അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തശേഷം കാശ്മീരില്‍ പാക് തീവ്രവാദികള്‍ വര്‍ധിച്ചു: റിപ്പോര്‍ട്ട് 

 
Pak Terrorists in JK

ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ സംഘങ്ങളില്‍ നിന്നുള്ളവരാണ് എത്തുന്നത്

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തശേഷം, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികളുടെ എണ്ണം ജമ്മു കാശ്മീരില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ആദ്യമായാണ് പാക് തീവ്രവാദികളുടെ എണ്ണം മേഖലയില്‍ വര്‍ധിക്കുന്നതെന്നും നിക്കെയ് ഏഷ്യയെ ഉദ്ധരിച്ച് ലണ്ടന്‍ ആസ്ഥാനമായുള്ള ഇയു ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനിലെ താലിബാന്‍ വിഭാഗമായ ഹഖാനി ശൃംഖലയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്ന, പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ സംഘങ്ങളില്‍ നിന്നുള്ളവരാണ് ജമ്മു കാശ്മീരിലേക്ക് കടന്നെത്തുന്ന തീവ്രവാദികളില്‍ ഏറെയും. പാകിസ്ഥാനില്‍ നിന്നാണ് ഇവര്‍ ജമ്മു കാശ്മീരിലേക്ക് എത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.    

ജൂലൈയ്ക്കുശേഷം, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന ആദിവാസി മേഖലയില്‍ നിന്നുമായി 50ഓളം തീവ്രവാദികള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്. 2018ല്‍ ജമ്മു കാശ്മീരില്‍ സജീവമായിരുന്ന തീവ്രവാദികളുടെ എണ്ണം അതിന്റെ മൂര്‍ധന്യതയിലെത്തിയിരുന്നു. എന്നാല്‍, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തതോടെ, തീവ്രവാദികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാല്‍, അഫ്ഗാനില്‍ താലിബാന്‍ ഭരണം വന്നതോടെ, മേഖലയില്‍ തീവ്രവാദികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 

തീവ്രവാദികളുടെ എണ്ണം വര്‍ധിച്ചതോടെ മേഖലയില്‍ ആക്രമണ സാധ്യതയും വര്‍ധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ സംഘങ്ങള്‍ അഫ്ഗാനിലെ താലിബാനെ സഹായിച്ചേക്കില്ല. പക്ഷേ, മേഖലയിലെ അവരുടെ സാന്നിധ്യം നല്ലതല്ലെന്ന അഭിപ്രായമാണ് വിദഗ്ധര്‍ പങ്കുവെക്കുന്നത്. പ്രകോപനങ്ങള്‍ ഉണ്ടായാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജമ്മു കാശ്മീരില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഉറി സെക്ടറില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ടായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷന്‍. ലഷ്‌കര്‍ ഭീകരനായ 19 കാരന്‍ അലി ബാബര്‍ പത്ര ഉള്‍പ്പെടെ ഏഴോളം തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെ അനുമതിയോ സഹായമോ കൂടാതെ, വലിയ തോതിലുള്ള നുഴഞ്ഞുകയറ്റം സാധ്യമാകില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. യുഎന്നില്‍ ഉള്‍പ്പെടെ ഇന്ത്യ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
 

Source