കോണ്‍ഗ്രസില്‍ തുടരില്ല, ബിജെപിയില്‍ ചേരില്ല; അമിത് ഷായുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം അമരീന്ദര്‍

 
D


പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് ബിജെപിയിലേക്കെന്ന റിപോര്‍ട്ടുകള്‍ ശരിവെക്കും വിധമായിരുന്നു ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള  അമരിന്ദറിന്റെ കൂടികാഴ്ച. എന്നാല്‍ അമിത് ഷായുമായുള്ള കൂടികാഴ്ചയ്ക്കു ശേഷം ബിജെപിയിലേക്കില്ലെന്നാണ് അമരീന്ദര്‍ സിംഗ് പ്രതികരിച്ചിരിക്കുന്നത്. 

45 മിനിറ്റോളം നീണ്ട അമിത് ഷായുമായുള്ള  കൂടിക്കാഴ്ചയില്‍  കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാനുള്ള  ചര്‍ച്ച നടത്തിയതായാണ് അമരീന്ദര്‍ വ്യക്തമാക്കിയത്. വിവാദ കര്‍ഷക നിയമത്തെ തുടര്‍ന്നുള്ള കര്‍ഷകരുടെ സമരം ചര്‍ച്ച ചെയ്യുകയും നിയമങ്ങള്‍ റദ്ദാക്കി നിലവിലെ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കാനും ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കർഷകർക്ക് ദീർഘകാലത്തേക്ക് ആശ്വാസം എത്തിക്കുന്ന വിഷയവും ചർച്ചയിൽ ഉയർന്നതായി അദ്ദേഹം വിശദീകരിച്ചു. പഞ്ചാബിൽ കോൺഗ്രസ് തകരരുകയാണെന്നും പാർട്ടിയിലെ ഗൗരവമുള്ള സ്ഥാനം സിദ്ദുവിനെപ്പോലെ ബാലിശമായി പെരുമാറുന്നയാൾക്കാണ് നൽകിയതെന്നും അമരിന്ദർ പറഞ്ഞു.  ഇതുവരേയും ഞാന്‍ കോണ്‍ഗ്രസിലായിരുന്നു. പക്ഷേ ഇനി ഞാന്‍ കോണ്‍ഗ്രസിലുണ്ടാവില്ല. മര്യാദക്കെട്ട രീതിയിലാണ് പാര്‍ട്ടിയില്‍ എന്നെ പരിഗണിക്കുന്നത് - അമരീന്ദര്‍ സിംഗ് പറഞ്ഞു. 

അമരീന്ദര്‍ സിംഗ് ഡല്‍ഹിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. പഞ്ചാബ് അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തുവെന്നാണ് റിപോര്‍ട്ട്. ചൊവ്വാഴ്ച അമരീന്ദര്‍ സിംഗ് ഡല്‍ഹിയിലെത്തിയ അതേ ദിവസം തന്നെ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. സിംഗ്-ഷാ കൂടിക്കാഴ്ചയ്ക്ക് ശേഷം അമിത് ഷായുടെ വസതി ദളിത് വിരുദ്ധ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി മാറിയെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചിരുന്നു. 

മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദര്‍സിംഗിനെ അനുനയിപ്പിക്കാനുള്ള ഒരു വശത്ത് ഹൈക്കമാന്‍ഡ് ഇപ്പോഴും തുടരുകയാണ്. മുതിര്‍ന്ന നേതാക്കളായ അംബികാ സോണിയും കമല്‍നാഥും അമരീന്ദറിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹം പാര്‍ട്ടി വിട്ട് പോകുന്നത് തടയാനുള്ള ശ്രമത്തിലാണ് നേതൃത്വം. അമരീന്ദറിനെ നേരില്‍ കാണാന്‍ നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരുമായും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടില്ല. 

സംസ്ഥാന തെരഞ്ഞെടുപ്പിന് നാല് മാസങ്ങള്‍ മാത്രം അവശേഷിക്കേ എന്തായിരുന്നു അമീരന്ദറിന്റെ അടുത്ത നീക്കമെന്താണെന്ന്
രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കര്‍ഷകബില്ലില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്ത് സമരം തീര്‍പ്പാക്കാന്‍ അമരീന്ദറിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.