പെഗാസസ്: മറുപടി നല്‍കാന്‍ സമയം വേണമെന്ന് കേന്ദ്രം; ഹര്‍ജികളില്‍ തീരുമാനം 13ന്

 
Supreme Court

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ തീരുമാനം സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. കേസില്‍ സുപ്രീംകോടതി അയച്ച നോട്ടീസിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. ചീഫ് ജസ്റ്റിസ് എം.വി രമണ, ജസ്റ്റിസുമാരായ സുര്യകാന്ത്, ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 

കേസില്‍ കോടതി അയച്ച നോട്ടീസിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍  ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ വ്യാഴാഴ്ചത്തേക്കോ അടുത്ത തിങ്കളാഴ്ചത്തേക്കോ കേസ് മാറ്റിവെക്കണമെന്നും തുഷാര്‍ മേത്ത അഭ്യര്‍ഥിച്ചു. മാധ്യമപ്രവര്‍ത്തകരായ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അഭ്യര്‍ഥനയെ എതിര്‍ത്തില്ല. തുടര്‍ന്നാണ് കോടതി കേസ് ഈമാസം 13ലേക്ക് മാറ്റിയത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പുതിയ സത്യവാങ്മൂലം കൂടി പരിശോധിച്ചായിരിക്കും കോടതിയുടെ തീരുമാനം. 

മന്ത്രിമാര്‍, മാധ്യമപ്രവര്‍ത്തകര്‍, ജഡ്ജി, ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തുകയോ, ചോര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്ത സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെവെച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജികള്‍. സംഭവത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. എന്നാല്‍, ഇസ്രായേല്‍ സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്നതുള്‍പ്പെടെ കാര്യങ്ങളില്‍ കേന്ദ്രം കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. സൈന്യം ഉള്‍പ്പെടെ രഹസ്യമായി ഉപയോഗിക്കുന്ന പല സോഫ്റ്റ്‌വെയറുകളെക്കുറിച്ചും ഭാവിയില്‍ വെളിപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, ദേശീയ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു.