അഫ്ഗാനിലെ വെല്ലുവിളികള്‍: തീവ്രവാദത്തിനും മൗലികവാദത്തിനും എതിരേ സംയുക്ത സമീപനം ആവശ്യമെന്ന് മോദി

 
modi

തീവ്രവാദത്തിനും മൗലികവാദത്തിനും എതിരേയും സംയുക്ത സമീപനം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുഷാന്‍ബെയില്‍ നടന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ) ഉച്ചകോടിയില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങള്‍ മേഖല നേരിടുന്ന വെല്ലുവിളികളെ ഉയര്‍ത്തിക്കാട്ടുന്നു, ഭീകരവാദം, മൗലികവാദം തുടങ്ങി ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ സംയുക്തശ്രമം നടത്തണം. ഇതിനുള്ള നടപടികള്‍ കൈക്കൊള്ളാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

എസ്‌സിഒ യുടെ ഇരുപതാം വാര്‍ഷികത്തില്‍ ഇതിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള അനുയോജ്യമായ അവസരമാണ്. ഈ മേഖലയില്‍ ഏറ്റവും വലിയ വെല്ലുവിളികള്‍ സമാധാനം, സുരക്ഷ, വിശ്വാസക്കുറവ് എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും ഈ പ്രശ്‌നങ്ങളുടെ മൂലകാരണം വര്‍ദ്ധിച്ചുവരുന്ന തീവ്രവാദമാണെന്നും വിശ്വസിക്കുന്നതായും മോദി പറഞ്ഞു. ഭീകരവാദത്തിനും മൗലീകവാദത്തിനുമെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നമുക്കാവണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന  സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യ ആഹ്വാനം ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഭീകരാക്രമണം നടത്താന്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കരുതെന്നും ഇന്ത്യ പറഞ്ഞിരുന്നു. 

ചൈന, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ഇന്ത്യ, പാകിസ്ഥാന്‍ എന്നിവയാണ് എസ്സിഒയിലെ നിലവിലെ അംഗങ്ങള്‍. അഫ്ഗാനിസ്ഥാന്‍, ബെലാറസ്, മംഗോളിയ എന്നി രാജ്യങ്ങള്‍ക്ക് എസ്സിഒ യുടെ നിരീക്ഷക പദവി ഉണ്ട്, സംഭാഷണ പങ്കാളികളില്‍ അര്‍മേനിയ, അസര്‍ബൈജാന്‍, കംബോഡിയ, നേപ്പാള്‍, ശ്രീലങ്ക, തുര്‍ക്കി എന്നിവയും ഉള്‍പ്പെടുന്നു.