പ്രതിഷേധം അതിരുകടന്നു; രാജ്യസഭയില്‍ 19 എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍

 
rajya sabha

രാജ്യസഭാ നടപടികള്‍ തടസപ്പെടുത്തിയതിന് 19 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ടിആര്‍എസ് എംപിമാരും സസ്പെന്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരായ  എ.എ. റഹിം, വി.ശിവദാസന്‍, പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏഴ് എംപിമാരും ഡിഎംകെയുടെ ആറ് എംപിമാരുമാരും സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടി വന്നു. 

വിലക്കയറ്റവും നിത്യോപയോഗ സാധനങ്ങള്‍ക്ക് ജിഎസ്ടി ചുമത്തുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ സഭാനടപടികള്‍ സ്തംഭിപ്പിച്ച പ്രതിപക്ഷ എംപിമാര്‍, നടുത്തളം വിട്ടുപോകണമെന്നും അവരുടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്നുമുള്ള ഡെപ്യൂട്ടി ചെയര്‍മാന്‍ ഹര്‍വന്‍ഷിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന മാനിക്കാത്തതിനെ തുടര്‍ന്നാണ് എംപിമാര്‍ക്കെതിരായി നടപടിയുണ്ടായത്. 

പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്‍ 10 എംപിമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു, എന്നാല്‍ ശബ്ദവോട്ടോടെ ഇത് അംഗീകരിച്ചപ്പോള്‍, സസ്പെന്‍ഡ് ചെയ്ത 19 എംപിമാരുടെ പേരുകള്‍ ഹർവൻഷ് സഭയില്‍ വായിച്ചത്.  തൃണമൂല്‍ കോണ്‍ഗ്രസിലെ സുസ്മിത ദേവ്, മൗസം നൂര്‍, ശാന്ത ഛേത്രി, ഡോല സെന്‍, സന്താനു സെന്‍, അബിര്‍ രഞ്ജന്‍ ബിശ്വാസ്,  നദിമല്‍ ഹക്ക് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിഎംകെയുടെ എം മുഹമ്മദ് അബ്ദുള്ള, കനിമൊഴി എന്‍വിഎന്‍ സോമു, എം ഷണ്‍മുഖം, എസ് കല്യാണസുന്ദരം, ആര്‍ ഗിരിരാജന്‍, എന്‍ആര്‍ ഇളങ്കോ എന്നിവരെയും സസ്പെന്‍ഡ് ചെയ്തു. ബി ലിംഗയ്യ യാദവ്, രവിചന്ദ്ര വഡ്ഡിരാജു, ദാമോദര്‍ റാവു ദിവകൊണ്ട (ടിആര്‍എസ്), വി ശിവദാസന്‍, എ എ റഹീം (സിപിഐ-എം), സന്തോഷ് കുമാര്‍ (സിപിഐ) എന്നിവരും സസ്പെന്‍ഡ് ചെയ്യപ്പെട്ടു. സസ്പെന്‍ഷനിലായ അംഗങ്ങള്‍ സഭ വിട്ടുപോകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ആദ്യം 15 മിനിറ്റും പിന്നീട് ഒരു മണിക്കൂറും നടപടികള്‍ നിര്‍ത്തിവച്ചു