച്ചവ്യാധി ഗവേഷകരുടെയും മറ്റ് വിദഗ്ധരുടെയും ഏജന്‍സിയായ ഇന്ത്യന്‍ ആരോഗ്യ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) നടത്തിയ ആഭ്യന്തര വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്.

"വരും ദിവസങ്ങളില്‍ പൊതുവായ രോഗവ്യാപനം ഉണ്ടാവുമെന്ന് വ്യക്തമാണ്", സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച വിലയിരുത്തലില്‍ മഹാമാരിയുമായി ബന്ധപ്പെട്ട ഉന്നത ഉപദേശകന്‍ വിനോദ് കെ പോള്‍ ചൂണ്ടിക്കാട്ടി. ഇത് അഴിമുഖം പരിശോധിച്ചതാണ്.

നീതി ആയോഗ് അംഗം കൂടിയായ പോള്‍, നിയന്ത്രണമില്ലാത്ത രീതിയില്‍ വൈറസ് ജനങ്ങള്‍ക്കിടയില്‍ പടരുന്നതിനെക്കുറിച്ചാണ് പറയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിദഗ്ദ നിലപാടുകളെ സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. മോദി തന്നെ സമ്മതിക്കുന്നത് പോലെ അടച്ചു പൂട്ടല്‍ - പ്രത്യേകിച്ചും ദരിദ്രര്‍ക്ക് - 'സാമ്പത്തിക ക്ലേശങ്ങള്‍ക്കും വേദനയ്ക്കും സഹനങ്ങള്‍ക്കും' കാരണമായിട്ടുണ്ടെങ്കിലും പോളിന്റെ അവതരണ പ്രകാരം വ്യാപനത്തിന്റെ മൂര്‍ദ്ധന്യത്തില്‍ പ്രതിദിനം 40 ശതമാനം കണ്ട് വ്യാപനം തടയാന്‍ അതുമൂലം സാധിക്കും. മാത്രമല്ല, സര്‍ക്കാര്‍ ഇതുവരെ അവഗണിച്ചിരിക്കുന്ന തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാനും ഈ സമയം ഉപകരിക്കും. സര്‍ക്കാര്‍ അവഗണനയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഈ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.വീടുവീടാന്തരമുള്ള പരിശോധനയും രോഗലക്ഷണം കാണിക്കുന്നവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതുമെല്ലാം ഈ സമയത്ത് ചെയ്യാവുന്നതാണ്. മഹാമാരി മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍, രോഗബാധിതരുടെ എണ്ണം ഇതുവഴി ഗണ്യമായി കുറയ്ക്കാനും മഹാമാരി അവസാനിക്കുമ്പോഴേക്കും രോഗബാധിതരുടെ എണ്ണം നാമമാത്രമാക്കാനും ഇത്തരം നടപടികളിലൂടെ സാധിക്കുമെന്ന് പോള്‍ സൂചിപ്പിച്ചിരുന്നു.

ഇത്തരം നടപടികള്‍ക്കുള്ള 'തയ്യാറെടുക്കലാണ് അടച്ചുപൂട്ടലിന്റെ ഏറ്റവും സമര്‍ത്ഥമായ ഉപയോഗം' എന്ന് സര്‍ക്കാരിനു മുന്നില്‍ നടത്തിയ അവതരണത്തിനിടയില്‍ പോള്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ അനുവദിച്ച സമയത്തില്‍ ഒരാഴ്ച, പദ്ധതികള്‍ തയ്യാറാക്കുന്നതിനും കണക്കെടുപ്പ് നടത്തുന്നതിനും വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാതലത്തിലും ദേശീയ തലത്തിലും കൃത്യമായ കണക്കുകളെ സംബന്ധിച്ചുളള സൂചനകള്‍ നല്‍കുന്നതിനും അത് വഴി കഴിയും.

രാജ്യത്തെമ്പാടും പനിയും ചുമയുമുള്ള ആളുകളുടെ വലിയ സംഖ്യയെ പരിശോധിക്കുന്നതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് പോള്‍ അവതരണത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു: 1. ദരിദ്രര്‍ക്ക് വീടുവീടാന്തരം ഭക്ഷണവും അവശ്യ സാധനങ്ങളും വിതരണം ചെയ്യുക.

