അനധികൃത പണമിടപാട്: എന്‍സിപി നേതാവ് അനില്‍ ദേശ്മുഖുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ്

 
anil

അനധികൃത പണമിടപാട് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ അനില്‍ ദേശ്മുഖുമായി ബന്ധമുള്ള ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സിബിഐയും  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മുന്‍ മഹാരാഷ്ട്ര മന്ത്രിക്കെതിരായുള്ള കള്ളപ്പണം  ആരോപണങ്ങളുടെ അന്വേഷണത്തിലാണ്. അനില്‍  ദേശ്മുഖിന്റെ സ്വത്തുക്കളുണ്ടെന്ന് പറയുന്ന  മഹാരാഷ്ട്രയിലെ മുംബൈയിലും നാഗ്പൂരിലും രാജസ്ഥാനിലെ ജയ്പൂരിലും റെയ്ഡ് നടന്നതായാണ് റിപോര്‍ട്ട്. 

അനില്‍ ദേശ്മുഖും അദ്ദേഹത്തിന്റെ ബന്ധുക്കളും മാനേജ്‌മെന്റ് ബോര്‍ഡിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും റെയ്ഡ് നടത്തിയയായി  ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശ്മുഖിന്റെ അനുയായിയുമായി ബന്ധമുള്ള നാഗ്പൂരിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലും പരിശോധന നടന്നിരുന്നു. അനില്‍ ദേശ്മുഖിനെതിരായ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടിയെന്ന്റിപോര്‍ട്ട് പറയുന്നു.

സിബിഐ സമര്‍പ്പിച്ച ആദ്യ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദേശ്മുഖിന്റെ പങ്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. മുംബൈയിലെ ബാറുകളുടെയും റെസ്റ്റോറന്റുകളുടെയും ഉടമകളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ദേശ്മുഖ് പോലീസ് ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചുവെന്ന ആരോപണത്തില്‍ ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരരമാണ് സിബിഐ അന്വേഷണം നടത്തുന്നത്. 

മുംബൈയിലെ ബാറുകളില്‍നിന്ന് എല്ലാ മാസവും 100 കോടി രൂപ വീതം പിരിച്ചുനല്‍കാന്‍ മന്ത്രിയായിരിക്കേ അനില്‍ ദേശ്മുഖ് പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മുംബൈ പോലീസ് കമ്മിഷണായിരുന്ന പരംബീര്‍ സിങ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അനധികൃത പണമിടപാടുകളെപ്പറ്റിയുള്ള അന്വേഷണം ഇ.ഡി. ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മൊഴിനല്‍കാന്‍ എത്തണമെന്നാവശ്യപ്പെട്ട് ദേശ്മുഖിന് ഇ.ഡി. അഞ്ചു തവണ സമന്‍സ് അയച്ചിരുന്നു. എന്നാല്‍, അദ്ദേഹം ഇതുവരെ ഹാജരാകാന്‍ തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന് ഇ.ഡി. ദേശ്മുഖിനെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ ബാറുടമകളില്‍ നിന്ന് ശേഖരിച്ച 4 കോടിയിലധികം രൂപ ഡല്‍ഹിയിലെ നാല് ഷെല്‍ കമ്പനികള്‍ വഴി നാഗ്പൂരിലെ ദേശ്മുഖിന്റെ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് മാറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സി ഇതുവരെ ദേശ്മുഖിന്റെ പ്രൈവറ്റ് സെക്രട്ടറി സഞ്ജീവ് പാലാണ്ടെ, പ്രൈവറ്റ് അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.