EXCLUSIVE: കേന്ദ്രം ലോക്ഡൗണ്‍ നീട്ടിയത് ഐസിഎംആറിന്റെ ശുപാര്‍ശ അവഗണിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്; രോഗികളുടെ എണ്ണം കൂടിയതിന് കാരണം ശാസ്ത്രീയ ഉപദേശങ്ങൾ മറികടന്നത്

 
EXCLUSIVE: കേന്ദ്രം ലോക്ഡൗണ്‍ നീട്ടിയത് ഐസിഎംആറിന്റെ ശുപാര്‍ശ അവഗണിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്; രോഗികളുടെ എണ്ണം കൂടിയതിന് കാരണം ശാസ്ത്രീയ ഉപദേശങ്ങൾ മറികടന്നത്

കോവിഡ്-19 ലക്ഷണങ്ങള്‍ കാണിക്കുന്ന ആളുകളെ തിരിച്ചറിയുന്നതിനായി ഓരോ ജില്ലയിലും വീടുവീടാന്തരം കയറിയുള്ള നിരീക്ഷണം നടപ്പിലാക്കുക. ലക്ഷണങ്ങളുള്ളവരെ പരിശോധനാ ഫലങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാതെ എത്രയും പെട്ടെന്നു തന്നെ ക്വാറന്റൈന്‍ ചെയ്യുക. അത്തരം ക്വാറന്റൈനുകളും ജില്ലയിലെ സജീവ നിരീക്ഷണവും ആരംഭിച്ച് 14 ദിവസങ്ങള്‍ക്ക് ശേഷം കോവിഡ്-19 കേസുകള്‍ 40 ശതമാനത്തില്‍ താഴേക്ക് പോവുകയും ഭാവിയില്‍ വരാവുന്ന രോഗികളെ കൈകാര്യം ചെയ്യാന്‍ അവിടുത്ത ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍ തയ്യാറാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രം അടച്ചുപൂട്ടലില്‍ ഇളവുകള്‍ വരുത്തുക. ഈ നിബന്ധനകള്‍ പാലിക്കപ്പെടുമ്പോള്‍ മാത്രമേ ഓരോ ജില്ലയിലെയും ലോക്ഡൗണ്‍ എടുത്ത് കളയാവൂ എന്ന് ഇന്ത്യന്‍ ആരോഗ്യ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) കേന്ദ്ര സര്‍ക്കാരിന് ഉപദേശം നല്‍കി. ഏപ്രില്‍ ആദ്യവാരം സര്‍ക്കാരിന് മുന്നില്‍ ഐസിഎംആര്‍ നടത്തിയ അവതരണം അഴിമുഖം വിശകലനം ചെയ്തു. ലോകത്തിലെ ഏറ്റവും കര്‍ക്കശമായ അടച്ചുപൂട്ടലില്‍ ഇളവുകള്‍ വരുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ അവര്‍ മുന്നോട്ട് വച്ചിട്ടുണ്ടായിരുന്നു.

'നിലവിലുള്ള ഫലപ്രദമായ ഇടപെടല്‍ ഇത് മാത്രമാണ്,' എന്നും 'ഒരു ഇടപെടലും ഉണ്ടായിരുന്നില്ലായിരുന്നെങ്കില്‍ രോഗബാധിതരുടെ എണ്ണം ഇതിലും വര്‍ദ്ധിക്കുകമായിരുന്നു' എന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'പ്രാദേശിക നിരീക്ഷണവും വിവര വിശകലനവും ഇല്ലാതെ അടച്ചുപൂട്ടലില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കരുത്,' എന്നും അവര്‍ പറഞ്ഞിരുന്നു.

ആദ്യം ആറാഴ്ച പ്രഖ്യാപിച്ചും പിന്നീട് രണ്ട് തവണ നീട്ടിവെക്കപ്പെട്ടതുമായ അടച്ചുപൂട്ടല്‍ 50 ദിവസങ്ങള്‍ പിന്നിടുമ്പോഴും, ദേശവ്യാപകമായി വീടുവീടാന്തരം കയറിയുള്ള നിരീക്ഷണം നടപ്പില്‍ വരുത്താനോ, അടച്ചുപൂട്ടല്‍ പിന്‍വലിക്കുന്നതിനായി ഐസിഎംആര്‍ നിര്‍ദ്ദേശിച്ച 'തീരുമാനമെടുക്കല്‍ പക്രിയ'യെ പിന്തുടരാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പകരം, അടച്ചുപൂട്ടലിന്റെ കാര്യക്ഷമത വിലയിരുത്തുന്നതിനും രാജ്യത്തെമ്പാടുമുള്ള 700 ജില്ലകളില്‍ ഇളവുകള്‍ തീരുമാനിക്കുന്നതിനും വളരെ ദുര്‍ഗ്രഹമായ അളവുകോലുകള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ അളവുകോലുകളുടെ വിശദാംശങ്ങള്‍ ഇതുവരെ സംസ്ഥാനങ്ങളോട് വെളിപ്പെടുത്തിയിട്ടുമില്ല.

