'കല്‍ക്കരി പ്രതിസന്ധിയില്ല; റിപോര്‍ട്ടുകള്‍ അടിസ്ഥാനമില്ലാത്തത്, ലഖിംപുരിന് സമാനമായ സംഭവങ്ങള്‍ വേറെയും നടക്കുന്നു'

 
nirmala

രാജ്യത്ത് കല്‍ക്കരി ക്ഷാമമുള്ളതായുള്ള റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രതികരിക്കുകയാണ്. ഇന്ത്യ ഒരു വൈദ്യുതി മിച്ച രാജ്യമാണെന്നും പുറത്തു വരുന്ന റിപോര്‍ട്ടുകള്‍  തികച്ചും അടിസ്ഥാനരഹിതമാണെന്നുമാണ് ധനമന്ത്രിയുടെ പ്രതികരണം. 
രാജ്യത്ത് കല്‍ക്കരി ക്ഷാമമില്ലെന്ന് കൽക്കരി വകുപ്പ് മന്ത്രി ആര്‍കെ സിംഗ് രണ്ട് ദിവസം മുമ്പ് വ്യക്തമാക്കിയതാണെന്നും  മറ്റ് സാധനങ്ങളുടെ അഭാവം  വിതരണ ആവശ്യകതയില്‍ പെട്ടെന്നുള്ള വിടവിന് ഇടയാക്കുമെന്നും ഉര്‍ജ ഉപഭോഗത്തെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. യുഎസില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ധനമന്ത്രി ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുമായി ആശയ വിനിമയം നടത്തുകയായിരുന്നു നിര്‍മല സീതാരാമന്‍. 

'തികച്ചും അടിസ്ഥാനരഹിതം! ഒന്നിനും ഒരു കുറവുമില്ല. വാസ്തവത്തില്‍, മന്ത്രിയുടെ പ്രസ്താവന ഞാന്‍ ഓര്‍ക്കുന്നത് ശരിയാണെങ്കില്‍  ഓരോ വൈദ്യുത ഉല്‍പാദന കേന്ദ്രങ്ങളിലും അടുത്ത നാല് ദിവസത്തെ സ്റ്റോക്ക്  ലഭ്യമാണ്, വിതരണ ശൃംഖല ഒട്ടും തകര്‍ന്നിട്ടില്ല,' നിര്‍മലാ സീതാരാമന്‍ പറഞ്ഞു. മൊസ്സാവര്‍-റഹ്‌മാനി സെന്റര്‍ ഫോര്‍ ബിസിനസ് ആന്റ് ഗവണ്‍മെന്റ് സംഘടിപ്പിച്ച സംവാദത്തില്‍ ഹാര്‍വാര്‍ഡ് പ്രൊഫസര്‍ ലോറന്‍സ് സമ്മര്‍സ് ഊര്‍ജ്ജ ക്ഷാമത്തെക്കുറിച്ചും ഇന്ത്യയിലെ കല്‍ക്കരി സംഭരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ചും ചോദിച്ചക്കുകയായിരുന്നു. 

ഉര്‍ജപ്രതിസന്ധിക്ക് കാരണമായേക്കാവുന്ന ഘടകങ്ങളൊന്നും ഇല്ല. ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയെ ഇത് സംരക്ഷിക്കുന്നു,  ഇന്ത്യ ഇപ്പോള്‍ ഒരു വൈദ്യുതി മിച്ച രാജ്യമാണെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഏത് തരത്തിലുള്ള ഉര്‍ജ്ജം ലഭ്യമാണ്, ഫോസില്‍ ഇന്ധനത്തെ എത്രമാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും പുനരുല്‍പ്പാദിപ്പിക്കാവുന്നവയില്‍ നിന്ന് എത്രമാത്രം ഉണ്ടെന്നും അറിയാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. അവര്‍ പറഞ്ഞു.

ചൊവ്വാഴ്ച പ്രധാനമന്ത്രി വിളിച്ച യോഗം താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ലഭ്യതയുടെ നില ചർച്ചചെയ്തിരുന്നു. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളും കാരണം കൽക്കരിക്കുറവ് നിലവിലുണ്ടായിരുന്നുവെന്നായിരുന്നു കൽക്കരി വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞത്. 

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത് ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനമായതിനാലാണ് മറ്റുള്ളവര്‍ ഉയര്‍ത്തിക്കാണിക്കുന്നതെന്നും സംഭവം തികച്ചും അപലപനീയമാണെന്നും ധനമന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന മന്ത്രിമാരും ലഖിംപുര്‍ സംഘര്‍ഷത്തെ കുറിച്ച് മൗനം തുടരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ എന്തുകൊണ്ടാണ് പ്രതിരോധത്തിലാവുന്നതെന്നും മന്ത്രിയോട് ചോദ്യങ്ങളുയര്‍ന്നു. 'തീര്‍ച്ചയായും അങ്ങനെ ഇല്ല. ഇത്തരമൊരു അപലപനീയമായ സംഭവത്തെക്കുറിച്ചുള്ള ചോദ്യം തിരഞ്ഞെടുത്തത് സന്തോഷകരമാണ്. സമാനമായ സംഭവങ്ങള്‍ മറ്റു വിവിധ ഭാഗങ്ങളിലും നടക്കുന്നുണ്ട്. അതിലും എനിക്ക് ആശങ്കയുണ്ട്' നിര്‍മല സീതാരാമന്‍ പ്രതികരിച്ചു.