ഗാന്ധി ജയന്തി ദിനത്തിലെ 'ഗോഡ്സെ സിന്ദാബാദ്'; സംഘപരിവാര്‍ തുടര്‍ന്നുപോകുന്ന ഗാന്ധിവധം

 
Gandhi Godse

തങ്ങളെ അംഗീകരിക്കാത്ത, തങ്ങള്‍ക്ക് വഴങ്ങാത്ത ചരിത്രത്തെ വെട്ടിക്കളയുകയെന്ന സംഘടിത നീക്കം

ഈ ഗാന്ധി ജയന്തി ദിനത്തിലും ഗാന്ധിഘാതകനായ നാഥുറാം വിനായക ഗോഡ്‌സെയെ പുകഴ്ത്തുന്ന ട്വീറ്റുകള്‍ വൈറലായിരുന്നു. 'ഗോഡ്സെ സിന്ദാബാദ്' ഹാഷ് ടാഗില്‍ തീവ്ര ഹിന്ദുത്വവാദിയായ ഗോഡ്സെയെ പുകഴ്ത്തിയവര്‍ ഏറെയാണ്. ലോകമെങ്ങും ഗാന്ധിയുടെ ജന്മദിനം അഹിംസാ ദിനമായി ആചരിക്കുന്ന ദിവസമാണ് ഇന്ത്യയില്‍ ഗോഡ്‌സെയെക്കുറിച്ചുള്ള പുകഴ്ത്തലുകള്‍ നിറഞ്ഞുനിന്നത്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതൊക്കെ തന്നെയാണ് സംഭവിച്ചത്. ചരിത്രത്തെ തമസ്‌കരിക്കാനുള്ള സംഘപരിവാരങ്ങളുടെ ശ്രമങ്ങള്‍ കാലങ്ങള്‍കൊണ്ട് ശക്തി പ്രാപിക്കുന്നതിന്റെ പുതിയ കാഴ്ച മാത്രമാണിത്. 

twitter trend

ഗോഡ്‌സെയെ മഹത്വവത്കരിക്കാനും ഗാന്ധിജിയെ ഇകഴ്ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണ് 'ഗോഡ്സെ സിന്ദാബാദ്' ഹാഷ് ടാഗുകള്‍. ഗാന്ധി ജയന്തി ദിനത്തിലും രക്തസാക്ഷി ദിനത്തിലുമാണ് ഗോഡ്‌സെ ആരാധകര്‍ കൂടുതല്‍ പ്രവര്‍ത്തനനിരതരാകുന്നത്. ഗാന്ധി ദേശവിരുദ്ധനായിരുന്നെന്ന വാദം ആവര്‍ത്തിക്കണം, ഗാന്ധിയെ വധിച്ച ഗോഡ്‌സെയ്ക്ക് നന്ദി പറയണം, ഗോഡ്‌സെയെ ദേശഭക്തനാണെന്ന് വാഴ്ത്തണം. ഗാന്ധിയെ അപഹസിച്ചും ഗോഡ്‌സെയെ പുകഴ്ത്തിയും സോഷ്യല്‍ മീഡിയയാകെ പോസ്റ്റുകള്‍ നിറയും. തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളില്‍ നിന്നാണ് ഇത്തരം ട്വീറ്റുകള്‍ പുറപ്പെടുന്നത്. ദേശസ്‌നേഹത്തിന്റെ പുതിയ പാഠങ്ങള്‍ കൂടി ഇത്തരം ആളുകള്‍ ഗോഡ്‌സെയ്‌ക്കൊപ്പം ചേര്‍ത്തുവെക്കാറുമുണ്ട്. 

ഗോഡ്സെ ദേശഭക്തനാണെന്ന് പ്രജ്ഞാ സിംഗ് ഠാക്കൂര്‍ വിളിച്ചുപറഞ്ഞത് ഏതെങ്കിലും നിരത്തുപ്രസംഗത്തില്‍ ആയിരുന്നില്ല. ബിജെപി എംപിയായി ലോക്‌സഭയിലായിരുന്നു പ്രജ്ഞയുടെ വാക്കുകള്‍. വിമര്‍ശനവും വിവാദവും ഉയര്‍ന്നതോടെയാണ് സഭാരേഖകളില്‍ നിന്ന് പരാമര്‍ശം മാറ്റിയത്. ഇന്ത്യയിലെ ആദ്യ ദീകരവാദി ഹിന്ദുവാദിയായ ഗോഡ്‌സെ ആണെന്ന കമല്‍ഹാസന്റെ പരാമര്‍ശമായിരുന്നു പ്രജ്ഞയെ വിറളി പിടിപ്പിച്ചത്. ഗോഡ്‌സെ ദേശഭക്തനാണെന്ന് അവര്‍ പല വേദികളിലും ആവര്‍ത്തിച്ചു. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞ പറഞ്ഞിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ രൂക്ഷ വിമര്‍ശത്തിനൊടുവില്‍ പ്രധാനമന്ത്രി മോദിക്ക് മൗനം വെടിയേണ്ടിവന്നു. ഗാന്ധിജിയെ അവഹേളിച്ചതില്‍ വിയോജിപ്പ് അറിയിക്കേണ്ടിയും വന്നു. 