ലോക്ഡൗണ്‍ നിലവിലുണ്ടായിട്ടും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതിന് കാരണം വിദഗ്ധരുടെ ഉപദേശങ്ങള്‍ തൃണവത്ഗണിച്ചതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മാര്‍ച്ച് 24ന് അടച്ചുപൂട്ടല്‍ ആരംഭിച്ചപ്പോള്‍, കോവിഡ്-19 ബാധിച്ച 618 സജീവ രോഗികളെ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരുന്നു. മേയ് 11 ആയപ്പോഴേക്കും ഇത് 67,000 ആയി അതായത് 10741 ശതമാനം കണ്ട് വര്‍ദ്ധിച്ചു. മേയ് ഏഴിന്റെ കണക്കുകള്‍ പ്രകാരം, ഡല്‍ഹി, മുംബെ, ചെന്നൈ, അഹമ്മദാബാദ് എന്നിവ ഉള്‍പ്പെടെയുള്ള 15 പ്രധാന നഗരങ്ങളിലാണ് രോഗബാധിതരുടെ 60 ശതമാനവും ഉള്ളത്. ഈ നഗരങ്ങളില്‍ അടച്ചുപൂട്ടല്‍ നിലവിലുണ്ടായിരുന്നു. എന്നിട്ടും രോഗികള്‍ വര്‍ധിച്ചു. 67 രോഗബാധിതരുമായാണ് മുംബൈയില്‍ അടച്ചുപൂട്ടല്‍ ആരംഭിച്ചത്; മേയ് 11 ആയപ്പോഴേക്കും ഇത് 13,000 ആയി. അതായത് 19303 ശതമാനം വര്‍ദ്ധിച്ചു; 35 സജീവ രോഗികളുണ്ടായിരുന്ന ഡല്‍ഹിയില്‍ മേയ് 11 ആയപ്പോഴേക്കും 7,233 രോഗികളായി. അതായത് 20,565 ശതമാനം വര്‍ദ്ധിച്ചു; അഹമ്മദാബാദില്‍ മാര്‍ച്ച് 25ന് 14 രോഗികളുണ്ടായിരുന്നത് മേയ് 11 ആയപ്പോഴേക്കും 5,818 ആയി; വര്‍ധന 41457 ശതമാനം.

ഇതിനിടയില്‍, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സാമൂഹ്യ വ്യാപനം സംഭവിക്കുന്നതായി മഹാരാഷ്ട്ര ഒടുവില്‍ സമ്മതിച്ചു. ഒഡീഷയിലെ കോവിഡ്-19 രോഗികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചു. മേയ് 16 ആവുമ്പോഴേക്കും ഇന്ത്യയില്‍ ഒരു കോവിഡ്-19 രോഗി പോലും ഉണ്ടാവില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏപ്രില്‍ 24ലെ പ്രവചനം തെറ്റാണെന്ന് തെളിഞ്ഞു.

ഏപ്രില്‍ 30ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ ഒരു ഉത്തരവ് പ്രകാരം, നാല് അളവുകോലുകളുടെ അടിസ്ഥാനത്തില്‍ ജില്ലകളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ മേഖലകളായി തരംതിരിച്ചുകൊണ്ട് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ കേന്ദ്രം തീരുമാനിച്ചു: കോവിഡ്-19 ബാധിച്ച രോഗികള്‍, ജില്ലയില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയാവാന്‍ എടുക്കുന്ന ദിവസങ്ങള്‍, പരിശോധനയുടെ വ്യാപ്തി, നിരീക്ഷണത്തിന്റെ അന്തരഫലം എന്നിവയായിരുന്നു ആ അളവുകോലുകള്‍. റെഡ് സോണുകളില്‍ ഏറ്റവും കര്‍ക്കശമായി അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍, ഗ്രീന്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ഇളവുകള്‍ ലഭിക്കുക.

