ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബാബുല്‍ സുപ്രിയോ

 
babul-supriyo

മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍(ടിഎംസി) ചേര്‍ന്നു. കേന്ദ്രമന്ത്രിസഭ പുനസംഘടനയില്‍ ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് സുപ്രിയോ ബിജെപി വിട്ടത്. തൃണമൂൽ കോൺഗ്രസ്​ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക്​ ബാനർജി, രാജ്യസഭ എം.പി ഡെറിക്​ ഒബ്രിയാൻ എന്നിവർ ചേർന്ന്​ ബാബുൽ സുപ്രിയോയെ സ്വീകരിച്ചു. മമത ബാനർജി നിർണായക പോരാട്ടത്തിനിറങ്ങുന്ന ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ബാബുൽ സുപ്രിയോയുടെ പാർട്ടിപ്രവേശനം.  ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നുവെന്ന്​ പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയും അറിയിച്ചു.

സിനിമ പിന്നണി ഗായകാനായിരുന്ന സുപ്രിയോ, 2014 മുതല്‍ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ലോക്‌സഭ എംപിയായിരുന്നു. ബിജെപിയിൽ നിന്ന് പടിയിറങ്ങിയ ശേഷവും  അസൻസോളിൽ ഭരണഘടനാപരമായി (എംപിയായി) ജോലി ചെയ്യുമെന്ന് സുപ്രിയോ ആഗസ്റ്റ് ആദ്യവാരം പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചാണ് സുപ്രിയോ ബിജെപി വിട്ടത്. തനിക്കും ബിജെപി നേതൃത്വത്തിനും തമ്മില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പിന് മുന്‍പാണ് ഇത് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടിയുമായി തെറ്റിയെങ്കിലും ബാബുല്‍ സുപ്രിയോയുടെ പേര് ഭബാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്റ്റാന്‍ ക്യാമ്പയിനര്‍മാരുടെ പട്ടികയില്‍ ബിജെപി ഉള്‍പ്പെടുത്തിയിരുന്നു. 

പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അരൂപ് ബിശ്വാസിനോട് തോറ്റതിന് പിന്നാലെയാണ് ബിജെപിയുമായി അകല്‍ച്ച ആരംഭിച്ചത്.രാഷ്ട്രീയ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും ബിജെപിയല്ലാതെ മറ്റൊരു സങ്കേതമില്ലെന്നുമായിരുന്നു നേരത്തെ രാജിപ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞത്.