2. ഓരോ ജില്ലകളും കോവിഡ്-19ന്റെ സാന്നിധ്യം അളക്കുകയും രോഗബാധയുടെ രീതികള്‍ നിരീക്ഷിക്കുകയും ചെയ്യുക. 3. രോഗബാധിതരായവരെ തിരിച്ചറിയുന്നതിനും മാറ്റിപ്പാര്‍പ്പിക്കുന്നതിനുമായി 'അതിവേഗ റിപ്പോര്‍ട്ടിംഗ്.' 4. ചേരികളും വീടുകളും പോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും മറ്റും താമസിക്കുന്നവരെ കേന്ദ്രീകൃത മാറ്റിപ്പാര്‍പ്പിക്കല്‍. 5. രോഗ വ്യാപനം മൂര്‍ദ്ധന്യത്തിലാവുന്ന ഘട്ടത്തിലേക്ക് ആവശ്യമായ ആശുപത്രി കിടക്കകളുടെയും തീവ്രപരിചരണ സംവിധാനങ്ങളുടെയും ദ്രുതഗതിയിലുള്ള വര്‍ദ്ധന. ആവശ്യമായ വെന്റിലേറ്ററുകളുടെയും ആശുപത്രി കിടക്കകളുടെയും എണ്ണം നോക്കുമ്പോള്‍, ഏപ്രില്‍ ആദ്യവാരം ഉണ്ടാകാവുന്ന രോഗികളെ ചികില്‍സിക്കുന്നതിനുള്ള തയ്യാറെടുപ്പ് ഇന്ത്യയിലുണ്ടായിരുന്നില്ലെന്നാണ് പോളിന്റെ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വ്യക്തമാകുന്നത്. രോഗബാധിതരുടെ വര്‍ദ്ധനയ്ക്കനുസരിച്ച് ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമായി വരുമെന്നും പോള്‍ സൂചിപ്പിച്ചിരുന്നു. "ഒരു പ്രദേശത്ത് ദൈനംദിന രോഗബാധിതരുടെ എണ്ണം അഞ്ഞൂറ് ആവുകയാണെങ്കില്‍", ആ നിശ്ചിത പ്രദേശത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സര്‍ക്കാരിന് 150 വെന്റിലേറ്ററുകളും മൂന്നൂറ് തീവ്ര ശുശ്രൂഷ കിടക്കകളും 1200 - 6000 ആശുപത്രി കിടക്കകളും ആവശ്യമായി വരുമെന്ന ഒരു കണക്കുകൂട്ടലും അദ്ദേഹം നടത്തിയിരുന്നു. എന്നിരുന്നാലും, ഐസിഎംആര്‍ തങ്ങളുടെ ഗവേഷണത്തില്‍ നിന്നും വികസിപ്പിച്ചെടുത്ത മറ്റൊരു അവതരണത്തില്‍ പറയുന്നത് പോലെ, പോളിന്റെ അവതരണം ഒരു ഭാഗിക ചിത്രം മാത്രമാണ് പ്രദാനം ചെയ്യുന്നത്. കുറച്ചുകൂടി ഭയാനകമായ ഒരു മുന്നറിയിപ്പാണ് ഐസിഎംആര്‍ ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

