രാജ്യത്ത് കോവിഡ് നാലാം തരംഗമില്ല; പോസിറ്റിവിറ്റി നിരക്കുയരാന്‍ കാരണം? ഐസിഎംആര്‍ പറയുന്നു

 
covid

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധനവ് നാലാംതരംഗമായി കണക്കാക്കാനാവില്ലെന്ന്  ഐസിഎംആര്‍.കേസുകളിലെ വര്‍ധന ചില പ്രദേശങ്ങളില്‍ മാത്രമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി. പല പ്രദേശങ്ങളിലും കോവിഡ്-19 പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഡല്‍ഹിയില്‍ ശനിയാഴ്ച 5.10% പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്തു. പരിശോധന കുറച്ചതാണ് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ദേശീയ തലസ്ഥാനത്തെ പോസിറ്റീവിറ്റി നിരക്ക് കഴിഞ്ഞ മാസം അവസാനത്തോടെ 7% ആയി ഉയര്‍ന്നിരുന്നു.

രാജ്യത്തുടനീളമുള്ള ആശുപത്രി പ്രവേശനത്തില്‍ വര്‍ധനയില്ലെന്നാണ് തരംഗം ഇല്ലെന്ന് വ്യക്തമാക്കാന്‍ ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ വേരിയന്റുകളൊന്നും രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ല. കുറഞ്ഞ പരിശോധന കാരണം ചിലപ്പോള്‍ നിരക്ക് ഉയരുമെന്നും ഐസിഎംആര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് പൊതുവായി കോവിഡ് വ്യാപനത്തില്‍ വര്‍ധന ഉണ്ടായിട്ടില്ലെന്നും ചില ജില്ലകളില്‍ പ്രാദേശികമായി കേസുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ സമീരന്‍ പാണ്ഡേ പറഞ്ഞു.

ജ്യോഗ്രഫിക്കല്‍ പ്രത്യേകതകളും വൈറസ് ബാധ ഉയരാന്‍ കാരണമായിട്ടുണ്ടാകാം. നിലവിലെ ഡേറ്റകള്‍ പ്രകാരം രാജ്യത്ത് നാലാം തരംഗം ഉള്ളതായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാലാം തരംഗം ഇല്ലെന്നതിന് അനുബന്ധമായി നാലു കാരണങ്ങളും സമീരന്‍ പാണ്ഡെ വ്യക്തമാക്കി. പരിശോധന കുറയുന്നതാണ് പ്രാദേശിക തലത്തില്‍ കോവിഡ് ബാധയില്‍ വര്‍ധന കാണിക്കുന്നത്. ഏതെങ്കിലും ജില്ലകള്‍ എന്നതല്ലാതെ, സംസ്ഥാനങ്ങളില്‍ മൊത്തമായി രോഗബാധ ഉയരുന്നില്ലെന്നും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.