വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകുമോ? നിലപാട് വ്യക്തമാക്കി കേന്ദ്രം 

 
d

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിനായി രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നല്‍കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനം തുടരാനാവില്ലെന്നാണ് കേന്ദ്രവും വ്യക്തമാക്കുന്നത്. 

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളേജുകളില്‍ മടങ്ങിയെത്തുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം നല്‍കുന്നത്  സംബന്ധിച്ച് ദേശീയ മെഡിക്കല്‍ കമ്മീഷന് (എന്‍എംസി) അറിയില്ലെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി  ലോക്സഭയില്‍ അറിയിച്ചു. യുക്രൈനില്‍  നിന്നും നാട്ടിലെത്തിയ  വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാവില്ലെന്ന് നേരത്തെയും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. വിദ്യാര്‍ത്ഥികര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ പഠനം അനുവദിച്ച പശ്ചിമ ബംഗാളിന്റെ നീക്കത്തെ എതിര്‍ത്ത കേന്ദ്രം, വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ തുടര്‍ പഠനം അനുവദിക്കാനാകില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ഇതനുവദിക്കുന്നില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്.  

വിദേശ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലോ/സര്‍വകലാശാലകളിലോ മാറ്റാനോ പ്രവേശനം  നല്‍കാനോ 
എന്‍എംസി ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 'വിദേശ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍/ബിരുദധാരികള്‍ ഒന്നുകില്‍ 'സ്‌ക്രീനിംഗ് ടെസ്റ്റ് റെഗുലേഷന്‍സ്, 2002' അല്ലെങ്കില്‍ 'ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് ലൈസന്‍ഷ്യേറ്റ് റെഗുലേഷന്‍സ്, 2021' എന്നിവയ്ക്ക് കീഴില്‍ പരിരക്ഷിക്കപ്പെടും. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് 1956, നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ആക്റ്റ്, 2019 എന്നിവയിലും ഏതെങ്കിലും വിദേശ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളിലേക്ക് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പാര്‍പ്പിക്കുന്നതിനോ മാറ്റുന്നതിനോ ഉള്ള ചട്ടങ്ങളിലും അത്തരം വ്യവസ്ഥകളൊന്നുമില്ല, ''കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്‍ലമെന്റിന്റെ  മണ്‍സൂണ്‍ സമ്മേളനത്തില്‍ കുടുംബക്ഷേമ ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു.

'ഒബ്‌സര്‍വര്‍ഷിപ്പ്' പ്രോഗ്രാമിന് കീഴില്‍ യുക്രെയ്‌നില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ സ്ഥപനങ്ങളിലോ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മെഡിക്കല്‍ കോളേജുകളില്‍ ചേരാന്‍ അനുമതി നല്‍കാനുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.

യുക്രെയ്‌നില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് മടങ്ങിയെത്തിയ 394 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി. എന്നിരുന്നാലും, പ്രാക്ടിക്കല്‍ സെഷനുകള്‍ സ്വയം നടത്താന്‍ അവരെ അനുവദിച്ചില്ല. യുദ്ധസാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങിയ എംബിബിഎസ് ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് 12 മാസത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കുമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. 

മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കുന്നതിന് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അനുവാദം നല്‍കിയിട്ടില്ലെന്നും വിവരാവകാശ രേഖകള്‍ പറയുന്നു.  ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പ്രാദേശിക മെഡിക്കല്‍ കോളേജുകളില്‍ പാര്‍പ്പിക്കുകയോ മറ്റ് വിദേശ രാജ്യങ്ങളിലെ മെഡിക്കല്‍ കോളേജുകളിലേക്ക് അവരെ മാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി അടുത്തിടെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് കത്തെഴുതിയിരുന്നു.

''വിഷയത്തിലുണ്ടായിരിക്കുന്ന അവ്യക്തത വിദ്യാര്‍ത്ഥികളുടെ പ്രൊഫഷണല്‍ ഭാവിക്ക് ഭീഷണിയാകുന്നു.  പല വാര്‍ത്തകളും സൂചിപ്പിക്കുന്നതുപോലെ ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ എഴുതുകയും എംബിബിഎസ് പഠനം പുനരാരംഭിക്കുകയും ചെയ്യേണ്ടത് നീതി നിഷേധമാണ്, ''രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞു. ഇന്ത്യയിലെ എന്‍എംസി അംഗീകൃത മെഡിക്കല്‍ കോളേജുകളില്‍ ക്ലിനിക്കല്‍ പരിശീലനം മുടങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രാക്ടീസ് തുടരാന്‍ അനുവദിക്കാനുള്ള സുപ്രീം കോടതി വിധിയും രാഹുല്‍ ഗാന്ധി ചൂണ്ടികാണിച്ചു. 

റഷ്യ- യുക്രൈന്‍ യുദ്ധ സാഹചര്യത്തില്‍ മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയതെത്തിയത്. ഇവരില്‍ ഭൂരിപക്ഷവും മെഡിക്കല്‍- ദന്തല്‍ വിദ്യാര്‍ത്ഥികളാണ്. തുടര്‍പഠനത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് രക്ഷിതാക്കളും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നത്.