Assembly Poll 2022: രാഹുലിന്റെ പ്രവര്‍ത്തന ശൈലി അത്ര പോരാ; 40 ശതമാനം ആളുകളും തൃപ്തരല്ല: സര്‍വേ

 
rahul gandhi

പഞ്ചാബില്‍ രാഹുലിന്റെ ശൈലിയെ ഇഷ്ടപ്പെടാത്തവര്‍ 53.1 ശതമാനം

ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മാസങ്ങളുടെ അകലം മാത്രമാണുള്ളത്. ബിജെപി, കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്നിങ്ങനെ കക്ഷികളെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തുടങ്ങിയിരിക്കുന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് എബിപി-സി വോട്ടര്‍ ആദ്യ ഘട്ട സര്‍വേ ഫലം. ഭരണത്തിലിരിക്കുന്ന പഞ്ചാബില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് തിരിച്ചടി നേടും. സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. മറ്റു സംസ്ഥാനങ്ങളിലും ആം ആദ്മി പാര്‍ട്ടി ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ മനക്ലേശമുണ്ടാക്കുന്ന സര്‍വേ ഫലത്തിനു പിന്നാലെ മറ്റൊരു സര്‍വേഫലം കൂടി പുറത്തുവന്നിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ 40 ശതമാനത്തിലധികം ആളുകളും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ല എന്നാണ് എബിപി-സിവോട്ടര്‍-ഐഎഎന്‍സ് സര്‍വേ. 

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ 40.5 ശതമാനം ആളുകളും രാഹുലിന്റെ പ്രവര്‍ത്തന ശൈലിയില്‍ ഒട്ടും തൃപ്തരല്ല. 18.5 ശതമാനം മാത്രമാണ് രാഹുലിന്റെ പ്രവര്‍ത്തന ശൈലിയില്‍ വളരെ സംതൃപ്തി പ്രകടിപ്പിച്ചത്. 20.2 ശതമാനം ആളുകള്‍ ഒരു പരിധി വരെ രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയപ്പോള്‍ 21 ശമാനം ആളുകള്‍ അറിയില്ല അല്ലെങ്കില്‍ പറയാനാവില്ല എന്ന മറുപടിയാണ് നല്‍കിയത്. അഞ്ച് സംസ്ഥാനങ്ങളിലെ 690 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 98,121 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. സെപ്റ്റംബര്‍ നാല് മുതല്‍ ഒക്ടോബര്‍ നാല് വരെയായിരുന്നു സര്‍വേ. 

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ രാഹുലിന്റെ ശൈലിയെ ഇഷ്ടപ്പെടാത്തവര്‍ 53.1 ശതമാനമാണ്. 6.7 ശതമാനം മാത്രമാണ് രാഹുല്‍ ശൈലിയെ അത്രത്തോളം ഇഷ്ടപ്പെടുന്നവര്‍. 18.9 ശതമാനം ഒരു പരിധി വരെ തൃപ്തി രേഖപ്പെടുത്തുന്നു. സംസ്ഥാനത്ത് 18,642 പേരിലാണ് സര്‍വേ നടത്തിയത്. 

ഉത്തരാഖണ്ഡില്‍ സര്‍വേയില്‍ പങ്കെടുത്ത 54.1 ശതമാനം പേരും രാഹുല്‍ ശൈലിയില്‍ ഒട്ടും തൃപ്തരല്ല. അതേസമയം 14.7 ശതമാനം പേര്‍ വളരെ സംതൃപ്തരാണ്. 13,975 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ണിപ്പൂരില്‍, 27.4 ശതമാനം പേര്‍ വളരെ സംതൃപ്തരാണ്. 21.5 ശതമാനം പേര്‍ ഒരു പരിധിവരെ സംതൃപ്തരാണ്. 42.1 ശതമാനം പേര്‍ ഒട്ടും തൃപ്തരല്ല.

ഉത്തര്‍പ്രദേശില്‍ 46.2 ശതമാനം പേര്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഒട്ടും തൃപ്തരല്ല. 13.3 ശതമാനം പേര്‍ വളരെ സംതൃപ്തരാണ്. സംസ്ഥാനത്ത് 50,936 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഗോവയില്‍, 16.1 ശതമാനം വളരെ സംതൃപ്തരാണ്. 23.2 ശതമാനം പേര്‍ ഒരു പരിധിവരെ സംതൃപ്തരാണ്. ഇവിടെ 13,048 ആളുകളിലാണ് സര്‍വേ നടത്തിയത്.