'പാകിസ്ഥാന്‍ ഭീകരവാദത്തെ മഹത്വവത്കരിച്ച രാജ്യം; ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകം'

 
Sneha Dubey

സുസ്ഥിര സമാധാനത്തിന് ജമ്മു കാശ്മീര്‍ തര്‍ക്കം പരിഹരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍

യുഎന്‍ പൊതുസഭയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ജമ്മു കാശ്മീരിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്‍ ഭീകരവാദത്തെ മഹത്വവത്കരിച്ച രാജ്യമാണെന്ന് ഇന്ത്യ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ കലാപത്തിനും പാകിസ്ഥാന്‍ ശ്രമിച്ചു. ജമ്മു കാശ്മീരും ലഡാക്കും രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ പറഞ്ഞു.

യുഎന്‍ തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഏറ്റവും കൂടുതല്‍ ഭീകരര്‍ക്ക് അഭയം നല്‍കുകയും സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്ത ചരിത്രം പാകിസ്ഥാനുണ്ട്. അവര്‍ അത് നയമാക്കിയിരിക്കുകയാണ്. ബിന്‍ ലാദന് അഭയം നല്‍കി. ലാദനെ രക്തസാക്ഷിയായാണ് പാകിസ്ഥാന്‍ ഇപ്പോഴും പരിഗണിക്കുന്നത്. ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാകിസ്ഥാന്‍ അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭാഗങ്ങളും ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്നും സ്‌നേഹ ദുബെ വ്യക്തമാക്കി. 

പാകിസ്ഥാന്‍ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും ദക്ഷിണേഷ്യയിലെ സുസ്ഥിര സമാധാനത്തിന് ജമ്മു കാശ്മീര്‍ തര്‍ക്കം പരിഹരിക്കണമെന്നുമായിരുന്നു ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചത്. തങ്ങളുടെ രാജ്യമായി അര്‍ത്ഥവത്തായതും ഫലപ്രാപ്തിയിലുള്ളതുമായ ഇടപെടലിനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത ഇന്ത്യക്കുണ്ടെന്ന് അഭിപ്രായപ്പെട്ട ഇമ്രാന്‍ ഖാന്‍ വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനിയുടെ മരണവും പരാമര്‍ശിച്ചു. യുദ്ധക്കെടുതി നേരിടുന്ന അഫ്ഗാനില്‍ അന്താരാഷ്ട്ര സമൂഹം നിലവിലെ സര്‍ക്കാരിനെ ശക്തിപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും വേണമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.