'രാജ്യതാല്‍പര്യത്തെക്കാള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന'; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മോദി

 
modi

പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി. രാജ്യതാല്‍പര്യത്തെക്കാള്‍ പ്രതിപക്ഷം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നുവെന്നും പാര്‍ലമെന്റ് പ്രതിഷേധത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി പറഞ്ഞു. 

വിലക്കയറ്റത്തെ തുടര്‍ന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ  ഇരുസഭകളിലെയും മണ്‍സൂണ്‍ സെഷന്‍ നടപടി ക്രമങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. 'അധികാരത്തിലിരുന്നപ്പോള്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെ പലതവണ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില തടസ്സങ്ങള്‍ സൃഷ്ടിച്ചു,' സമാജ്വാദി പാര്‍ട്ടിയുടെ മുന്‍ രാജ്യസഭാംഗം ഹര്‍മോഹന്‍ സിംഗ് യാദവിന്റെ പത്താം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. 

സര്‍ക്കാരിന്റെ ഓരോ തീരുമാനത്തിലും പ്രതിപക്ഷം സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. തീരുമാനങ്ങള്‍  നടപ്പിലാക്കുകയാണെങ്കില്‍, അവര്‍ അതിനെ എതിര്‍ക്കുന്നു. രാജ്യത്തെ ജനങ്ങള്‍ അത് ഇഷ്ടപ്പെടുന്നില്ല, സമൂഹത്തിന്റെയും രാജ്യത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് മുകളില്‍ പ്രത്യയശാസ്ത്രമോ രാഷ്ട്രീയ താല്‍പ്പര്യങ്ങളോ കാണുന്ന പ്രവണത അടുത്ത കാലത്തായി പ്രതിപക്ഷത്ത് നിന്ന് കണ്ട് വരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, കക്ഷി രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രത്തിന് പ്രഥമസ്ഥാനം നല്‍കണമെന്ന് മോദി പറഞ്ഞു.

പാര്‍ട്ടികള്‍ നിലനില്‍ക്കുന്നത് ജനാധിപത്യം കൊണ്ടാണ്, ജനാധിപത്യം നിലനില്‍ക്കുന്നത് രാജ്യം കൊണ്ടാണ്, നമ്മുടെ രാജ്യത്തെ മിക്ക പാര്‍ട്ടികളും, പ്രത്യേകിച്ച് എല്ലാ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളും ഈ ആശയം പിന്തുടര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് എല്ലാ പ്രമുഖ പാര്‍ട്ടികളും ഭരണഘടനയെ സംരക്ഷിക്കാന്‍ ഒന്നിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് സഭയ്ക്കുള്ളില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എംപിമാരെ ആഗസ്ത് 12ന് അവസാനിക്കുന്ന മുഴുവന്‍ മണ്‍സൂണ്‍ സമ്മേളനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സഭയിലേക്ക് പ്ലക്കാര്‍ഡുകള്‍ കൊണ്ടുവരുന്നതിനെതിരെ സ്പീക്കര്‍ ഓം ബിര്‍ള നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാണിക്കം ടാഗോര്‍, ജ്യോതിമണി, രമ്യാ ഹരിദാസ്, ടിഎന്‍ പ്രതാപന്‍ എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എംപിമാര്‍.