എന്‍ഐഎ ചോദിച്ചത് ലാപ്ടോപ്പിലെ 'ഹിഡന്‍ ഫയലി'നെക്കുറിച്ച്; അങ്ങനെയൊന്നില്ലെന്ന് പറഞ്ഞിട്ടും കുടുക്കി; പ്രൊഫ. ഹാനി ബാബുവിന്റെ അറസ്റ്റിനെക്കുറിച്ച് ഭാര്യ ജെന്നി റൊവേന സംസാരിക്കുന്നു

''നമ്മളെയും അവര്‍ ബുദ്ധിമുട്ടിക്കുമോ, എല്ലാവരും അങ്ങനെ ചോദിക്കുന്നുണ്ട്... ഇതുവരെ ഇല്ല, ഇനിയിപ്പോള്‍ വരുമോ എന്നറിയില്ല... ഇവിടെ ഞങ്ങള്‍ രണ്ടു പേര് മാത്രമെയുള്ളൂ...'', ഡല്‍ഹി സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും മലയാളിയുമായ ഹാനി ബാബുവിനെ ഭീമ കൊറേഗാവ് - എല്‍ഗാര്‍ പരിഷദ് കേസില്‍ സാക്ഷിയായി ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് വിളിപ്പിച്ച് അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് അറിയാനായി അദ്ദേഹത്തിന്റെ ഭാര്യയും ഡല്‍ഹി സര്‍വ്വകലാശാലയില്‍ അദ്ധ്യാപികയുമായ ജെന്നി റൊവേനയുമായ സംസാരിക്കുന്നതിനിടെ, 'നിങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലോ... നിങ്ങള്‍ വീട്ടില്‍ സെയ്ഫല്ലേ' എന്ന ചോദ്യത്തിന് അവര്‍ നല്കിയ മറുപടിയാണിത്.
"ജൂലൈ 15ന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ നോട്ടീസ് നല്‍കിയിരുന്നു. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാതലത്തില്‍ ഹാജരാവുന്നതിന് സമയം നീട്ടി നല്‍കണം എന്നഭ്യര്‍ത്ഥിച്ച് എന്‍ഐഎക്ക് ഇ- മെയില്‍ അയയ്ക്കുകയും അന്വേഷണ ഉദ്യോഗസ്ഥന് ഫോണ്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, അതു പറ്റില്ല, എന്തായാലും ഒരാഴ്ചകൊണ്ട് ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു.
അപ്പോള്‍ എല്ലാവരും പറഞ്ഞു, സാക്ഷി മൊഴി എടുക്കാനായിരിക്കും, പ്രഫസര്‍ ജി.എന്‍ സായിബാബ ഡിഫന്‍സ് കമ്മിറ്റിയിലൊക്കെ ഹാനി ബാബു ഉണ്ടല്ലോ, കൂടുതല്‍ ഒരുക്കങ്ങള്‍ ഒന്നുമില്ലാതെയാണ് ബാബു മുംബൈയിലേക്ക് പോയത്. വസ്ത്രങ്ങള്‍ പോലും കൂടെ കരുതിയിരുന്നില്ല, ധരിച്ച പാന്റ്സും ഷര്‍ട്ടും മാത്രം, മൊബൈല്‍ ഫോണും ചാര്‍ജറും മാത്രമാണ് കൈയ്യില്‍ കരുതിയിരുന്നത്. വെള്ളിയാഴ്ചയാണ് മുംബൈയിലേക്ക് പോയത്, അന്ന് മുതല്‍ ദിവസവും ചോദ്യം ചെയ്യലായിരുന്നു" - ജെന്നി അഴിമുഖത്തോട് പറഞ്ഞു.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട റോണാ വില്‍സണ്‍, സായി ബാബ എന്നിവരെ കുറിച്ചാണ് ചോദ്യം ചെയ്യലില്‍ കൂടുതലും ചോദിക്കുന്നത് എന്നാണ് ഹാനി ബാബു പറഞ്ഞതെന്ന് ജെന്നി പറയുന്നു.
"ഹാനി ബാബുവിന്റെ ലാപ്ടോപ്പില്‍ നിന്ന് ഒരു ഫോള്‍ഡര്‍ കിട്ടിയിട്ടുണ്ടെന്നാണ് എന്‍ഐഎ ഇപ്പോള്‍ പറയുന്നത്. 2019 ഫെബ്രുവരിക്കും 2019 ഏപ്രിലിനും ഇടയിലുള്ള പിഡിഎഫ് ഫോര്‍മാറ്റിലുള്ള കുറെ ഫയലുകള്‍ അടങ്ങിയ ഫോള്‍ഡര്‍ കംപ്യൂട്ടറില്‍ ഹൈഡ് ചെയ്തു വെച്ച രീതിയിലാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. കംപ്യൂട്ടര്‍ പാര്ട്ടീഷന് ചെയ്ത് ഹാനി ബാബു ഹൈഡ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു എന്നാണ് എന്‍ഐഎയുടെ വാദം. അതില്‍ മാവോയിസ്റ്റുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഹാനി ബാബുവിനെ പറ്റി എഴുതിയിട്ടുണ്ടത്രെ..!
