എച്ച് ഐ വി ബാധിച്ച പെണ്‍കുട്ടികളെ കൊണ്ട് മലം വാരിച്ച് അനാഥാലയ അധികൃതര്‍

 
എച്ച് ഐ വി ബാധിച്ച പെണ്‍കുട്ടികളെ കൊണ്ട് മലം വാരിച്ച് അനാഥാലയ അധികൃതര്‍

അല്‍പമെങ്കിലും മനുഷ്യത്വം ബാക്കിയുള്ളവരുടെ മനസ് മരവിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ ഹൈദരാബാദില്‍ നിന്നാണ്. അനാഥാലയം എന്ന പേരില്‍ നടത്തുന്ന ഒരു സ്ഥാപനത്തില്‍ 'ജീവിക്കുന്ന' പാവം പെണ്‍കുട്ടികളെ കൊണ്ട് മലം വാരിക്കുന്ന ദൃശ്യങ്ങളാണ് അവ. അവരെ മാന്‍ഹോളില്‍ ഇറക്കിച്ച് അവിടം വൃത്തിയാക്കിക്കുന്ന ദൃശ്യങ്ങള്‍ ആരെയും രോഷാകുലരാക്കും. ബാലവേലയും തോട്ടിവേലയും നിരോധിച്ചിരിക്കുന്ന ഒരു രാജ്യത്താണ് ഇത് സംഭവിക്കുന്നത് എന്ന വാസ്തവം എല്ലാ 'ശുചിത്വ ഭാരതീയരുടെയും' നേര്‍ക്ക് ഉയരുന്ന വലിയ ചോദ്യമായി മാറുന്നു.

2000ല്‍ മാസാച്യുസെറ്റ്‌സില്‍ നിന്നും ഇന്ത്യയില്‍ ചേക്കേറിയ ലിന്നെ ഗുഹാന്‍-വൊഗ്ഗു നടത്തുന്ന എജിഎപിഇ എന്ന അനാഥാലയത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഈ സ്ത്രീ ഇന്ത്യയില്‍ എത്തിയ ശേഷം ഡോ. രത്‌നം വൊഗ്ഗു എന്നയാളെ വിവാഹം ചെയ്തതായി അനാഥാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

230 അന്തേവാസികളാണ് ഇവിടെയുള്ളത്. എല്ലാവരും പെണ്‍കുട്ടികളാണ്. ഇവരില്‍ ചുവന്ന വസ്ത്രം ധരിച്ച, മുഖം മറച്ച ഒരു പെണ്‍കുട്ടി മാന്‍ഹോളില്‍ ഇറങ്ങി അതില്‍ നിന്നും ഒരു മഗ്ഗില്‍ മലം പുറത്തേക്ക് വാരിക്കളയുന്നതാണ് ദൃശ്യത്തിലുള്ളത്. വെളിയില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു മുതിര്‍ന്ന വ്യക്തിയുടെ ശബ്ദവും വീഡിയയോയില്‍ ഉണ്ട്. ഉപ്പലിലെ സ്വരൂപ്‌നഗറിലുള്ള ഒരു വ്യക്തിയാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ അനാഥാലയവുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ബാലവേല നിരോധന ചട്ടത്തിന്റെ ലംഘനത്തിനും ബാലനീതി ചട്ടത്തിലെ 75-ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഒരു 12 വയസുകാരിയെ കൊണ്ടാണ് ഇവര്‍ ഇത് ചെയ്യിച്ചതെന്നും ഉപ്പല്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെടക്ടര്‍ നരസിംഹ റെഡ്ഢി പറഞ്ഞു. ഇവിടുത്തെ 230 അന്തേവാസികളില്‍ 90 പേര്‍ എച്ച്‌ഐവി ബാധിതരാണ്.

തങ്ങള്‍ക്ക് പ്രദേശത്തെ ഒരു വ്യക്തിയില്‍ നിന്നും വിവരം ലഭിച്ചതിന്റെ പേരില്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ചതായി കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അച്യുത് റാവു പറഞ്ഞു. എച്ച്‌ഐവി ബാധിച്ച 12 കുട്ടികളെ അനാഥാലയത്തിന് പുറത്തും മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ അയച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അനാഥാലയത്തോട് അന്വേഷിച്ചപ്പോള്‍ എച്ച്‌ഐവി രോഗികള്‍ പാര്‍ക്കുന്ന അനാഥാലയത്തില്‍ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ആളെ കിട്ടാത്തതിനാലാണ് കുട്ടികളെ ഉപയോഗിക്കേണ്ടി വരുന്നത് എന്ന മറുപടിയാണ് ലഭിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. 'തോട്ടിപ്പണി ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ കുട്ടികളെ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് നേരെ സര്‍ക്കാരുകള്‍ കണ്ണടയ്ക്കുകയാണ്,' എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അദ്ദേഹം പറയുന്നത്. നഗരത്തില്‍ ഇത്തരത്തിലുള്ള നിരവധി അനാഥാലയങ്ങളുണ്ട്. മതിയായ സംവിധാനങ്ങളോ പരിപാലനമോ ഇവയ്ക്കില്ല എന്ന് മാത്രമല്ല ഇവയിലൊന്നും നിയമവിധേയമായ പരിശോധനകള്‍ നടക്കാറുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തെലുങ്കാനയില്‍ ബാലവേല വ്യാപകമാണെന്ന് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രംഗറെഡ്ഢി ജില്ലയിലെ ഷിവാരാമ്പള്ളി ജില്ല പരിഷത്ത് ഹൈസ്‌കൂളിന്റെ പഴയ മതില്‍ ഇടിച്ചു നിരത്തുന്നതിന് സ്‌കൂളിലെ കുട്ടികളെ തന്നെയാണ് ഹെഡ്മാസ്റ്റര്‍ നിയോഗിച്ചത്. ഈ മാസം രണ്ടാം വാരത്തിലായിരുന്നു സംഭവം. ഇതൊരു സര്‍ക്കാര്‍ സ്‌കൂളാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സ്‌കൂളിലെ ശൗച്യാലയങ്ങളും ജലസംഭരണികളും വൃത്തിയാക്കാന്‍ പെണ്‍കുട്ടികളെ നിയോഗിക്കുന്നതായും ഹെഡ്മാസ്റ്റര്‍ കെ കിസ്തയ്യക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. രക്ഷകര്‍ത്താക്കള്‍ തുടര്‍ച്ചയായി പരാതി പെട്ടിട്ടും പിന്മാറാന്‍ ഇയാള്‍ തയ്യാറായിട്ടില്ല.

ഓപ്പറേഷന്‍ മുസ്‌കാന്‍, ഓപ്പറേഷന്‍ സ്‌മൈല്‍ എന്നീ പദ്ധതി പ്രകാരം സംസ്ഥാന ബാലാവകാശ കമ്മീഷന്‍ 2016ല്‍ 3000 കുട്ടികളെയാണ് ബാലവേലയില്‍ നിന്നും മോചിപ്പിച്ചത്. ബാലവേല നിരോധന നിയമം ലംഘിച്ചതിന്റെ പേരില്‍ ഹൈദരാബാദ്, സംഗറെഡ്ഢി ജില്ലകളില്‍ മാത്രം 534 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമങ്ങള്‍ കര്‍ശനമാണെങ്കിലും സംസ്ഥാനത്ത് ബാലവേല നിര്‍ബാധം തുടരുകയാണെന്നും അച്യുത് റാവു ന്യൂസ് മിനിറ്റിനോട് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് ദുഃസ്ഥിതി തുടരാന്‍ കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു.