പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയോ? വിശദാംശങ്ങള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം 

 
pegasus

പൗരന്മാരുടെ ഫോണ്‍ ചോര്‍ത്താന്‍ പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ വാങ്ങിയോ എന്നറിയിക്കാന്‍ സുപ്രീം കോടതി രൂപീകരിച്ച സാങ്കേതിക സമിതി സംസ്ഥാനങ്ങള്‍ക്ക് നര്‍ദ്ദേശം നല്‍കി. വിദഗ്ധ സമിതിക്ക് വേണ്ടി വിശദാംശങ്ങള്‍ ആരാഞ്ഞ് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ സംസ്ഥാന പോലീസ് മേധാവിമാര്‍ക്ക് കത്ത് നല്‍കിയതായാണ് റിപോര്‍ട്ട്. 

ഏപ്രില്‍ 18 ന് എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാര്‍ക്ക് അയച്ച കത്തില്‍, സംസ്ഥാനങ്ങള്‍ ചാരസോഫ്റ്റ്‌വെയര്‍ വാങ്ങിയിട്ടുണ്ടെങ്കില്‍, തീയതിയും ലൈസന്‍സുകളുടെ വിശദാംശങ്ങളും  വ്യക്തമാക്കാന്‍ സാങ്കേതിക സമിതി ആവശ്യപ്പെട്ടു. പെഗാസസ് സ്‌പൈവെയറിലേക്ക് പ്രവേശനമുള്ള ഏതെങ്കിലും സംസ്ഥാനമോ സംസ്ഥാന പോലീസോ സംസ്ഥാന ഇന്റലിജന്‍സോ ഏജന്‍സിയോ രാജ്യത്തെ പൗരന്‍മാരുടെ ഫോണ്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ടോ? എത്ര ലൈസന്‍സ് കരസ്ഥമാക്കി, ഏത് വിഭാഗത്തിലുള്ളതാണ്, അതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടോ, അങ്ങനെയെങ്കില്‍ ആരില്‍ നിന്നാണ്, സാങ്കേതിക സമിതിക്ക് വേണ്ടി ചോദ്യങ്ങള്‍ ഉദ്ധരിച്ച് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ ഡിജിപിമാരോട് ആരാഞ്ഞു.

മന്ത്രിമാര്‍, പൊതുപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, വ്യവസായികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകളില്‍ സര്‍ക്കാരുകള്‍ ഇസ്രയേലി സ്‌പൈവെയര്‍ പെഗാസസ് ഉപയോഗിച്ചുവെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സുപ്രീം കോടതി സ്വതന്ത്ര വിദഗ്ധ സാങ്കേതിക സമിതിയെ നിയമിച്ചത്. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന വിദഗ്ധ സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷ വിദഗ്ദ്ധന്‍ ഡോ. സുദീപ് ഒബ്രോയ് എന്നിവരാണ് അംഗങ്ങള്‍. ഈ സമിതിക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിന് ഡോ. നവീന്‍ കുമാര്‍ ചൗധരി, ഡോ.പി. പ്രഭാകരന്‍, ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവര്‍ അടങ്ങിയ മറ്റൊരു സമിതിക്കും സുപ്രീംകോടതി രൂപം നല്‍കിയിരുന്നു.

പെഗാസസ് അന്വേഷണത്തെക്കുറിച്ച് ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായ സമിതി സുപ്രീംകോടതിക്ക് ഇടക്കാല റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ കൈമാറിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സുപ്രീംകോടതി ഇതുവരേയും പരിഗണിച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകരായ എന്‍.റാം, സിദ്ധാര്‍ഥ് വരദരാജന്‍, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുള്‍പ്പെടെ പന്ത്രണ്ടിലധികംപേരുടെ മൊഴി ജസ്റ്റിസ് രവീന്ദ്രന്‍ സമിതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.