മേഖലകളായി തിരിക്കുന്ന നയങ്ങള്‍ രൂപപ്പെടുത്തുന്നതിന് മന്ത്രാലയം ഉപയോഗിച്ച അളവുകോലുകള്‍ എന്തൊക്കെയാണ് എന്നതിനെയും എന്തുകൊണ്ടാണ് മന്ത്രാലയം ഐസിഎംആറിന്റെ ഉപദേശങ്ങള്‍ പിന്തുടരാത്തതെന്നതിനെയും സംബന്ധിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്റെയും ആരോഗ്യ സെക്രട്ടറി പ്രീതി സൂദന്റെയും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയുടെയും ഐസിഎംആര്‍ എപിഡമോളജി ആന്റ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് രാമന്‍ ഗംഗഖേദ്ക്കര്‍ എന്നിവരുടെ പ്രതികരണങ്ങള്‍ അഴിമുഖം തേടി. മന്ത്രാലയത്തിലുള്ള മറ്റുള്ളവര്‍ക്കും ഐസിഎംആറിനും ഈ ഇ-മെയില്‍ സെക്രട്ടറി അയച്ചുകൊടുക്കുകയും ഞങ്ങള്‍ക്ക് കോപ്പി വെയ്ക്കുകയും ചെയ്തു. മൃദുല ചാരിയുടെ മെയിലിലെ കാര്യങ്ങള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി ബന്ധപ്പെട്ടതാണെന്നും ഐസിഎംആറുമായി ബന്ധമുള്ളതല്ലെന്നുമാണ് ഭാർഗവ മറുപടിയിൽ അറിയിച്ചത്. ഐസിഎംആറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രത്യേകം അയച്ച മെയിലിനോട് ഭാര്‍ഗവ പ്രതികരിച്ചില്ല. പ്രതികരിക്കുന്ന പക്ഷം ഈ റിപ്പോര്‍ട്ടില്‍ തുടര്‍ന്ന് ഉള്‍ക്കൊള്ളിക്കും.

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനായി ഈ നാല് അളവുകോലുകളെ എങ്ങനെ സംയുക്തമായി ഉപയോഗിക്കാം എന്നതിനെ കുറിച്ച് ഏപ്രില്‍ മുപ്പതിന് ഇറക്കിയ ഉത്തരവില്‍ സംസ്ഥാനങ്ങളോട് സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് ഇങ്ങനെ മാത്രം പറഞ്ഞു: 'വിവിധ സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയും സംസ്ഥാന തലത്തില്‍ നടത്തുന്ന കൂടുതല്‍ അവലോകനങ്ങളുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രദേശങ്ങളെ റെഡ് ഓറഞ്ച് സോണുകളായി വര്‍ഗീകരിക്കാമെന്നു മാത്രമാണ്. എന്നാല്‍, മന്ത്രാലയം നല്‍കിയിരിക്കുന്ന ഉത്തരവ് പ്രകാരം റെഡ്, ഓറഞ്ച് മേഖലകളായി തരംതിരിച്ചിരിക്കുന്ന ജില്ലകള്‍ക്ക് സംസ്ഥാനങ്ങള്‍ ഇളവുകള്‍ നല്‍കരുത്.

ഒരു ദിവസത്തിന് ശേഷം, മേയ് ഒന്നിന് അടച്ചുപൂട്ടല്‍ നീട്ടിക്കൊണ്ടുള്ള ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയം അതിന്റെ തീരുമാനം ആവര്‍ത്തിച്ചു: "ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പട്ടികയില്‍ റെഡ് സോണിലും (തീവ്രബാധിത മേഖല) ഓറഞ്ച് സോണിലും ഉള്‍പ്പെടുന്ന ജില്ലകളുടെ തരംതിരിവില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇളവുകള്‍ നല്‍കരുത്'. എന്നാല്‍ ഈ തീരുമാനങ്ങള്‍ എങ്ങനെയാണ് കൈക്കൊള്ളുക എന്ന കാര്യം വെളിപ്പെടുത്തിയിട്ടുമില്ല.

നഷ്ടപ്പെട്ട അവസരങ്ങളുടെ പരമ്പര

ഇന്ത്യയില്‍ വൈറസിന്റെ വലിയ അളവിലുള്ള പൊതുവ്യാപനം, "എന്തുകൊണ്ടാണ് ഒഴിവാക്കാന്‍ സാധിക്കാത്തത് എന്നും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് രാജ്യത്തിന്റെ ആരോഗ്യ പശ്ചാത്തല സൗകര്യത്തെ തയ്യാറെടുപ്പിക്കുന്നതിനുള്ള സമയം നേടിയെടുക്കുക എന്നതാവണം" അടച്ചുപൂട്ടലിന്റെ ഏറ്റവും വലിയ ഉപയോഗം എന്നും ഏപ്രില്‍ ആദ്യവാരം സര്‍ക്കാരിന് എങ്ങനെയാണ് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയത് എന്ന് അഴിമുഖം മുമ്പ്, ഏപ്രില്‍ 23ന് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെടുത്തിയിരുന്നു.

