'130 കോടി ജനങ്ങളുമായി നമുക്ക് സഖ്യമുണ്ടാക്കാം';  മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലന്ന് കെജ്‌രിവാള്‍ 

 
kejriwal

ഇന്ത്യയിലെ 130 കോടി ജനങ്ങളുമായി പങ്കാളിയാകാനാണ് ഉദ്ദേശിക്കുന്നതെന്നും മറ്റ് പാര്‍ട്ടികളുമായി  സഖ്യമുണ്ടാക്കില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. ദിനപത്രമായ ലോക്മതിന്റെ നാഗ്പൂര്‍ എഡിഷന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമാക്കാനാണ് ശ്രമിക്കുന്നത്, രാഷ്ട്രീയത്തില്‍ ആരെയും തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. 

'ആശുപത്രികളും സ്‌കൂളുകളും നിര്‍മിച്ച് പുരോഗതി കൈവരിക്കും, ആരുമായാണ് നമ്മള്‍ ദേശീയ സഖ്യം ഉണ്ടാക്കുക എന്ന് പലരും എന്നോട് ചോദിക്കുന്നു, എനിക്ക് എങ്ങനെ രാഷ്ട്രീയം കളിക്കണമെന്ന് അറിയില്ല, ആരെയെങ്കിലും തോല്‍പ്പിക്കാന്‍ 10 ഉം 20 ഉം പാര്‍ട്ടികളുടെ കൂട്ടുകെട്ട് എനിക്ക് മനസ്സിലാകുന്നില്ല, ആരെയും തോല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എനിക്ക് വേണ്ടത് രാജ്യം വിജയിക്കണംം എന്നതാണ്, ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പര്‍ ആക്കുന്നതിന് രാജ്യത്തെ 130 കോടി ജനങ്ങളുമായി മാത്രമേ ഞാന്‍ സഖ്യത്തില്‍ ഏര്‍പ്പെടൂ,' അദ്ദേഹം പറഞ്ഞു.

'വലിയ പാര്‍ട്ടി' നിലവില്‍ ഗുണ്ടായിസം, എഞ്ചിനീയറിംഗ് കലാപങ്ങള്‍, ബലാത്സംഗികള്‍ക്കായി സ്വാഗത ജാഥകള്‍ എന്നിവയെ പിന്തുണയ്ക്കുന്നു.
ബിജെപിയെ പേരെടുത്ത് പറയാതെ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. 'ഇത്തരത്തിലുള്ള ഗുണ്ടായിസം കൊണ്ട് രാജ്യത്തിന് പുരോഗതിയില്ല, നിങ്ങള്‍ക്ക് ഗുണ്ടാപ്രവൃത്തികളും കലാപങ്ങളും വേണമെങ്കില്‍ അവരുടെ കൂടെ പോകാം, എന്നാല്‍ നിങ്ങള്‍ക്ക് പുരോഗതി വേണമെങ്കില്‍ സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിക്കാന്‍ എന്നോടൊപ്പം വരാം. 130 കോടി സാധാരണക്കാരുമായി നമുക്ക് സഖ്യമുണ്ടാക്കാം,' അദ്ദേഹം പറഞ്ഞു. 

എഎപിയുടെ ശ്രദ്ധ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലല്ല, മറിച്ച് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിലാണെന്നും, തന്നെപ്പോലുള്ളവര്‍ തങ്ങളുടെ കരിയര്‍ ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കാനാണ് വന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. ഇന്ത്യ എത്രയും വേഗം ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമാകണം, അതില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.  പൊതുക്ഷേമത്തിനുള്ള പണം അഴിമതിക്കായി വിനിയോഗിച്ചിരുന്നെന്നും തന്റെ സര്‍ക്കാര്‍ അഴിമതി അവസാനിപ്പിച്ച് പണം ലാഭിച്ചുകൊണ്ട് ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതിയും മറ്റ് സൗകര്യങ്ങളും നല്‍കുകയാണെന്നും പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തുകാണിച്ച കെജ്രിവാള്‍, സ്വകാര്യ സ്‌കൂളുകളെ പിന്നിലാക്കി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ 99.7 ശതമാനം വിജയിച്ചെന്നും 'മൊത്തം 4 ലക്ഷം വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സ്‌കൂളുകള്‍ ഉപേക്ഷിച്ച് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നല്‍കുന്ന സൗകര്യങ്ങള്‍ സ്വകാര്യ സ്‌കൂളുകളില്‍ പോലും ലഭ്യമല്ലാത്തതിനാല്‍ ഇവരില്‍ സമ്പന്നരും ഉള്‍പ്പെടുന്നു,' അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 450 സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം ഐഐടികളില്‍ പ്രവേശനം നേടുന്നുണ്ട്, രാഷ്ട്രീയത്തേക്കാള്‍ ഇത്തരം സംഭവവികാസങ്ങള്‍ തനിക്ക് സംതൃപ്തി നല്‍കിയെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.