പ്രധാനമന്ത്രിക്ക് മുന്നില്‍ പാട്ട് പാടിയ കുട്ടിയുടെ മോര്‍ഫ് ചെയ്ത വീഡിയോ; കുനാല്‍ കമ്രയ്ക്കെതിരെ എന്‍സിപിസിആര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ ദേശഭക്തി ഗാനം ആലപിക്കുന്ന കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്തതിന് ഹാസ്യനടന് കുനാല്‍ കമ്രയ്ക്കെതിരെ
നടപടി ആവശ്യപ്പെട്ട് ബാലാവകാശ സംഘടനയായ എന്‍സിപിസിആര്‍. വീഡിയോ ഉടന്‍ നീക്കം ചെയ്യണമെന്നും എന്‍സിപിസിആര്‍ ആവശ്യപ്പെട്ടു.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് ട്വിറ്ററിന്റെ ഗ്രീവന്‍സ് ഓഫീസര്‍ക്ക് അയച്ച കത്തില്‍ സ്വന്തം രാഷ്ട്രീയ അജണ്ടകള്‍ക്കായി പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ദേശഭക്തി ഗാനം ആലപിക്കുന്ന വീഡിയോ കമ്ര ട്വീറ്റ് ചെയ്തതായും വീഡിയോക്കെതിരെ പരാതി ലഭിച്ചതായും പറഞ്ഞു.
'പ്രായപൂര്‍ത്തിയാകാത്തവരെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട്, 2015 ന്റെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ്, 2021 ന്റെയും ലംഘനമാണെന്ന് കരുതുന്നു. കൂടാതെ, ഇത്തരം പ്രമോഷണല്‍ ആവശ്യങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് അവരുടെ മാനസിക ക്ഷേമത്തിന് ഹാനികരവും ഹാനികരവുമാണെന്ന് കമ്മീഷന് ഭയപ്പെടുന്നു,' കത്തില്‍ പറയുന്നു. അതിനാല്‍, വീഡിയോ ഉടന്‍ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഇത്തരം ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് കമ്രയുടെ ഔദ്യോഗിക അക്കൗണ്ടിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷന് പറഞ്ഞു.
മോദി ജര്‍മ്മനിയില്‍ കുട്ടിയുമായി ആശയവിനിമയം നടത്തുന്നതിന്റെ വീഡിയോ കമ്ര ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു, മോര്‍ഫ് ചെയ്ത വീഡിയോ ആയിരുന്നു അത്, എന്നാല്‍ വീഡിയോയ്ക്ക് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹെയ് ജന്മഭൂമി ഭാരത് എന്ന പാട്ടായിരുന്നു കുട്ടി യഥാര്‍ത്ഥത്തില്‍ പാടിയിരുന്നത്. എന്നാല്‍ കുനാല്‍ കമ്ര മോര്‍ഫ് ചെയ്ത വീഡിയോയില്‍ പണപ്പെരുപ്പത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗാനം ഉള്‍പ്പെടുത്തി പരിഹാസ വീഡിയോ ആക്കി മാറ്റി. 2010ല്‍ പുറത്തിറങ്ങിയ 'മെഹംഗായി ദായാന്‍ ഖായേ ജാത് ഹേ' എന്ന ഗാനമായിരുന്നു കുനാല്‍ കമ്ര എഡിറ്റ് ചെയ്ത് ഉള്‍പ്പെടുത്തിയത്.
വിവാദങ്ങള്‍ക്കൊടുവില്‍ കുട്ടിയുടെ പിതാവ് നിയമനടപടിക്ക് തുടക്കമിട്ടതോടെ കുനാല്‍ കമ്രയുടെ വീഡിയോ നീക്കം ചെയ്തതായും റിപോര്‍ട്ടുകള്‍ പറയുന്നു. വെറും ഏഴ് വയസുമാത്രമുള്ള മകനാണിത്. എത്രയും പ്രിയപ്പെട്ട മാതൃരാജ്യത്തിന് വേണ്ടി പാട്ടുപാടാന്‍ ആഗ്രഹിച്ച ഒരു കുട്ടി. പ്രശസ്തിക്ക് വേണ്ടിയല്ല മകന് പ്രധാനമന്ത്രിക്ക് മുന്പില് ഗാനം ആലപിച്ചത്. ഫേസ്ബുക്കും ട്വിറ്ററും എന്താണെന്ന് പോലും അവനറിയില്ല. കുനാല്‍ കമ്രയെക്കാളും പ്രായം കൊണ്ട് എത്രയോ ചെറുതാണ് തന്റെ മകന്. എന്നിട്ടും കുനാല്‍ കമ്രയേക്കാള് രാജ്യസ്നേഹം തന്റെ മകനുണ്ടെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചിരുന്നു. എന്നാല്‍ നിങ്ങളുടെ മകന് ദേശഭക്തിഗാനത്തിനോടൊപ്പം മറ്റുള്ളവര്‍ പാടിയ പാട്ടുകള്‍ കൂടി കേട്ടുനോക്കണമെന്നായിരുന്നു കുനാല്‍ കമ്രയുടെ മറുപടി. മകനെ ഉപയോഗിച്ച് തമാശ കളിച്ചതല്ലെന്നും കമ്ര പറഞ്ഞു.