രണ്ടു വര്‍ഷം മുമ്പ്, ഗോഡ്‌സെയുടെ ജന്മവാര്‍ഷികത്തില്‍ പത്ത് രൂപയുടെ നോട്ടില്‍ ഗാന്ധിയുടെ ചിത്രം മാറ്റി ഗോഡ്‌സെയുടെ ചിത്രം ചേര്‍ത്ത് പ്രചരിപ്പിച്ചതും ഇന്ത്യയില്‍ തന്നെയായിരുന്നു. എബിവിപി നേതാവായിരുന്ന ശിവം ശുക്ലയാണ് 'ഗോഡ്‌സേ അമര്‍ രഹേ' എന്ന അടിക്കുറിപ്പില്‍ ചിത്രം പ്രചരിപ്പിച്ചത്. അടുത്തവര്‍ഷവും അയാള്‍ ഇത് വീണ്ടും പോസ്റ്റ് ചെയ്തിരുന്നു. ഹിന്ദു മഹാ സഭാ നേതാക്കള്‍, തോക്കെടുത്ത് ഗാന്ധിജിയെ വീണ്ടും വെടിവെച്ചിട്ടാണ് രക്തസാക്ഷി ദിനം ആചരിച്ചത്. പൂജാ ശകുന്‍ പാണ്ഡെ ഗാന്ധിജിയുടെ ചിത്രത്തിനുനേരെ വെടിവെക്കുകയായിരുന്നു. രക്തം ചിതറുന്നതുമൊക്കെ ഇവര്‍ ഒരുക്കിയിരുന്നു. പക്ഷേ, അവര്‍ മുറുകെ പിടിച്ചിരുന്നത് ഗോഡ്‌സെയുടെ ചിത്രമായിരുന്നു. ഇത്തരം ശ്രമങ്ങള്‍ തടയാന്‍ ആരുമില്ലെന്നതാണ് ഇവര്‍ക്ക് ധൈര്യം നല്‍കുന്നത്. ദേശീയഗാനത്തെയും ദേശീയപതാകയെയും അപമാനിച്ചെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളുന്നവര്‍ക്കും രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതില്‍ പ്രശ്‌നമൊന്നും തോന്നുന്നില്ല. ബിജെപി, സംഘപരിപാര്‍ നേതാക്കളോ പ്രവര്‍ത്തകരോ ആയാല്‍ പോലും വലിയ അച്ചടക്ക നടപടികളൊന്നും ഉണ്ടാകുന്നുമില്ല. അതിനാല്‍ അവ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 

ഇന്ത്യയെ രക്ഷിച്ചതിന് നന്ദി, നാഥുറാം ഗോഡ്സെ രാജ്യസ്‌നേഹിതന്നെ എന്ന തരത്തിലാണ് ഈ ഗാന്ധിജയന്തി ദിനത്തില്‍ ട്വീറ്റുകള്‍ വന്നിരിക്കുന്നത്. നിങ്ങള്‍ നല്ലൊരു ഫിനിഷര്‍ ആണ്. നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയതെന്നും ഭയലേശമെന്യേ പറയാന്‍ ഇവര്‍ ധൈര്യം കാണിച്ചിരിക്കുന്നു.

Twitter1

1948ല്‍ ഗോഡ്‌സെ നല്‍കിയ വാക്‌സിനില്‍ വൈറസ് കീഴടങ്ങിയെന്നാണ് യുപിയില്‍ നിന്നുള്ള ബിജെപി ഐടി സെല്‍ അംഗമെന്ന് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്ന രോഹിതിന്റെ ട്വീറ്റ്. ഗാന്ധി ജയന്തി എന്ന ഹാഷ് ടാഗിനേക്കാള്‍ മുകളില്‍ ഗോഡ്‌സെ സിന്ദാബാദ് എന്ന ഹാഷ് ടാഗിനെ മുന്നിലെത്തിക്കുന്ന തരത്തിലായിരുന്നു സംഘപരിവാരങ്ങളുടെ ശ്രമങ്ങള്‍. കഴിഞ്ഞവര്‍ഷങ്ങളിലും ഗാന്ധി ജയന്തി ദിനത്തില്‍ 'ഗോഡ്‌സെ സിന്ദാബാദ്' എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. കഴിഞ്ഞവര്‍ഷം ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട ആശംസകളും പോസ്റ്റുകളും വരുന്നതിനും വളരെ മുമ്പേ ഗോഡ്‌സെ സ്തുതികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോകത്തിന്റെ ശ്രദ്ധയാകെ നേടുന്ന തരത്തിലായിരുന്നു അവയുടെ പ്രചാരണമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

twitter 3

രാജ്യമെങ്ങും ബിജെപി നേതാക്കള്‍ ഗാന്ധിയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചടങ്ങുകള്‍ സംഘടിപ്പിക്കുകയും ചെയ്യുമ്പോള്‍ തന്നെയായിരുന്നു, സോഷ്യല്‍ മീഡിയയിലൂടെ ഗാന്ധിജിയെ വീണ്ടും 'വധിച്ചുകൊണ്ടിരുന്നത്'. ഗാന്ധിയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ഗോഡ്‌സെ പറഞ്ഞ ന്യായങ്ങള്‍ ശരിയാണെന്ന ഉറക്കെപ്പറച്ചിലുകള്‍ കൂടിയാണ് ഇത്തരം ട്വീറ്റുകള്‍. ഒപ്പം, തങ്ങളെ അംഗീകരിക്കാത്ത, തങ്ങള്‍ക്ക് വഴങ്ങാത്ത ചരിത്രത്തെ കിട്ടുന്ന അവസരങ്ങളിലെല്ലാം വെട്ടിക്കളയുകയെന്ന സംഘപരിവാരങ്ങളുടെ സംഘടിത നീക്കം കൂടിയാണ് ഇത്തരത്തില്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.