പ്രധാനമന്ത്രിക്ക് പിറന്നാള്‍ സമ്മാനം; ഒറ്റ ദിവസം 2.25 കോടി കടന്ന് വാക്‌സിനേഷന്‍; ചൈനയെ മറികടക്കുക ലക്ഷ്യം

 
modi

കോവിഡ് വാക്സിനേഷനിൽ പുതിയ നേട്ടവുമായി ഇന്ത്യ. വെള്ളിയാഴ്ച,  രാത്രി 9.30 വരെ രാജ്യം ഏകദേശം 2.25 കോടിയോളം വാക്‌സിൻ വിതരണം ചെയ്തു.  ഇന്നു രാത്രിയോടെ വാക്സിനേഷന്‍ രണ്ടര കോടിയിലെത്തിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71–ാം ജന്മദിനത്തോട് അനുബന്ധിച്ച്, വാക്‌സിൻ വിതരണത്തിൽ ചൈനയുടെ റെക്കോർഡ് തകർക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. 

ഒറ്റദിവസം ഏറ്റവും കൂടുതല്‍ വാക്‌സിന്‍ കുത്തിവെപ്പ് നല്‍കിയ റെക്കോര്‍ഡ് നിലവില്‍ ചൈനയുടെ പേരിലാണ്. ജൂണ്‍ 24ന് ചൈനയില്‍ 2.47 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിരുന്നു.

മോദിയുടെ ജന്മദിനത്തിൽ, കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് സൃഷ്ടിക്കാൻ ബിജെപിയുടെ ആരോഗ്യവിഭാഗം വൊളന്റിയർമാർ ഊർജിതശ്രമത്തിലായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ രാജ്യത്തെ വാക്‌സിനേഷന്‍ ഒരു കോടി ഡോസ് പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.  അതിവേഗത്തിലുള്ള നേട്ടമാണിത്. നമ്മള്‍ ഇനിയും മുന്നേറുകയാണ്. വാക്‌സിനേഷനില്‍ രാജ്യം ഇന്ന് പുതിയ റെക്കോര്‍ഡ് തീര്‍ക്കുമെന്നാണ് വിശ്വാസം. ഈ നേട്ടം പ്രധാനമന്ത്രിക്ക് ജന്മദിന സമ്മാനമായി നല്‍കാമെന്നും മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.