'വിനാശകരമായ എണ്ണത്തോട് കൂടിയ വലിയ അളവിലുള്ള വ്യാപനം'"വിനാശകരമായ എണ്ണത്തോട് കൂടിയ വിപുലമായ വ്യാപനം ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്", ഈ പ്രവചനമാണ് ഐസിഎംആര്‍ നടത്തിയതും സര്‍ക്കാരിനെ ഉപദേശിക്കുന്നതിനായി പിന്നീട് പോള്‍ ഉപയോഗിച്ച കരട് അവതരണത്തില്‍ അടിവരയിട്ടതും. ഏപ്രില്‍ ആദ്യവാരമാണ് ഐസിഎംആറിന്റെ കരട് അവതരണം പോളിന് അയച്ചുകൊടുത്തത്. അടച്ചുപൂട്ടല്‍ മൂലം കുറയാന്‍ സാധ്യതയുള്ള കോവിഡ്-19 രോഗബാധയുടെ നാല്‍പത് ശതമാനം കുറവ് എന്ന അനുമാനം സിദ്ധാന്തപരം മാത്രമാണെന്നാണ് ഐസിഎംആര്‍ വിലയിരുത്തല്‍. യഥാര്‍ത്ഥത്തില്‍, അടച്ചുപൂട്ടല്‍ മൂലം 20-25 ശതമാനം മാത്രമേ കുറവുണ്ടാകുവെന്നാണ് ഐസിഎംആര്‍ വിദഗ്ധരുടെ അനുമാനം.

ഞങ്ങള്‍ പോളിനും ആരോഗ്യ മന്ത്രാലയത്തിനും ഐസിഎംആറിനും ആദ്യം വിശദമായ ചോദ്യാവലികള്‍ അയച്ചു കൊടുക്കുകയും പിന്നീട് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആരും പ്രതികരിച്ചില്ല. അവര്‍ പ്രതികരിക്കുന്ന മുറയ്ക്ക് ഈ റിപ്പോര്‍ട്ടില്‍ അവ ഉള്‍ക്കൊള്ളിക്കും.

അതിനിടെ, അടച്ചുപൂട്ടല്‍ ഒരു വിജയമാണ് എന്ന് സൂചിപ്പിക്കുന്ന ഒരു ഗ്രാഫ് ഏപ്രില്‍ 11-ന് ആരോഗ്യ മന്ത്രാലയം മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.

കോവിഡ്-19 രോഗബാധിതരുടെ എണ്ണം ഏപ്രില്‍ പത്തോടെ പ്രതീക്ഷിച്ചിരുന്ന 2,08,000-ത്തില്‍ നിന്നും 7,477-ലേക്ക് പരിമിതപ്പെടുത്താന്‍ അല്ലെങ്കില്‍ സംഭവിക്കാമായിരുന്നതിന്റെ 3.60 ശതമാനത്തിലേക്ക് ഒതുക്കാന്‍ അടച്ചുപൂട്ടലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലൂടെയും സാധിച്ചതായി ആരോഗ്യ മന്ത്രാലയം ഇതില്‍ ചൂണ്ടിക്കാണിച്ചു.

അതേ സമയം, ആഗോളതലത്തില്‍ കോവിഡ്-19 രോഗത്തിനുള്ള ഏറ്റവും കുറഞ്ഞ അളവിലുള്ള പരിശോധനകള്‍ നടക്കുന്നത് ഇന്ത്യയിലാണെന്ന വസ്തുത കണക്കിലെടുക്കുകയോ അത് പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നതല്ല ഈ ഗ്രാഫെന്ന് വിദഗ്ധര്‍ പറയുന്നു.