കോവിഡ്-19 പോസിറ്റീവ് എന്ന് സംശയിക്കുന്ന ഓരോ രണ്ട് പേരില്‍ ഒരാളെയും ക്വാറന്റൈന്‍ ചെയ്യുന്നതിനായി വീടുവീടാന്തരമുള്ള നിരീക്ഷണങ്ങള്‍ നടപ്പിലാക്കുന്നതും സാമൂഹ്യാധിഷ്ഠിത അവലോകനവും ഉള്‍പ്പെടെയുള്ള നിരവധി ശാസ്ത്രീയ നടപടികള്‍ ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരം നടപടികളുടെ അഭാവത്തില്‍, അടച്ചുപൂട്ടലിന്റെ നേട്ടങ്ങള്‍ 'താത്ക്കാലികം' ആയിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഞങ്ങള്‍ ഏപ്രില്‍ 24ന് റിപ്പോര്‍ട്ട് ചെയ്തത് പോലെ, രാജ്യത്ത് ബലം പ്രയോഗിച്ചുള്ള അടച്ചുപൂട്ടല്‍ നടത്തുന്നതിനെതിരെ അവര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചതിന് ശേഷമാണ് ഐസിഎംആര്‍ ശാസ്ത്രജ്ഞര്‍ ഈ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് വന്നത്. ഇന്ത്യയില്‍, ചൈനയില്‍ നടപ്പില്‍ വരുത്തിയത് പോലെയുള്ള അടച്ചുപൂട്ടലിന് എതിരെ ഫെബ്രുവരിയില്‍ തന്നെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്തരത്തിലുള്ള ഒരു അടച്ചുപൂട്ടല്‍ ദീര്‍ഘകാല സാമൂഹ്യ, സാമ്പത്തിക, മാനസിക ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതിന് പകരം, ആരോഗ്യ പശ്ചാത്തല സൗകര്യവും 'സാമൂഹ്യാധിഷ്ഠിത' നിരീക്ഷണവും ക്വാറന്റൈന്‍ സൗകര്യങ്ങളും സര്‍ക്കാര്‍ തയ്യാറാക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട്, ശാസ്ത്രീയമായി തയ്യാറെടുപ്പുകളില്ലാതെ സര്‍ക്കാര്‍ മാര്‍ച്ച് 24 മുതലുള്ള രാജ്യവ്യാപക അടച്ചുപൂട്ടല്‍ വെറും നാല് മണിക്കൂര്‍ മുമ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഈ പ്രഖ്യാപനം ദരിദ്രരുടെയും കുടിയേറ്റ തൊഴിലാളികളുടെയും ജീവിത പ്രതിസന്ധി ആളിക്കത്തിച്ചു.

ലോക്ഡൗണ്‍ ഒരിക്കല്‍ സംഭവിച്ചു പോയ കാര്യമായതിനാല്‍, ഇത്തവണ ലോക്ഡൗണില്‍ സഹായകരമായേക്കാവുന്ന തരത്തിലുള്ള നിരവധി ശാസ്ത്രീയ നടപടികള്‍ ഐസിഎംആര്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെച്ചിരുന്നു.

രാജ്യം വൈറസിന്റെ വലിയ അളവിലുള്ള വ്യാപനത്തിന്റെ പാതയിലാണെന്ന് ചില വിദഗ്ധര്‍ വാദിച്ചിരുന്നു. ഏറ്റവും ഫലപ്രദമായി അടച്ചുപൂട്ടലിനെ ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ ആവശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുകയും അടച്ചുപൂട്ടല്‍ പടിപടിയായി പിന്‍വലിക്കുന്നതിനായി ഒരു 'തീരുമാനമെടുക്കല്‍ പക്രിയ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നടപടികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ഇപ്പോള്‍, ഐസിഎംആറിന്റെ ശാസ്ത്രീയ രീതികള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷം, പ്രതിപ്രവര്‍ത്തന തന്ത്രത്തിന് സര്‍ക്കാര്‍ എങ്ങനെ ഒരുങ്ങിയെന്ന് കഴിഞ്ഞ മാസത്തെ സര്‍ക്കാരിന്റെ നിരവധി ഉത്തരവുകളും മാര്‍ഗ്ഗരേഖകളും വ്യക്തമാക്കുന്നു.

"നിര്‍ദ്ദിഷ്ട ചികിത്സകളൊന്നും ലഭ്യമല്ലെങ്കിലു രോഗബാധിതരെ കണ്ടത്തെുന്നതിലും മാറ്റിപ്പാര്‍പ്പിക്കുന്നതിനും നിങ്ങള്‍ ഉത്സുകരാണെങ്കില്‍ രോഗനിര്‍ണയം നടത്തുക എന്നത് വളരെ പ്രധാനമാണ്" എന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും കോവിഡ്-19 ദേശീയ ദൗത്യസേനയിലെ അംഗവുമായ കെ ശ്രീനാഥ് റെഡ്ഢി പറയുന്നു. 'മൊത്തം മേഖല നിരീക്ഷണ പരിധിയിലാക്കുന്നതാണ് നല്ലത്' അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയ ഉപദേശങ്ങളില്‍ നിന്നുള്ള വ്യതിചലനം

