'പാകിസ്ഥാനില്‍ നിന്ന് ബിരുദം നേടരുത്'; ഉന്നത വിദ്യാഭ്യാസത്തിന് അയോഗ്യരാക്കും, ജോലിയുമില്ല, മുന്നറിയിപ്പുമായി കേന്ദ്രം 

 
d

ബിരുദമടക്കമുള്ള ഉപരിപഠനത്തിന് വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാനിലേക്ക് പോകരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും (യുജിസി) ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനു (എഐസിടിഇ) മാണ് സംയുക്ത പ്രസ്താവനയിറക്കിയത്. പാകിസ്ഥാനിലെ ഒരു കോളേജിലോ വിദ്യാഭ്യാസ സ്ഥാപനത്തിലോ ചേരരുതെന്നും രാജ്യത്ത് ജോലി കണ്ടെത്താനോ ഉന്നത വിദ്യാഭ്യാസം നേടാനോ കഴിയില്ലെന്നും പ്രസ്താവന പറയുന്നു. 

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ പഠിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കുന്ന രണ്ടാമത്തെ നിര്‍ദ്ദേശമാണിത്. ചൈനയിലെ സര്‍വ്വകലാശാലകളില്‍ ഇതിനകം എന്റോള്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യം വിസ നല്‍കാത്ത പശ്ചാത്തലത്തിലാണ് ചൈനയ്ക്കെതിരായ മുന്നറിയിപ്പ് വന്നതെങ്കിലും, രണ്ട് അയല്‍രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതും കാരമാണ്. അതേസമയം പാകിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ ബിരുദം നേടുകയും ഇന്ത്യ പൗരത്വം നല്‍കുകയും ചെയ്ത കുടിയേറ്റക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി ലഭിച്ചതിന് ശേഷം ഇന്ത്യയില്‍ ജോലി തേടാന്‍ അര്‍ഹതയുണ്ടെന്നും  റിപോര്‍ട്ടുകള്‍ പറയുന്നു. 

പാക് അധീന കശ്മീരിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനെതിരെ 2019ല്‍ യുജിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. പാക്കിസ്ഥാനില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവാണെങ്കിലും, ഏറ്റവും പുതിയ നിര്‍ദ്ദേശം കൂടുതല്‍ പ്രതിസന്ധിയായേക്കാന്‍ സാധ്യതയുണ്ട്. 2020 ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം  200 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ളവര്‍ അക്കാലത്ത് പാകിസ്ഥാന്‍ സര്‍വകലാശാലകളില്‍ ചേര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളൊന്നും നിലവില്‍ ലഭ്യമല്ല.