"നമ്മുടെ പരിശോധന നിരക്ക് വളരെ മോശമായതിനാലും ഏപ്രില്‍ പകുതി വരെ നോക്കിയാല്‍ രോഗികളുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ട ചരിത്രമില്ലാത്ത, എന്നാല്‍ രോഗലക്ഷണങ്ങളുള്ളവരെ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നതിനാലും സര്‍ക്കാരിന്റെ കണക്കുകള്‍ പരിഗണന അര്‍ഹിക്കുന്നില്ല", എന്ന് ദേശീയ ആരോഗ്യ സംവിധാന വിഭവ കേന്ദ്രത്തിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ആരോഗ്യ സംവിധാന പഠന കേന്ദ്രത്തിന്റെ മുന്‍ ഡീനുമായ ടി. സുന്ദരരാമന്‍ ചൂണ്ടിക്കാണിക്കുന്നു. ഏതായാലും, ഒടുവില്‍ സര്‍ക്കാരിന്റെ പരിശോധന നിരക്ക് മെച്ചപ്പെടാന്‍ തുടങ്ങിയതോടെ, ദേശീയതലത്തില്‍ കോവിഡ്-19 രോഗബാധയുടെ നാലില്‍ ഒന്ന് സംയോജിതമായി നിലനില്‍ക്കുന്ന മഹാനഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും ഹോട്‌സ്‌പോട്ടുകളുടെ എണ്ണം കൂടി. നിയന്ത്രണ മേഖലകളുടെയും എണ്ണവും വര്‍ദ്ധിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. അടച്ചുപൂട്ടല്‍ ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷം, മാര്‍ച്ച് 31-ന് സുപ്രീം കോടതിക്ക് മുന്നില്‍ സര്‍ക്കാര്‍ ഇങ്ങനെയൊരു അവകാശവാദവും സര്‍ക്കാര്‍ മുന്നോട്ട് വച്ചു: "ചങ്ങല ഭേദിക്കുകയും (വൈറസ് രോഗബാധയുടെ) പൂര്‍ണമായ സാമൂഹ്യ അകലം പാലിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതിന് ദേശീയതലത്തില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുകയാണ് ആരോഗ്യപരമായി അഭിലഷണീയവും ആശാസ്യവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധ സംഘങ്ങളുമായുള്ള വിശദവും സൂക്ഷ്മവുമായ ചര്‍ച്ചകള്‍ക്ക് ശേഷവും, സാധ്യമായ അന്തരഫലങ്ങളും മറ്റ് സാധ്യതകളും വിശദമായി പരിഗണിച്ചതിന് ശേഷവുമാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം കൈക്കൊണ്ടത്", എന്നായിരുന്നു അത്.രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരുടെ പരിമിതമായ പരിശോധനകളും ഹോട്‌സ്‌പോട്ടുകളാവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പരിമിതമായ നിരീക്ഷണങ്ങളും മാത്രം ഏര്‍പ്പെടുത്തിയതിന് ശേഷവും, അടിസ്ഥാനപരമായി വിദേശങ്ങളില്‍ നിന്നും വന്നവരില്‍ നിന്നും രോഗം ബാധിച്ചവരെ കണ്ടെത്താന്‍ കഴിയുന്ന തരത്തിലുള്ള വളരെ നിയന്ത്രിത ഘട്ടം മാത്രമായ 'പ്രാദേശിക വ്യാപനത്തില്‍,' രോഗബാധ ഒതുങ്ങിയിരിക്കുന്നു എന്ന് ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്താണ് ഐസിഎംആര്‍ ശുപാര്‍ശ ചെയ്തത്? "മറ്റ് നിയന്ത്രണങ്ങള്‍ ഇല്ലാത്തപക്ഷം അടച്ചുപൂട്ടല്‍ പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ മടങ്ങിവരവിന് കാരണമാകും" എന്ന് ഐസിഎംആറിന്റെ ആഭ്യന്തര കരട് അവതരണത്തില്‍ പറയുന്നു. രാജ്യത്തെമ്പാടു നിന്നുമുള്ള വിവരശേഖരണം, ആഴ്ചയില്‍ രണ്ട് വട്ടമുള്ള ഗൃഹ സന്ദര്‍ശനങ്ങളിലൂടെ നിരീക്ഷണം ശക്തിപ്പെടുത്തല്‍, കോവിഡ്19 രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ വ്യാപക മാറ്റിപ്പാര്‍പ്പിക്കല്‍ എന്നിവ ഈ നടപടികളില്‍ ഉള്‍പ്പെടുന്നു.

