'ഭീകരര്‍ ബിജെപി സര്‍ക്കാരിനെ ഭയപ്പെടുന്നു; നരേന്ദ്ര മോദി അധികാരമേറ്റ ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളില്ല'

 
rajnath-singh


2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിന് ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്നും  ബിജെപി സര്‍ക്കാരിനെ ഭീകരര്‍ ഭയപ്പെടുന്നുവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഗുജറാത്തിലെ കെവാഡിയയില്‍ ബിജെപിയുടെ ത്രിദിന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്റെ രണ്ടാം ദിവസം  നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'' എന്തുതന്നെയായാലും ഭീകരരുടെ വിജയം ഞങ്ങള്‍ അനുവദിക്കില്ല. ജമ്മു കശ്മീരിനെക്കുറിച്ച് മറക്കുക, മോദിജിയുടെ വരവിനുശേഷം രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ ഭീകരാക്രമണം നടന്നിട്ടില്ല. ഇതാണ് ഞങ്ങളുടെ പ്രധാന നേട്ടം. ഇത് കാണിക്കുന്നത് ഭീകരര്‍ ബിജെപി സര്‍ക്കാരിനെ ഭയപ്പെടുന്നുവെന്നാണ്, ഇതൊരു ചെറിയ കാര്യമല്ല, 'അദ്ദേഹം പറഞ്ഞു.

'തങ്ങളുടെ സുരക്ഷിത താവളങ്ങളില്‍ പോലും തങ്ങള്‍ സുരക്ഷിതരല്ലെന്ന് ഭീകരര്‍ മനസ്സിലാക്കുന്നു. രാജ്യത്തിനകത്ത് മാത്രമല്ല, വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നും ഭീകരവാദികളെ കൊല്ലുമെന്ന വ്യക്തമായ സന്ദേശം ഉറി ആക്രമണത്തിനു ശേഷം നാം ലോകത്തിന് നല്‍കി,' അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേയും രാജ്നാഥ് സിങ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസ് അനാവശ്യ പ്രശ്നങ്ങളുണ്ടാക്കിയിട്ടും രാജ്യത്ത് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ഇതുവരെ പറന്നുയരാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസിനേയും നേതാക്കളേയും വിമര്‍ശിച്ച രാജ്‌നാഥ് സിംഗ് കോണ്‍ഗ്രസ് മഹാത്മാഗാന്ധിയുടെ പേര് മാത്രമാണ് ഉപയോഗിക്കുന്നതെന്നും പക്ഷേ അദ്ദേഹത്തിന്റെ പാത പിന്തുടരുന്നതില്‍ പരാജയപ്പെടുകയാണെന്നും പറഞ്ഞു.