ശാസ്ത്രജ്ഞന്മാര്‍ നിര്‍ദ്ദേശിച്ച ദേശവ്യാപകമായി വീടുവീടാന്തരമുള്ള നിരീക്ഷണവും ക്വാറന്റൈനും പോലുള്ള നടപടികള്‍ക്ക് തയ്യാറെടുക്കുന്നതിന് സര്‍ക്കാരിന് മറ്റൊരു ആഴ്ച വേണ്ടി വരുമെന്ന് ഏപ്രില്‍ ആദ്യവാരം ഐസിഎംആറിന്റെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് സര്‍ക്കാരിനെ ധരിപ്പിക്കുന്നതിനിടയില്‍ നീതി ആയോഗ് അംഗം വിനോദ് കെ പോള്‍ പറഞ്ഞു. ഇതിനിടയില്‍, മഹാമാരി നിയന്ത്രവിധേയമാണെന്ന നിലപാട് സര്‍ക്കാര്‍ പരസ്യമായി സ്വീകരിച്ചപ്പോഴും ഏറ്റവും മോശമായത് വരാനിരിക്കുന്നതേയുള്ളൂവെന്ന് സര്‍ക്കാര്‍ സ്വകാര്യമായി സമ്മതിക്കുന്നുണ്ടായിരുന്നു.

ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഭാര്‍ഗവ ഏപ്രില്‍ 14ന് സര്‍ക്കാരിന് അയച്ച ഒരു കുറിപ്പില്‍ ഇങ്ങനെ പറയുന്നു: "ഇന്ത്യയില്‍ കോവിഡ്-19 രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്"

അതേ ദിവസം തന്നെ, നാല് മാനദണ്ഡങ്ങളില്‍ ഒന്ന് മാത്രം ഉപയോഗിച്ചുകൊണ്ട് കേന്ദ്രം ജില്ലകളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ മേഖലകളായി ആദ്യമായി തരംതിരിച്ചു.

28 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കേസുപോലും രേഖപ്പെടുത്താത്ത പ്രദേശങ്ങള്‍ ഗ്രീന്‍ സോണുകളായും ബാക്കിയുള്ളവ ഓറഞ്ച് സോണുകളുമായാണ് കണക്കാക്കുന്നത്.

റെഡ് സോണില്‍ തുടര്‍ച്ചയായി 14 ദിവസം രോഗബാധിതരൊന്നും ഉണ്ടായില്ലെങ്കില്‍ അവയെ ഓറഞ്ച് മേഖലയായി പുനര്‍നിര്‍വചിക്കും. അടുത്ത 14 ദിവസവും പുതിയ രോഗികളൊന്നും ഉണ്ടായില്ലെങ്കില്‍ ഓറഞ്ച് ഗ്രീന്‍ സോണായി മാറും .

"ഈ സമയത്ത് ഒരു രോഗി പോലുമില്ലെന്ന് നിരവധി ജില്ലകള്‍ അവകാശപ്പെടുന്നുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ മതിയായ പരിശോധനകള്‍ നടത്താതിരിക്കുകയോ അല്ലെങ്കില്‍ രോഗികളെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണങ്ങള്‍ നടത്താതിരിക്കുകയോ ആയിരുന്നു", എന്ന് സര്‍ക്കാരിന്റെ കോവിഡ്-19 പൊതുജനാരോഗ്യ ദൗത്യസേനയിലുള്ള പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരംഗം പറഞ്ഞു. 'ആ ജില്ലയില്‍ കോവിഡ്-19 ബാധിച്ച ആളുകളില്ലെന്ന് അതിനര്‍ത്ഥമില്ല.'

ഉദാഹരണത്തിന്, ഏപ്രില്‍ 23ന് തങ്ങളുടെ രണ്ടാത്തെ കോവിഡ്-19 രോഗിയുടെ പരിശോധന നെഗറ്റീവായതോടെ ത്രിപുര കോവിഡ് മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി ബിപ്ലബ് ദേവ് പ്രഖ്യാപിച്ചു. എന്നാല്‍ സംസ്ഥാനം അതിര്‍ത്തി രക്ഷാസേനയിലെ സൈനികരെ പരിശോധിക്കാന്‍ തുടങ്ങിയതോടെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം 62 ആയി വര്‍ദ്ധിച്ചു. മേയ് പത്ത് ആയപ്പോഴേക്കും സംസ്ഥാനത്ത് 100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഫെബ്രുവരിയിലും പിന്നീട് ഏപ്രില്‍ ആദ്യവാരത്തിലും ഐസിഎംആര്‍ നല്‍കിയ ഉപദേശത്തിന് കടകവിരുദ്ധമായി, അടച്ചുപൂട്ടല്‍ ആദ്യമായി ദീര്‍ഘിപ്പിച്ച ഏപ്രില്‍ 15 മുതല്‍ മേയ് ഒന്ന് വരെയുള്ള കാലഘട്ടത്തിലും രാജ്യവ്യാപകമായോ അല്ലെങ്കില്‍ നഗരവ്യാപകമായോ ഉള്ള വീടുവീടാന്തരമുള്ള നിരീക്ഷണത്തിനോ കോവിഡ്-19 രോഗലക്ഷണം കണ്ടെത്തിയവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനോ സര്‍ക്കാര്‍ തയ്യാറായില്ല. പകരം, ഏപ്രില്‍ 17ന് ശേഷം കൂട്ടമായി രോഗബാധിതരുള്ള പ്രദേശങ്ങളിലേക്ക് മാത്രം അത് ചുരുക്കി.

