അഴിമതി മുതല്‍ സ്വേച്ഛാധിപത്യം വരെ: പാര്‍ലമെന്റില്‍ വിലക്കുന്ന വാക്കുകള്‍, സര്‍ക്കാരിനെ വിമര്‍ശിക്കേണ്ടതിന് ഉപയോഗിക്കേണ്ടവയെന്ന് പ്രതിപക്ഷം 

 
parliament


ലോക്സഭയിലും രാജ്യസഭയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത അണ്‍പാര്‍ലമെന്ററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടിക ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ജൂലൈ 18 ന് ആരംഭിക്കുന്ന മണ്‍സൂണ്‍ സെഷനു മുന്നോടിയായാണ് പട്ടിക പുറത്ത് വിട്ടത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള വാക്കുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ വര്‍ഷവും അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കുകയും സഭാംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്യാറുണ്ട്.

അണ്‍പാര്‍ലമെന്ററിയായി കണക്കാക്കുന്ന ഇംഗ്ലീഷ് പദങ്ങളില്‍ ചിലത് ഇവയൊക്കെയാണ്- bloodshed (രക്തച്ചൊരിച്ചില്‍), betrayed (ഒറ്റിക്കൊടുക്കുക), abused (അപമാനിക്കപ്പെട്ട), cheated (വഞ്ചിക്കുക), corrupt (അഴിമതിക്കാരി/ അഴിമതിക്കാരന്‍), coward (ഭീരു), ക്രിമിനല്‍, crocodile tears( മുതലക്കണ്ണീര്‍), donkey (കഴുത), disgrace (കളങ്കം), drama (നാടകം), mislead (തെറ്റിദ്ധരിപ്പിക്കുക), lie (നുണ), untrue (അസത്യം), covid spreader (കോവിഡ് പരത്തുന്നയാള്‍),  incompetent  (അയോഗ്യത).

അരാജകവാദി, ഗദ്ദാര്‍ (ചതിയന്‍), കാലാദിന്‍ (കറുത്തദിനം), ദാദാഗിരി (വിരട്ടല്‍), നികമ്മ (പ്രയോജനമില്ലാത്തത്),  ശകുനി, സ്വേച്ഛാധിപത്യം, ജയ്ചന്ദ്, വിനാഷ് പുരുഷ്, ഖാലിസ്ഥാനി, ഖൂന്‍ സേ ഖേതി എന്നീ പദങ്ങളും ചര്‍ച്ചകള്‍ക്കിടയിലോ മറ്റോ ഇരു സഭകളിലും ഉപയോഗിച്ചാല്‍ നീക്കം ചെയ്യപ്പെടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ നിയമസഭകളിലും കോമണ്‍വെല്‍ത്ത് പാര്‍ലമെന്റുകളിലും സ്പീക്കര്‍മാര്‍ കാലാകാലങ്ങളില്‍ അണ്‍പാര്‍ലമെന്ററിയായി പ്രഖ്യാപിക്കുന്ന ചില വാക്കുകളും പ്രയോഗങ്ങളും ഭാവിയിലെ വേഗത്തിലുള്ള നടപടി ക്രമങ്ങള്‍ക്കായി നേരത്തെ തന്നെ പട്ടികപ്പെടുത്താറുണ്ട്.

പട്ടിക നിലവിലുണ്ടുകുമെങ്കിലും വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതില്‍ അവസാന തീരുമാനം എടുക്കേണ്ടത് രാജ്യസഭാ ചെയര്‍മാനും ലോക്സഭാ സ്പീക്കറുമായിരിക്കും. 2020-ലെ ചില കോമണ്‍വെല്‍ത്ത് പാര്‍ലമെന്റുകളിലെ അനുവദനീയമല്ലാത്തവ കൂടാതെ, 2021-ല്‍ ഇന്ത്യയിലെ ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകള്‍ എന്നിവിടങ്ങളില്‍ അണ്‍പാര്‍ലമെന്ററിയായി പ്രഖ്യാപിച്ച വാക്കുകളുടെയും പ്രയോഗങ്ങളുടെയും പരാമര്‍ശങ്ങളും പട്ടികയിലുണ്ട്. രാജ്യസഭാ ചെയര്‍മാനോ ലോക്‌സഭാ സ്പീക്കറോ ആവും സഭയില്‍ സംസാരിക്കുന്ന വാക്കുകള്‍ പരിശോധിക്കുന്നത്, അണ്‍പാര്‍ലമെന്ററി വാക്കുകള്‍ അപ്പോള്‍ തന്നെ നീക്കം ചെയ്യും. 

എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നിന് ഉപയോഗിക്കേണ്ട വാക്കുകളാണ് അണ്‍പാര്‍ലമെന്ററി ലിസറ്റിലുള്ളതെന്ന വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. ''നിങ്ങളുടെ വിമര്‍ശനത്തില്‍ നിങ്ങള്‍ക്ക് സര്‍ഗ്ഗാത്മകത കാണിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ലമെന്റിന്റെ അര്‍ത്ഥമെന്താണ്? 'ജുംലജീവി''(വാഗ്ദാനങ്ങൾ നടത്തുന്നയാൾ) യെ ജുംലജീവി എന്ന് പഞ്ഞില്ലെങ്കില്‍ പിന്നെ എന്തുപറയും ? വാക്കുകള്‍ നിരോധിക്കുന്നത് അനാവശ്യമാണ്! കോണ്‍ഗ്രസ് എംപി അഭിഷേക് മനു സിംഗ്വി ട്വീറ്റ് ചെയ്തു, 

”അഴിമതിയിൽ ഏർപ്പെടുമ്പോൾ, അതിനെ അഴിമതിയെന്ന് ആരും വിളിക്കാൻ ആഗ്രഹിക്കുന്നില്ല, പകരം അതിനെ മാസ്റ്റർസ്ട്രോക്ക് എന്ന് മുദ്രകുത്തുകയാണ് സർക്കാരിന്റെ ഉദ്ദേശ്യം. 2 കോടി തൊഴിലവസരങ്ങൾ, കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ തുടങ്ങിയ പൊള്ളയായ വാഗ്ദാനങ്ങൾ അവർ നൽകുന്നു, അതിന് ഞങ്ങൾ നന്ദി പറയണമെന്ന് ആഗ്രഹിക്കുന്നു,” കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

മോദി സര്‍ക്കാരിന്റെ യാഥാര്‍ത്ഥ്യത്തെ വിവരിക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന എല്ലാ വാക്കുകളും ഇപ്പോള്‍ 'അണ്‍പാര്‍ലമെന്ററി' ആയി കണക്കാക്കണമെന്ന് നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.  ലോക്സഭയുടെയും രാജ്യസഭയുടെയും പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയില്‍ 'സംഘി' എന്ന വാക്ക് ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ചോദിച്ചു. 'ബിജെപി എങ്ങനെയാണ് ഇന്ത്യയെ നശിപ്പിക്കുകയും അവയെ നിരോധിക്കുകയും ചെയ്യുന്നതെന്ന് വിവരിക്കാന്‍' പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളാണ് നിരോധന പട്ടികയിലുള്ളതെന്നായിരുന്നു മെഹുവയുടെ ട്വീറ്റ്.  വിലക്കിയ വാക്കുകള്‍ പാര്‍ലമെന്‍റില്‍ പറയുമെന്ന് തൃണമൂല്‍ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയൻ വ്യക്തമാക്കി. "ഞാന്‍ ആ വാക്കുകള്‍ ഉപയോഗിക്കും. എന്നെ സസ്പെന്‍ഡ് ചെയ്യൂ. ജനാധിപത്യത്തിനായുള്ള പോരാട്ടമാണിത്" -അദ്ദേഹം ട്വീറ്റ് ചെയ്തു.

അണ്‍പാര്‍ലമെന്ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയ വാക്കുകള്‍ - രക്തച്ചൊരിച്ചില്‍, രക്തദാഹി, ഒറ്റിക്കൊടുത്തു,നാണം കെടുത്തി,ദുരുപയോഗം ചെയ്യപ്പെട്ടു,വഞ്ചിക്കപ്പെട്ടു, ബാലിശത,അഴിമതി,ഭീരു,കുറ്റവാളി,മുതലക്കണ്ണീര്‍,അപമാനം,കഴുത,നാടകം,കണ്ണ് കഴുകല്‍,ഗുണ്ടായിസം,കാപട്യം,കഴിവില്ലാത്തത്,തെറ്റിദ്ധരിപ്പിക്കല്‍,നുണ,അസത്യം,അരാജകവാദി,ചതിയന്‍,ഗുണ്ടകള്‍,അപമാനം,അഹങ്കാരി,കരി ദിനം,ലൈംഗിക പീഡനം,ലോലിപ്പോപ്പ് ( അഗ്‌നീപദ് പദ്ധതിക്കെതിരെ ഉപയോഗിച്ച പദം),ഖാലിസ്ഥാനി,രണ്ട് സ്വഭാവം,സ്വേച്ഛാധിപതി,മന്ദബുദ്ധി,കുരങ്ങന്‍,കോവിഡ് വാഹകന്‍,കഴിവില്ലാത്തവന്‍, കുറ്റവാളി,ഗുണ്ടായിസം,നാടകം,കാപട്യം,ഗുണ്ട,നാട്യം,ശകുനി