ഡല്‍ഹിയില്‍ ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് വ്യാപനം; ചികിത്സ തേടിയ രോഗികളില്‍ 27 ശതമാനവും കുട്ടികള്‍

ആശങ്ക വര്‍ധിപ്പിച്ച് ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 300-ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി നഗര ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, തലസ്ഥാനത്ത് 366 കോവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. നിലവില്‍ പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനമാണ്. ഏപ്രില്‍ ഒന്നിന് 0.57 ശതമാനം ആയിരുന്നു ടിപിആര്‍. രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും കൂടിയ പൊസിറ്റിവിറ്റി നിരക്കാണ് ഇത്. ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള ആശുപത്രികളില്‍ സൗജന്യമായി കരുതല്‍ ഡോസ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ ഇത് വരെയുള്ള ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം ഇപ്പോള്‍ ഏകദേശം 18.68 ലക്ഷമാണ്. 26,158 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഡല്‍ഹി സര്‍ക്കാര്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ മുന്‍കരുതല്‍ ഡോസുകള്‍ പ്രഖ്യാപിക്കുന്നതിനിടയിലാണ് തലസ്ഥാനത്ത് കോവിഡ്-19 കുതിച്ചുയരുന്നത്.
കോവിഡ് സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പൗരന്മാരോട് പരിഭ്രാന്തരാകരുതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അഭ്യര്‍ത്ഥിച്ചു. 'ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇപ്പോള്‍ പരിഭ്രാന്തരാകാന്‍ വലിയ കാരണമൊന്നുമില്ല. സാഹചര്യത്തിനനുസരിച്ച് ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കും,' കെജ്രിവാള് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ഡല്‍ഹി ആശുപത്രികളില്‍ എത്തിയ രോഗികളില്‍ 27 ശതമാനം പേരും കുട്ടികളാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.
ചെറിയ കുട്ടികളില്‍, പ്രാരംഭ ലക്ഷണം ഛര്‍ദ്ദിയും തുടര്‍ന്ന് ഉയര്‍ന്ന ഗ്രേഡ് പനിയും വയറിളക്കവുമാണ്. മുതിര്‍ന്ന കുട്ടികള്‍ സ്ഥിരമായ തലവേദനയുണ്ടാകുന്നു. മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളില്‍ ശ്വാസകോശ ആ ലക്ഷണങ്ങള്‍ വളരെ അപൂര്‍വമാണെന്നും വിദഗ്ധരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ട് പറയുന്നു.
പുതിയ വേരിയന്റ് കണ്ടെത്തുന്നത് വരെ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് പറഞ്ഞിരുന്നു. തലസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) ഏപ്രില്‍ 20ന് നിര്‍ണായക യോഗം ചേരും. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് എന്നിവരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. നിലവിലെ കോവിഡ് സാഹചര്യത്തിന് പുറമെ വാക്സിനേഷന് പരിപാടിയും യോഗം അവലോകനം ചെയ്യുമെന്നും അധികൃതര്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍ ഫെബ്രുവരി 28ന് ഡല്‍ഹി സര്‍ക്കാര്‍ എല്ലാ നിയന്ത്രണങ്ങളും നീക്കിയിരുന്നു. മാര്‍ച്ച് 31 ന് ഡല്‍ഹി സര്‍ക്കാര്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിന് പിഴ പിന്‍വലിച്ചിരുന്നു.