"അടച്ചുപൂട്ടല്‍ കാലത്ത് പോലും വീടുവീടന്തരം കയറിയിറങ്ങുകയും രോഗലക്ഷണങ്ങളെ കുറിച്ച് ചോദിച്ചു മനസിലാക്കുകയും ചെയ്യുന്ന വാര്‍ഡ്, ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ ആന്ധ്രയിലും കേരളത്തിലുമുണ്ട്" എന്ന് റെഡ്ഢി പറഞ്ഞു. "ഇത് ചെയ്യുന്നതിന് ഒരു ഡോക്ടറുടെ ആവശ്യമില്ല. സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആശ പ്രവര്‍ത്തകര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കും".

ഇതിനിടയില്‍, സര്‍ക്കാരിന്റെ സമീപനം പരാജയമായിരുന്നു എന്ന തെളിയിച്ചുകൊണ്ട് രാജ്യമെമ്പാടും പരിശോധന നിരക്കുകള്‍ വര്‍ദ്ധിച്ചു.

അടുത്ത 15 ദിവസങ്ങള്‍ക്കിടയില്‍ അടച്ചുപൂട്ടലിന്റെ രണ്ടാം ഘട്ടം അവസാനത്തിലേക്ക് അടുക്കുമ്പോഴും മഹാമാരിയുടെ വ്യാപന നിരക്ക് നേരത്തെ ഉള്ളതിനേക്കാള്‍ അധികമായിരുന്നു. ഏപ്രില്‍ 14ന് 12,000 സജീവ രോഗികളാണ് ഉണ്ടായിരുന്നതെങ്കില്‍, ഏപ്രില്‍ 30ന് അത് 33,000 ആയും മേയ് ഒമ്പതിന് 60,000 ആയും വര്‍ദ്ധിച്ചു. അടച്ചുപൂട്ടല്‍ സമ്മാനിച്ച സാമ്പത്തിക പീഢകളുടെ ഉപദ്രവം തുടര്‍ന്നു കൊണ്ടിരുന്നു.

ഒരിക്കല്‍ കൂടി സര്‍ക്കാര്‍ അതിന്റെ സമീപനത്തില്‍ മാറ്റം വരുത്തി.

പുതിയ മാനദണ്ഡം

മേഖലകളുടെ പദവി തരംതിരിക്കുന്നതിനുള്ള മാനദണ്ഡം ഒന്നില്‍ നിന്നും നാലിലേക്ക് മാറ്റിക്കൊണ്ട് മേയ് ഒന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം 12 പേജ് വരുന്ന ഒരു ഉത്തരവിറക്കി.

'സജീവ രോഗികളുടെ എണ്ണവും സ്ഥിരീകരിച്ച രോഗികള്‍ ഇരട്ടിയാവുന്ന നിരക്കും പരിശോധനയുടെ വ്യാപ്തിയും നിരീക്ഷണ ഫലങ്ങളും കണക്കിലെടുത്തുകൊണ്ട് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ജില്ലകളെ റെഡ് സോണുകള്‍ അല്ലെങ്കില്‍ തീവ്രബാധിത ജില്ലകളായി തരംതിരിക്കും,' എന്ന് ഉത്തരവില്‍ പറയുന്നു.

എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ അളവുകോലുകള്‍ ഉപയോഗിക്കുന്നത്, അടച്ചുപൂട്ടല്‍ പിന്‍വലിക്കുന്നതിന് അല്ലെങ്കില്‍ ഇളവുകള്‍ വരുത്തുന്നതിന് ഈ ജില്ലകളെ എങ്ങനെയാണ് പരിഗണിക്കേണ്ടത്, ഏതൊക്കെ മാനദണ്ഡങ്ങളുടെ സംയോജനമാണ് ഇതിന് ഉപയോഗിക്കേണ്ടത് തുടങ്ങിയവയെ കുറിച്ചുള്ള ഒരു വിശദീകരണവും അതിന്റെ ഉത്തരവിലോ അതിന് ശേഷം സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളിലോ സര്‍ക്കാര്‍ നല്‍കിയില്ല.

