ഒമിക്രോണ്‍: ഒരു മാസത്തിനിടെ ഒന്നരലക്ഷം രോഗികള്‍; ഇന്ത്യയില്‍ 400ന് അടുത്ത് കേസുകള്‍

 
Omicron

കടുത്ത പ്രതിരോധവും ജാഗ്രതയും ആവശ്യം

ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞമാസം സ്ഥിരീകരിച്ച പുതിയ കൊറോണ വൈറസ് വകഭേദം, ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു മാസത്തിനുള്ളില്‍ 108 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 151,368 പേര്‍ക്കാണ് പുതിയ വകഭേദം ബാധിച്ചത്. 26 പേര്‍ മരിച്ചു. ആശങ്കയുടെ വകഭേദമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ഒമിക്രോണിനെതിരെ കടുത്ത പ്രതിരോധവും ജാഗ്രതയും ആവശ്യമാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

ഇന്ത്യ
2020 ഡിസംബര്‍ അവസാനത്തോടെയാണ് രാജ്യത്ത് ഡെല്‍റ്റ വകഭേദം പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ആദ്യ മാസത്തില്‍ മൊത്തം കേസുകളില്‍ 0.73 ശതമാനം മാത്രമായിരുന്നു ഡെല്‍റ്റ രോഗബാധ. അതേസമയം, ഒമിക്രോണ്‍ വെറും 22 ദിവസത്തിനുള്ളില്‍ 17 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. ഈമാസം രണ്ടിനാണ് ഒമിക്രോണിന്റെ ആദ്യ കേസ് വന്നത്. നിലവില്‍ നാനൂറിനടത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒമിക്രോണ്‍ വ്യാപനത്തിനുപിന്നാലെ കേന്ദ്രവും സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ ഒന്നര മുതല്‍ മൂന്ന് ദിവസമാണ് എടുക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷി ഉണ്ടെന്നും, രോഗവ്യാപനം തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. 

ദക്ഷിണാഫ്രിക്ക
രാജ്യത്ത് മെയ് ആദ്യം രണ്ട് ശതമാനം പുതിയ കേസുകള്‍ക്ക് കാരണം ഡെല്‍റ്റ വകഭേദമായിരുന്നു. ജൂലൈ 12ഓടെ ഇത് 89 ശതമാനമായി ഉയര്‍ന്നു. നവംബര്‍ 24നും ഡിസംബര്‍ 13നും ഇടയിലാണ് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തെ പ്രധാന വകഭേദമായി ഒമിക്രോണ്‍ മാറിയിരിക്കുന്നു. നിലവില്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ 95 ശതമാനത്തിനും കാരണം ഒമിക്രോണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബ്രിട്ടന്‍
ഏപ്രില്‍ 5 വരെ കോവിഡ് കേസുകളില്‍ 0.10 ശതമാനം മാത്രമാണ് ഡെല്‍റ്റ മൂലമുണ്ടായത്. മെയ് അവസാനത്തോടെ ഇത് 74 ശതമാനമായി ഉയര്‍ന്നു. ജൂണ്‍ മാസത്തോടെ, കോവിഡ് കേസുകളില്‍ 90 ശതമാനത്തിലധികം ഡെല്‍റ്റ വകഭേദം മൂലമായിരുന്നു. ഈയൊരു മാസത്തിനിടെ, ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കാന്‍ കാരണമായി. ഡിസംബര്‍ 22ന് ഒരു ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന കേസാണ്.

യു.എസ്
ഏപ്രില്‍ 19ഓടെ കോവിഡ് കേസുകളില്‍ 0.31 ശതമാനത്തില്‍ താഴെയായിരുന്നു ഡെല്‍റ്റ വകഭേദം. ജൂണ്‍ അവസാനത്തോടെ ഇത് 50 ശതമാനമായി ഉയര്‍ന്നു. ഒരു മാസത്തിനുശേഷം, ജൂലൈ അവസാനത്തോടെ, 90 ശതമാനത്തിലധികം കേസുകള്‍ക്കും ഡെല്‍റ്റ ഉത്തരവാദിയായി. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ രോഗബാധ നിരക്ക് കുത്തനെ ഉയര്‍ന്നു. നിലവില്‍ നാല് കേസുകളില്‍ ഒന്ന് ഒമിക്രോണ്‍ കാരണമാണെന്നാണ് റിപ്പോര്‍ട്ട്.

ജര്‍മ്മനി
ജര്‍മ്മനിയില്‍ ആദ്യമായി വകഭേദം കണ്ടെത്തിയപ്പോള്‍ 0.69 ശതമാനം കേസുകളാണ് ഡെല്‍റ്റ മൂലം സംഭവിച്ചത്. നിലവില്‍ പുതിയ കേസുകളില്‍ 9 ശതമാനത്തിനും കാരണം ഒമിക്രോണ്‍ ആണ്.