സയ്യിദ് അലി ഷാ ഗീലാനിയുടെ മൃതദേഹത്തില്‍ പാക്കിസ്ഥാന്‍ പതാക; കേസെടുത്തു

 
Syed Ali Shah Geelani

 
കാശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മൃതദേഹത്തില്‍ പാക്കിസ്ഥാന്‍ പതാക പുതപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃതദേഹം പൊലീസ് ഏറ്റെടുത്ത് സംസ്‌കരിക്കുന്നതിനു മുമ്പായി പാകിസ്ഥാന്‍ പതാക പുതപ്പിച്ചിരുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് പൊലീസ് നടപടി. യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെയായിരുന്നു 92കാരനായ ഗീലാനിയുടെ അന്ത്യം. അദ്ദേഗഹത്തിന്റെ മരണത്തിനു പിന്നാലെ, സുരക്ഷാ നടപടികളുടെ ഭാഗമായി കാശ്മീരില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് സേവനങ്ങള്‍ പുനസ്ഥാപിച്ചത്. ഇതിനു പിന്നാലെയാണ് പാക് പതാക പുതപ്പിച്ച ഗീലാനിയുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ മൃതദേഹത്തിനും ചുറ്റുമുണ്ടായിരുന്നു. ഇവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇതേത്തുടര്‍ന്ന്, പൊലീസ് വീണ്ടും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞു. ആളുകള്‍ കൂട്ടംകൂടുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ജമ്മു കാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു. ഗീലാനിയുടെ വീട്ടില്‍വെച്ച് പൊലീസ് സൂപ്രണ്ടിനോട് ഉള്‍പ്പെടെ മോശം പെരുമാറ്റമുണ്ടായി. ദേശവിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ഇവയെല്ലാം സോഷ്യല്‍മീഡിയ വഴിയും ഫോണിലൂടെയും പ്രചരിപ്പിച്ച ആളുകളില്‍ പ്രേരണ നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നതായും ദില്‍ബാഗ് സിംഗ് പറഞ്ഞു. 

അതേസമയം, അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പോലീസ് അനുവദിച്ചില്ലെന്നാണ് ഗീലാനിയുടെ കുടുംബത്തിന്റെ ആരോപണം. രാവിലെ തന്നെ ശവസംസ്‌കാരം നടത്താന്‍ ആഗ്രഹിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ല. അവര്‍ വാതില്‍ തള്ളിത്തുറന്നു. സ്ത്രീകളോട് മോശമായി പെരുമാറി. മൃതദേഹം ബലമായി എടുത്തുകൊണ്ടുപോയി. തങ്ങള്‍ക്ക് അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.