"വ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട രോഗികളുടെയും ക്വാറന്റൈന്‍ ചെയ്യേണ്ടവരുടെയും എണ്ണം ലഭ്യമായ ശേഷിയെക്കാള്‍ താഴെയാണ് എന്ന് ഉറപ്പാക്കുന്നതിനാണ് അടച്ചുപൂട്ടല്‍ നടപ്പിലാക്കുന്നത്. ഒരു ജില്ലയുടെ ആരോഗ്യ സംവിധാന, ക്വാറന്റൈന്‍ ശേഷി കണക്കിലെടുക്കാതെയുള്ള ഈ അളവുകോലുകള്‍ യുക്തിസഹമല്ല", എന്ന് മേഖലാ നിര്‍ണയ നയം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട ഒരു സംസ്ഥാനത്തില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ പേര് പ്രസിദ്ധീകരിക്കരുത് എന്ന നിബന്ധനയോടെ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ പേരും വെളിപ്പെടുത്തരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

"50 ആശുപത്രി കിടക്കകള്‍ മാത്രമുള്ള ഒരു ജില്ലയെ സംബന്ധിച്ചിടത്തോളം 500 രോഗബാധിതര്‍ എന്നത് വളരെ ഉയര്‍ന്ന ഒരു സംഖ്യയാണ്" എന്ന് വിഷയത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ അദ്ദേഹം പറഞ്ഞു. "എന്നാല്‍ ജില്ലയില്‍ 1000 കിടക്കകള്‍ ലഭ്യമാവുകയും ദൈനംദിന രോഗബാധിതരുടെ എണ്ണം കുറയുമെന്ന് നമുക്ക് ഉറപ്പുണ്ടാവുകയും ചെയ്യുകയാണെങ്കില്‍ 500 എണ്ണം നമുക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും. അത്തരം ഒരു സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് നമുക്ക് പരിഗണിക്കാവുന്നതാണ്. എന്നാല്‍ അത് എങ്ങനെയാണ് ഈ അളവുകോലുകള്‍ ഉപയോഗിക്കുന്നത് എന്നതിനെ സംബന്ധിച്ച ഒരു വ്യക്തതയും കേന്ദ്രത്തിന്റെ ഉത്തരവ് നല്‍കുന്നില്ല".

നിരീക്ഷണം എന്ന മാനദണ്ഡം

ഏപ്രില്‍ 30ലെ സര്‍ക്കാര്‍ ഉത്തരവ് വായിക്കുമ്പോള്‍, 'നിരീക്ഷണ ഫല'ങ്ങളും, ഐസിഎംആര്‍ നിര്‍ദ്ദേശിച്ച വീടുവീടാന്തരമുള്ള നിരീക്ഷണവും ഒന്നാണെന്ന് ആശയക്കുഴപ്പം ഉണ്ടാവാനുള്ള സാധ്യത വളരെ അധികമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 'നീരിക്ഷണ ഫലം' ഒരു മാനദണ്ഡമായി സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാണിക്കുമ്പോള്‍, കുറഞ്ഞപക്ഷം ഭാഗീകമായെങ്കിലും അത് ഐസിഎംആര്‍ നിര്‍ദ്ദേശങ്ങള്‍ അവലംബിക്കുകയാണോ?

അല്ല എന്നാണ് സര്‍ക്കാരിന് അകത്തും പുറത്തുമുള്ള വിദഗ്ധര്‍ അഴിമുഖത്തോട് വിശദീകരിക്കുന്നത്.

ഇന്ത്യയില്‍ എമ്പാടുമുള്ള 700 ജില്ലകളിലെ കോവിഡ്-19 രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിയുന്നതിനായി ആഴ്ചയില്‍ രണ്ട് തവണ വീടുവീടാന്തര സര്‍വെ നടത്തണമെന്നാണ് ഐസിഎംആര്‍ ശുപാര്‍ശ ചെയ്തത്. മാത്രമല്ല, ഒരു പ്രദേശത്തുള്ള വ്യാപകമായ വ്യാപന നിരക്ക് അളക്കുന്നതിനായി രോഗികളുടെ ക്യാമ്പുകളിലും ക്ലിനിക്കുകളിലും ആശുപത്രികളിലുമുള്ള കോവിഡ്-19 രോഗസാധ്യതയുള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കണമെന്നും അത് ശുപാര്‍ശ ചെയ്തിരുന്നു.

രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ ആരുമില്ലാത്ത മേഖലകളില്‍, കൊറോണ വൈറസ് ആന്റിബോഡിയിലുള്ള പൊതു വര്‍ദ്ധന പരിശോധിക്കാനായി ആശുപത്രികള്‍ സന്ദര്‍ശിക്കുന്ന ആളുകളെ പരിശോധിക്കുന്നതും ഈ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ഏപ്രില്‍ 17ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, മുഴുവന്‍ ജില്ലയ്ക്ക് പകരം ഒരു പോസിറ്റീവ് കേസെങ്കിലും ഉള്ള പ്രദേശങ്ങളായ 'നിയന്ത്രിതമേഖല'കളില്‍ മാത്രം വീടുവീടന്തരമുള്ള സര്‍വെകള്‍ നിര്‍ബന്ധിതമാക്കിയാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചത്. ആ മേഖലകളെ പുറം ലോകത്തില്‍ നിന്നും കൊട്ടിയടച്ചതിന് ശേഷം 'സജീവ് കേസ് അന്വേഷണം,' നടത്തണമെന്നും ആ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

സമീപത്തുള്ള 'നിഷ്പക്ഷ മേഖല'കളില്‍ രോഗികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടത്തുന്നതിന് എതിരായ ഉപദേശമാണ് കേന്ദ്രം നല്‍കിയത്. മാത്രല്ല വലിയ വ്യാപനമുള്ള പ്രദേശങ്ങളിലെ നിയന്ത്രിത മേഖലകളുടെ നിര്‍വചനത്തില്‍ പരമാവധി ഒരു നഗരത്തെ മാത്രം ഉള്‍ക്കൊള്ളിക്കുകയാണ് അത് ചെയ്തത്. ഏപ്രില്‍ 30ന്, നിയന്ത്രിത മേഖലാ നിര്‍വചനം കെട്ടിടങ്ങള്‍, അയല്‍പ്പക്കങ്ങള്‍, തെരുവുകള്‍ അല്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ അധികാര പരിധികള്‍ എന്നിങ്ങനെയുള്ള ചെറിയ ഇടങ്ങളിലേക്ക് കേന്ദ്രം ചുരുക്കുകയും ചെയ്തു.

"ഐസിഎംആറിന്റെ ഉപദേശങ്ങള്‍ അവലംബിക്കേണ്ട സമയം വളരെ അതിക്രമിച്ചു എന്നാണ് എനിക്ക് തോന്നുന്നത്" നേരത്തെ ഉദ്ധരിച്ച ഐസിഎംആര്‍ ദൗത്യസേന അംഗം പറഞ്ഞു. "ഗുരുതരമായ സാമ്പത്തിക വെല്ലുവിളികള്‍ക്കാണ് അടച്ചുപൂട്ടല്‍ കാരണമായിരിക്കുന്നത്. മാത്രല്ല, മഹാമാരിയെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വളരെ വ്യത്യസ്തമായ ഒരു സമീപനമാണ് കൈക്കൊള്ളുന്നത്. അടച്ചുപൂട്ടല്‍ എടുത്തുകളയുന്നതിന് മുമ്പ് ഐസിഎംആര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ വീടുവീടാന്തരമുള്ള നിരീക്ഷണം പൂര്‍ത്തിയാക്കുന്നതിനും ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കും എന്ന് പ്രതീക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇതൊരു ഹൈബ്രിഡ് സമീപനമാണെന്ന് എനിക്ക് തോന്നുന്നു' അദ്ദേഹം പറയുന്നു.

ആന്ധ്രപ്രദേശ്, കേരളം, മഹാരാഷ്ട്ര തുടങ്ങിയ ചില സംസ്ഥാനങ്ങള്‍ വീടുവീടാന്തരമുള്ള സര്‍വെകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒന്നും പൂര്‍ണമല്ല. ഡല്‍ഹിയില്‍ വീടുവീടാന്തരമുള്ള സര്‍വെകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പിച്ച് പറയുന്നു. രോഗലക്ഷണമുളള എല്ലാവരെയും ക്വാറന്റൈനിലാക്കണമെന്ന ഐസിഎംആര്‍ നിര്‍ദ്ദേശത്തിന് ഘടകവിരുദ്ധമായി രോഗലക്ഷണങ്ങള്‍ ഉള്ളവരെയെല്ലാം വീട്ടില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഡല്‍ഹിയില്‍ ചെയ്യുന്നത്. ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളവരെയോ അല്ലെങ്കില്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവരെയോ മാത്രമാണ് ക്വാറന്റൈന്‍ ചെയ്യുന്നത്.

(തുടരും)

[ഈ റിപ്പോർട്ടിൻ്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ചത് Article14-ലാണ്; ഇന്ത്യയുടെ 700 ജില്ലകളിലെ കോവിഡ്-19 നിയന്ത്രണ നടപടികള്‍ തീരുമാനിക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഉറപ്പുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോ എന്നാണ് ഈ പരമ്പരയുടെ അടുത്ത ഭാഗത്തില്‍ അന്വേഷിക്കുന്നത്]