ഡല്‍ഹിയില്‍ രോഗബാധിതരായവരുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍, ദേശീയതലത്തില്‍ കോവിഡ്-19 വ്യാപനത്തില്‍ അടച്ചുപൂട്ടല്‍ സൃഷ്ടിക്കുന്ന മാറ്റം വിലയിരുത്തിക്കൊണ്ട്, 21 ദിവസത്തെ അടച്ചുപൂട്ടല്‍ കണക്കിലെടുത്താല്‍ പോലും 13 ലക്ഷം രോഗബാധിതരുണ്ടാവാം എന്നാണ് ഐസിഎംആര്‍ പറയുന്നത്. രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യം വൈകിപ്പിക്കാന്‍ അടച്ചുപൂട്ടല്‍ കൊണ്ട് സാധിച്ചേക്കും എന്ന് ഐസിഎംആര്‍ വിലയിരുത്തുന്നുണ്ട്. അടച്ചുപൂട്ടല്‍ മൂലം ആദ്യ രോഗബാധ ഉണ്ടായ ദിവസത്തില്‍ നിന്നും മൂര്‍ദ്ധന്യാവസ്ഥയിലേക്ക് ദൈനംദിന രോഗബാധ എത്താന്‍ 100-150 ദിവസങ്ങള്‍ എടുത്തേക്കാം; അടച്ചുപൂട്ടല്‍ നിലനില്‍ക്കുമ്പോള്‍ മൂര്‍ദ്ധന്യത്തിലെത്താന്‍ 150-200 ദിവസങ്ങളും. ദേശീയതലത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ അന്തിമമായി മാറ്റം വരുന്നില്ല എന്നര്‍ത്ഥം. മോദി ഏപ്രില്‍ 14ന് ഒന്നാംഘട്ട അടച്ചുപൂട്ടല്‍ ദീര്‍ഘിപ്പിച്ചു. വൈറസ് വ്യാപനം മൂര്‍ധന്യാവസ്ഥയില്‍ എത്തുന്ന ഘട്ടത്തില്‍ ലോക്ഡൗണ്‍ കൊണ്ട് ഉണ്ടാകാവുന്ന പ്രയോജനം പരിമിതമായിരിക്കുമെന്നും നടപ്പിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നുമാണ് ഐസിഎംആര്‍ വിലയിരുത്തിയത്. "ഇതുവരെയുള്ള അറിവുവെച്ച് , ഏറ്റവും വേഗത്തില്‍ മാറ്റിപ്പാര്‍പ്പിക്കുക മാത്രമാണ് വ്യാപനം തടയാനുള്ള ഏക പ്രക്രിയ", സര്‍ക്കാര്‍ നിലവില്‍ ചെയ്തുവരുന്ന, കോവിഡ്-19 രോഗം നിര്‍ണയിച്ചവരെ മാത്രമല്ല, രോഗലക്ഷണം കാണിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കുന്നതിനെ പരാമര്‍ശിച്ചുകൊണ്ട് ഐസിഎംആര്‍ ചൂണ്ടിക്കാണിക്കുന്നു. "ഒരു സാമൂഹ്യ അടിസ്ഥാന പരിശോധനയിലൂടെയും മാറ്റിപ്പാര്‍പ്പിക്കല്‍ തന്ത്രത്തിലൂടെയും" വൈറസ് വ്യാപനം നിയന്ത്രിക്കാം എന്നാണ് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നത്. രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ഓരോ രണ്ടാമത്തെ ആളെയും 48 മണിക്കൂറിനുള്ളിലും ഓരോ നാലില്‍ മൂന്നാമത്തെ വ്യക്തിയെ നാല് ദിവസത്തിനുള്ളിലും മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്. നിലവില്‍, കോവിഡ്-19 രോഗം സ്ഥിരീകരിച്ചവരെയും രോഗലക്ഷണങ്ങളോടെ സ്വയം ആശുപത്രികളെ സമീപിച്ചവരെയും മാത്രമാണ് മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍, വീടുവീടാന്തരമുള്ള പ്രചാരണം ഏറ്റെടുത്തുകൊണ്ട് വ്യാപക അളവിലുള്ള നിരീക്ഷണവും വര്‍ദ്ധിത പരിശോധനയും രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരുടെ നിര്‍ബന്ധിത മാറ്റിപ്പാര്‍പ്പിക്കലുമാണ് ഐസിഎംആര്‍ ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, മാര്‍ച്ച് 24ന് സര്‍ക്കാര്‍ അവകാശപ്പെട്ടതുപോലെ, 'കണ്ണികള്‍ മുറിക്കുന്നതിനുള്ള' മാര്‍ഗ്ഗമല്ല അടച്ചുപൂട്ടല്‍ അഥവാ ലോക്ഡൗണ്‍.ഐസിഎംആര്‍ അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍, അടച്ചുപൂട്ടല്‍ സര്‍ക്കാരിന് കൂടുതല്‍ സാവകാശം നല്‍കും എന്ന് മാത്രമാണ് പോളിന്റെ ഉപദേശം. 'പരിചരണത്തിന്റെ തുടര്‍ച്ച' എന്ന് അദ്ദേഹം വിശേഷിപ്പിച്ചതിന് ആവശ്യമായ ആശുപത്രി സൗകര്യങ്ങളും പരിശോധനകളും വര്‍ദ്ധിപ്പിക്കുന്നതിന് ഈ അവസരം വിനിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഓരോ രണ്ടാമത്തെ രോഗബാധ സംശയിക്കുന്ന വ്യക്തിയെയും 48 മണിക്കൂറിനുള്ളില്‍ കണ്ടെത്തുകയും മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രവര്‍ത്തനങ്ങളുടെ വിശാല ലക്ഷ്യമെന്ന് അദ്ദേഹം തന്റെ അവതരണത്തില്‍ പറയുന്നു.

