'സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും പ്രത്യാഘാതങ്ങളും പരിഗണിക്കുന്നതില്‍ നമ്മുടെ നിയമ വ്യവസ്ഥ പരാജയം'

 
NV Ramana

രാജ്യത്തെ നീതിന്യായ വിതരണ വ്യവസ്ഥ ഭാരതവത്കരിക്കേണ്ടത് അനിവാര്യം

ഇന്ത്യന്‍ നിയമവ്യവസ്ഥ രാജ്യത്തെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും പ്രത്യാഘാതങ്ങളും പരിഗണിക്കുന്നതില്‍ പരാജയമാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. പരമ്പരാഗത സമൂഹങ്ങള്‍ കോടതിയെ സമീപിക്കുന്നതില്‍ ഇപ്പോഴും മടിച്ചുനില്‍ക്കുകയാണ്. രാജ്യത്തെ നീതിന്യായ വിതരണ വ്യവസ്ഥയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ പങ്കുവെക്കുമ്പോള്‍ തന്നെ, അവയെ ഭാരതവത്കരിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടും ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു. നിലവിലെ നിയമവ്യവസ്ഥ കൊളോണിയല്‍ കാലത്തുള്ളതാണെന്നും ഇന്ത്യന്‍ ജനതയ്ക്ക് അത് അനുയോജ്യമല്ലെന്നും മുന്‍പൊരിക്കല്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

സ്വാതന്ത്ര്യലബ്ധിയുടെ 74 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും, പരമ്പരാഗത ജീവിത രീതികള്‍ പിന്തുടരുന്ന കര്‍ഷകര്‍ ഉള്‍പ്പെടെ സമൂഹങ്ങള്‍ കോടതിയെ സമീപിക്കുന്നതില്‍ ഇപ്പോഴും മടിച്ചുനില്‍ക്കുകയാണ്. നമ്മുടെ കോടതികളിലെ പ്രവര്‍ത്തനങ്ങള്‍, നടപടിക്രമങ്ങള്‍, ഭാഷ എന്നിങ്ങനെ എല്ലാം അവര്‍ക്ക് അന്യമായാണ് തോന്നുന്നത്. സങ്കീര്‍ണമായ ഭാഷയ്ക്കും നീതി വിതരണ പ്രക്രിയയ്ക്കും ഇടയില്‍, തന്റെ പരാതിയിന്മേലുള്ള വിധിയിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടേക്കാമെന്ന് സാധാരണക്കാരന് തോന്നിയേക്കാം. ഇത്തരമൊരു മാര്‍ഗത്തില്‍, താന്‍ ഈ വ്യവസ്ഥകള്‍ക്കെല്ലാം പുറത്തുള്ള ആളാണെന്ന ചിന്തയും നീതി അന്വേഷിക്കുന്നവരുടെ ഉള്ളിലുണ്ടായേക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇന്ത്യന്‍ നിയമവ്യവസ്ഥ അതിന്റെ ഇന്നത്തെ രൂപത്തില്‍, ഒട്ടനവധി സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും പ്രത്യാഘാതങ്ങളും പരിഗണിക്കുന്നതില്‍ പരാജയമാണ്. പല
സത്യങ്ങളും നിയമങ്ങളുമൊക്കെ തള്ളിക്കളയപ്പെടുന്ന തരത്തില്‍ രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്ന പ്രക്രിയയില്‍ വളരെയധികം കാര്യങ്ങള്‍ നഷ്ടമാകുന്നുണ്ട്. ആളുകള്‍ അവരുടെ പ്രശ്‌നങ്ങളുമായി കോടതികള്‍ എത്തിയേക്കാം. പക്ഷേ, എന്താണ് അവസാനം അവശേഷിക്കുക, അത് മറ്റൊരു കേസായിരിക്കും. നമ്മുടെ നിയമവ്യവസ്ഥയെ ഭാരതവല്‍ത്കരിച്ചുകൊണ്ട് പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന പ്രശ്‌നങ്ങളാണിതെല്ലാം.

ഇത്തരം ആശങ്കകളെ അഭിസംബോധന ചെയ്യാന്‍ പ്രാപ്തിയുള്ളവയാണ് കോടതികളാണെന്നാണ് പൊതുവിശ്വാസം. എന്നാല്‍ നീതിന്യായ വിതരണ സംവിധാനം ജനസൗഹാര്‍ദ്ദപരമാക്കുന്ന തരത്തില്‍ നിയമ ചട്ടക്കൂട് മാറ്റിയില്ലെങ്കില്‍ നമുക്ക് നമ്മുടെ ലക്ഷ്യം കൈവരിക്കാനാകില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും ചീഫ് ജസ്റ്റിസ് രമണ കൂട്ടിച്ചേര്‍ത്തു. ഒഡീഷ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒഡീഷ ഹൈക്കോടതി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.