നിങ്ങള്‍ അല്ല ഇത് കംപ്യൂട്ടറില്‍ സൂക്ഷിച്ച് വെച്ചത് എന്ന് ഞങ്ങള്‍ക്കും തോന്നുന്നുണ്ട്. നിങ്ങള്‍ അല്ലെങ്കില്‍ പിന്നെ ആരാണ് ഇത് നിങ്ങളുടെ കംപ്യൂട്ടറില്‍ ഇട്ടത്. നിങ്ങളുടെ കംപ്യൂട്ടര്‍ നിങ്ങള്‍ അല്ലാതെ പിന്നെ ആരൊക്കെ ഉപയോഗിക്കും എന്നാണ് എന്‍.ഐ.എ ചോദിക്കുന്നത്. ഞങ്ങളുടെ കംപ്യൂട്ടര്‍ ഞങ്ങള്‍ അല്ലാതെ വേറെ ആരും ഉപയോഗിക്കില്ല, ഞങ്ങള്‍ നോക്കുകയും ചെയ്തു. ആ തിയ്യതിയില്‍ ഒന്നും ആരും ഉപയോഗിച്ചിട്ടില്ല. ഇക്കാര്യം ബാബു അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞിട്ടുണ്ട്.
നിങ്ങളുടെ കംപ്യൂട്ടര്‍ ആക്സസുള്ള ആരെങ്കിലുമുണ്ടോ, അങ്ങനെയാണെങ്കില്‍ അത് പറയൂ... എന്ന് പറഞ്ഞു കൊണ്ടാണ് രണ്ടു ദിവസം എന്‍ഐഎ തന്നെ ചോദ്യം ചെയ്തതെന്നാണ് ഹാനി ബാബു പറഞ്ഞത്. തന്റെ കംപ്യൂട്ടര്‍ ഇക്കാലയളവില്‍ ആരും തൊട്ടിട്ടില്ല എന്ന് താന്‍ മറുപടി പറഞ്ഞു എന്നാണ് ബാബു അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ വ്യക്തമാക്കിയത്. ഇത് തന്റെ ഫയലുകള്‍ അല്ലെന്ന അദ്ദേഹം ഉറപ്പിച്ചു പറഞ്ഞെ"ന്നും ജെന്നി അഴിമുഖത്തോട് പറഞ്ഞു.
"ഹാനി ബാബുവിന്റെ കംപ്യൂട്ടറിലെ മൈ ഡോക്യുമെന്റ്സ് ഫോള്‍ഡര്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കാണിച്ചു, താന്‍ ക്രമീകരിച്ച് വെച്ചിരുന്ന രീതിയിലല്ല ഇപ്പോള്‍ ആ ഫോള്‍ഡര്‍ കിടക്കുന്നതെന്ന് ഹാനി ബാബു പറഞ്ഞു. ബാബുവിന്റെ മൈ ഡോക്യുമെന്റ്സ് ഫോള്‍ഡര്‍ ലൈഫ്, ലോ, ലിന്‍ഗ്വിസ്റ്റിക് എന്ന രീതിയിലാണ്, അതൊന്നും ഇല്ലാത്ത രീതിയില്‍ ആണ് ആ ഫോള്‍ഡര്‍ ഇപ്പോള്‍ ഉള്ളത്. ഹാനി ബാബു ഇത്തരം ഫോള്‍ഡറുകളുമായി ഇരിക്കുക എന്ന് പറയുന്ന എന്‍ഐഎ സ്വയം അപഹാസ്യമാവുകയാണ് ചെയ്യുന്നത്", ജെന്നി പറയുന്നു.
"എന്‍ഐഎയുടെ ഇത്തരം ചോദ്യങ്ങള്‍ കേട്ടപ്പോള്‍ തനിക്ക് തമാശയായാണ് തോന്നിയതെന്നാണ് ബാബു പറഞ്ഞത്. അവരുടെ പല ചോദ്യങ്ങളും കേട്ട് താന്‍ ചിരിക്കുകയായിരുന്നു എന്നും ബാബു പറഞ്ഞു" - ജെന്നി കൂട്ടിച്ചേര്‍ത്തു. "കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഹാനി ബാബു മുംബൈയിലെ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ആ സമയങ്ങളില്‍ ബാബു ഞാനുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്‍ഐഎയുടെ പല ചോദ്യങ്ങളും നമുക്ക് ഗൗരവത്തില്‍ എടുക്കാന്‍ പോലും പറ്റുന്നില്ല. ഹാനി ബാബു നക്സലിന്റെ ആളാണ് എന്നാണ് അവര്‍ പറയുന്നത്. എല്ലാം കഴിഞ്ഞ് ബാബു ഇന്ന് (ചൊവ്വ) വരും, എങ്ങനെയാണ് അവര്‍ ബാബുവിനെ കുടുക്കുക, ഫാബ്രിക്കേറ്റ്ഡ് തെളിവുകള്‍ വെച്ചല്ലേ പിടിക്കാന്‍ പറ്റുകയുള്ളു എന്ന് കരുതിയിരിക്കുകയായിരുന്നു. അതിനിടയിലാണ് അറസ്റ്റ് വിവരം അറിഞ്ഞത്. ഇന്ന് രാവിലെയും വിളിച്ചിരുന്നു, മെസ്സേജും അയച്ചിരുന്നു, മുംബൈയിലെ എന്‍.ഐ.എ ഓഫീസില്‍ നിന്ന്. വിഷയത്തില്‍ പല മനുഷ്യാവകാശ സംഘടനകളും സഹായാഭ്യര്‍ത്ഥനയുമായി തന്നെ വിളിച്ചിരുന്നു" എന്ന് ജെന്നി പറഞ്ഞു. ഹാനി ബാബുവിന്റെ അറസ്റ്റില്‍ യു.എന്‍, എന്‍.എച്ച്.ആര്.സി എന്നിവര്‍ക്കൊക്കെ മനുഷ്യാവകാശ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
1818 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറെഗാവില്‍ നടന്ന യുദ്ധത്തില്‍ പെഷവാ ബാജിറാവു രണ്ടാമന്റെ സവര്‍ണ സൈന്യത്തിന് മേല്‍ ദലിതുകള്‍ നേടിയ വിജയം എല്ലാ വര്‍ഷവും ആഘോഷിക്കാറുണ്ട്. എന്നാല്‍ 2018 ജനുവരി 1ന് നടന്ന വിജയാഘോഷത്തിന് നേരെ ഒരു വിഭാഗം ആക്രമണം നടത്തിയിരുന്നു. ഈ സംഘര്‍ഷത്തില്‍ ഒരു ദലിത് യുവാവ് അടക്കം രണ്ടു പേര് കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തിന് പിന്നില്‍ നക്സലുകളാണെന്നായിരുന്നു ആ സമയത്തെ മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ ആരോപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹാനി ബാബു അടക്കം അക്കാദമിസ്റ്റുകളും സാമൂഹ്യ പ്രവര്‍ത്തകരും അഭിഭാഷകരും അടങ്ങുന്ന 12 പേരെയാണ് ദേശീയ അന്വേഷണ ഏജന്‍സി ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സുധ ഭരദ്വാജ്, സോമ സെന്‍, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റാവത്ത്, അരുണ്‍ ഫെറേറ, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍നോണ്‍ ഗോണ്‍സാല്‍വ്സ്, കവി വര വര റാവു, ആനന്ദ് തെല്‍തുംഡെ, ഗൗതം നവ്ലാഖ എന്നിവരാണ് ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. യു.എ.പി.എ അടക്കമുള്ള ഭീകര നിയമങ്ങള്‍ ചാര്‍ത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഈ കേസില്‍ അറസ്റ്റിലായ മിക്കവാറും പേര്‍ക്കെതിരെ എന്‍.ഐ.എ കുറ്റം ചാര്‍ത്തിയിരിക്കുന്നത് അവരുടെ വീടുകളില്‍ നിന്ന് എന്‍ഐഎ എടുത്തു കൊണ്ടു പോയ ലാപ് ടോപ്പ്, പെന്‍ ഡ്രൈവ് എന്നിവയില്‍ 'ഒളിപ്പിച്ച്' (ഹിഡണ്‍ ഫോള്‍ഡര്‍) വെച്ച ഫോള്‍ഡറിലെ 'മാവോയിസ്റ്റ് ഫയലു'കളുടെ പേരിലാണ്. എന്നാല്‍, ഇത് എന്‍ഐഎ തന്നെ കെട്ടിച്ചമച്ച ഫയലുകളാണെന്ന ആരോപണം ശക്തമാണ്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത ഡല്‍ഹി സര്‍വ്വകലാശാലയിലെ പ്രഫസറും 100 ശതമാനം ശാരീരിക വൈകല്യം നേരിടുന്ന വ്യക്തിയുമായ ജി.എന്‍. സായിബാബയുടെ പെന്‍ ഡ്രൈവില്‍ നിന്ന് ലഭിച്ച 'മാവോയിസ്റ്റ് ഫയലു'കളായിരുന്നു അദ്ദേഹത്തിനെതിരായ തെളിവുകളായി പോലീസും എന്‍.ഐ.എയും കോടതിയില്‍ ഹാജരാക്കിയിരുന്നത്. ഈ കേസില്‍ സായി ബാബ ഇപ്പോള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