നാല് മണിക്കൂറിന്റെ മാത്രം മുന്നറിയിപ്പില്‍ നടപ്പാക്കപ്പെട്ടത് മൂലം, തൊഴിലും ഭക്ഷണവും നഷ്ടപ്പെട്ട ആയിരക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികളെ വഴിയാധാരമാക്കിയതിന്റെ പേരില്‍ വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയതാണ് അടച്ചുപൂട്ടല്‍. ഇത് നടപ്പിലാക്കിയത് നിര്‍ബന്ധിതവും പലപ്പോഴും ഉരുക്ക് മുഷ്ടി ഉപയോഗിച്ചുള്ളതുമായ പോലീസ് നടപടികളിലൂടെയാണെന്നും വിമര്‍ശനമുണ്ട്.

രോഗബാധ കണ്ടെത്തിയ ഓരോ രണ്ടാമത്തെ വ്യക്തിയെയും 48 മണിക്കൂറിനുള്ള മാറ്റിപാര്‍പ്പിക്കുന്നതിന് തന്ത്രത്തിലുള്ള മാറ്റം ആവശ്യമാണ്. നിരീക്ഷണം, പരിശോധന, മാറ്റിപ്പാര്‍പ്പിക്കല്‍ എന്നിവ അഭൂതപൂര്‍വമായ അളവില്‍ വര്‍ദ്ധിപ്പിക്കണമെന്ന് പോളിന്റെ ഉപദേശം സൂചിപ്പിക്കുന്നു.

തങ്ങള്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി അവകാശപ്പെടുന്നത്. "ഇന്ത്യ സമഗ്രവും സംയോജിതവുമായ സമീപനവും ദ്രുതഗതിയിലുള്ള തീരുമാനങ്ങളും കൈക്കൊണ്ടില്ലെങ്കില്‍ രാജ്യത്തെ അവസ്ഥ എന്താകുമെന്ന് ആലോചിക്കുന്ന ഒരാള്‍ക്ക് വേവലാതിയുണ്ടാവാം" എന്ന് ഏപ്രില്‍ 14ന് അടച്ചുപൂട്ടല്‍ ദീര്‍ഘിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. "മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ സാഹചര്യം വിലയിരുത്തുമ്പോള്‍, തിരഞ്ഞെടുത്ത വഴി ശരിയായ വഴിയായിരുന്നു എന്ന് വ്യക്തമാണ്. അടച്ചുപൂട്ടലും സാമൂഹ്യ അകലം പാലിക്കലും വഴി രാജ്യം വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഒരു ലക്ഷം ആശുപത്രി കിടക്കകളുണ്ട്. 600 ആശുപത്രികള്‍ ഇതിനകം തയ്യാറായി കഴിഞ്ഞു", അദ്ദേഹം പറഞ്ഞു. (തുടരും)