നിപ്പ വൈറസ്: അയല്‍ജില്ലകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രനിര്‍ദ്ദേശം

 
Nipah Virus


കോഴിക്കോട് നിപ്പ വൈറസ് ബാധിച്ച് 12-കാരന്‍ മരിച്ച സാഹചര്യത്തില്‍ അയല്‍ജില്ലകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രനിര്‍ദ്ദേശം. നിപ്പ ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കൺട്രോളിൽ നിന്നുള്ള  (എന്‍സിഡിസി) സംഘം ഇന്നലെ കോഴിക്കോട് ജില്ല സന്ദര്‍ശിച്ചിരുന്നു. 

നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിവിധ സാമ്പിളുകളും എന്‍സിഡിസി സംഘം പരിശോധിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കേരള ചീഫ് സെക്രട്ടറി വിപി ജോയിക്ക് അയച്ച കത്തില്‍ നിര്‍ദ്ദേശം നല്‍കി. 

പുതിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സാധ്യമായ എല്ലാ സാങ്കേതിക പിന്തുണയും നല്‍കുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തൊട്ടടുത്തുള്ള മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. 

നിപ്പ സ്ഥിരീകരിച്ചവരുമായുള്ള  പ്രൈമറി കോണ്ടാക്ട് ഉള്ളവരെയും സെക്കന്‍ഡറി കോണ്ടാക്ട് ഉള്ളവരെയും ജില്ലാ അതോറിറ്റി കണ്ടെത്തുകയും ഇവരെ ലോ റിസ്‌ക് കാറ്റഗറി, ഹൈ റിസ്‌ക് കാറ്റഗറി റിസ്‌ക് എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കുകയും വേണം. ആന്റി ബോഡി മരുന്നായ റിബാവെറിന്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ ആവശ്യത്തിന് ഉണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു.  നിപാ വൈറസ് ചികിത്സാ ആവശ്യത്തിനായുള്ള ആന്റിബോഡിയുടെ സാധ്യതകളെക്കുറിച്ച് ഐസിഎംആര്‍ പഠിച്ചു വരികയാണെന്നും കത്തില്‍ പറയുന്നു.